തൃശൂർ: പ്ലാറ്റ്‌ഫോമിൽനിന്നു ഭക്ഷണം വാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. ചങ്ങനാശേരി കൊല്ലാരം മത്തായി സെബാസ്റ്റ്യന്റെ മകൻ മിലൻ (21) ആണ് മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ 11.30നു ശബരി എക്സ്‌പ്രസിൽ കയറാൻ ശ്രമിക്കവേ ആയിരുന്നു അപകടം.

പാലക്കാട് ലീഡ്‌സ് അക്കാദമി വിദ്യാർത്ഥിയായ മിലൻ നാട്ടിലേക്കു മടങ്ങുകയായിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഭക്ഷണവും വെള്ളവും വാങ്ങാനിറങ്ങി. തിരികെ കയറാനെത്തുമ്പോഴേക്കും ട്രെയിൻ നീങ്ങിക്കഴിഞ്ഞിരുന്നു. ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങുകയായിരുന്നുവെന്നു റെയിൽവേ പൊലീസ് പറഞ്ഞു.

കണ്ടുനിന്നവർ പ്ലാറ്റ്‌ഫോമിലേക്കു പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തി പുറത്തെടുത്തു ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. അപകടത്തിൽ കാലുകൾ തകർന്നിരുന്നു. മിലന്റെ മാതാപിതാക്കൾ വിദേശത്താണ്.