കൊച്ചി: കാലാവസ്ഥാ വ്യതിയാനം മൂലം ഉല്പാദനം കുറഞ്ഞ് രാജ്യാന്തരവിപണിയിൽ റബർവില കുതിക്കുമ്പോഴും ആഭ്യന്തരവിപണി അട്ടിമറിക്കുന്ന വ്യവസായികളുടെയും വൻകിട വ്യാപാരികളുടെയും നീക്കങ്ങൾക്ക് റബർ ബോർഡ് ഒത്താശചെയ്യുന്നത് കർഷകദ്രോഹമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവിപണിവില കിലോഗ്രാമിന് 162 രൂപയായിരിക്കുമ്പോൾ തത്തുല്യ ഗ്രേഡിന് രാജ്യാന്തരവില 168 രൂപയാണിപ്പോൾ. കർഷകർക്ക് വ്യാപാരികൾ നൽകുന്ന വില കിലോഗ്രാമിന് 157 രൂപയും. വ്യവസായികൾ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്ലോക്ക് റബറിന്റെ വിലയും ഉയർന്നിട്ടുണ്ട്. ഇറക്കുമതി ലാഭകരമല്ലന്നിരിക്കെ വ്യവസായികൾ ബോധപൂർവ്വം ആഭ്യന്തര വിപണി അട്ടിമറിക്കുന്നതിന് റബർ ബോർഡും കൂട്ടുനിൽക്കുന്നത് ശരിയല്ല.

കോവിഡ് നിയന്ത്രണങ്ങൾക്ക് അയവുവരുകയും റബറധിഷ്ഠിത ഉല്പന്നങ്ങളുടെ ഉല്പാദനം കൂടുകയും ചെയ്തിരിക്കുമ്പോൾ പ്രകൃതിദത്തറബറിന്റെ വില ഉയരേണ്ടതാണ്. കാലാവസ്ഥാവ്യതിയാനം മൂലം ആഭ്യന്തര റബറില്പാദനം നിലച്ചിരിക്കുന്നതുകൊണ്ട് വിപണിയിൽ ലഭ്യത കുറഞ്ഞിട്ടും വിലയിടിക്കുന്ന നീക്കം ആസൂത്രിതമാണ്. നിലവിലുള്ള റബർ ആക്ടിൽ ബോധപൂർവ്വമായ വിപണി അട്ടിമറിയിൽ ഇടപെടൽ നടത്താമെന്നിരിക്കെ റബർ ബോർഡ് നടത്തുന്ന ഒളിച്ചോട്ടം കർഷകരോടുള്ള വഞ്ചനാസമീപനമാണെന്നും കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം നേരിട്ടിടപെടണമെന്നും ജനപ്രതിനിധികൾ കർഷക അനുകൂല നിലപാട് സ്വീകരിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.