കോഴിക്കോട്: കണ്ണൂർ മാഹിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി മണ്ഡലം പ്രസിഡന്റുമായ ലിജേഷിന് വിവരങ്ങൾ ചോർത്തി നൽകിയ കണ്ണവം പൊലീസ് സ്റ്റേഷനിലെ സുരേഷ് നരിക്കോടെന്ന പൊലീസുകാരനെതിരേ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ്. ലിജേഷിന്റെ ഫോൺ പരിശോധിച്ച അന്വേഷണസംഘം കൊലപാതകത്തിന് തൊട്ട് മുൻപ് സുരേഷിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു. ഈ പൊലീസുകാരന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിൽ ഈ പൊലീസുകാരന്റെ ഇടപെടൽ പുറത്തുകൊണ്ടുവരണം. ആലപ്പുഴയിൽ ഷാൻ വധക്കേസിലെ പ്രതികൾക്ക് തൃശൂരിലെ ഒളിത്താവളങ്ങളിൽ വരെ വിവരങ്ങൾ നൽകിയ പൊലീസുകാരെക്കുറിച്ച് മുമ്പ് വാർത്ത വന്നെങ്കിലും കൃത്യമായ അന്വേഷണം നടന്നില്ല. സുരേഷിനെ സർവീസിൽ നിന്നു മാറ്റിനിർത്തി സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നും പി ആർ സിയാദ് ആവശ്യപ്പെട്ടു.