ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള നീക്കം പരാജയപ്പെടുത്തി ഖത്തർ കസ്റ്റംസ് അധികൃതർ. വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്റെ ബാഗേജിൽ 4.70 കിലോഗ്രാം മയക്കുമരുന്നാണുണ്ടായിരുന്നത്. പിടിച്ചെടുത്ത സാധനങ്ങളും വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും അധികൃതർ പുറത്തുവിട്ടു.

മയക്കുമരുന്നുമായി എത്തിയ യാത്രക്കാനെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ കൊണ്ട് വരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്. ഇത്തരം സാധനങ്ങളുമായി എത്തുന്നവരെ കണ്ടെത്താൻ അത്യാധുനിക ഉപകരണങ്ങൾ ലക്ഷ്യമാക്കുകയും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.

കള്ളക്കടത്തുകാരെ അവരുടെ ശരീര ഭാഷയിൽ നിന്നുതന്നെ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള പരിശീലനമാണ് ഉദ്യോഗസ്ഥർക്ക് നൽകുന്നത്. കള്ളക്കടത്തുകാർ അവലംബിക്കുന്ന ഏറ്റവും പുതിയ രീതികൾ വരെ മനസിലാക്കാനും തങ്ങൾക്ക് സാധിക്കുമെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.