ന്യൂഡൽഹി: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങൾക്കായി കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ധനവിനിയോഗ വകുപ്പ് 1348.10 കോടി രൂപയാണ് ധനസഹായം അനുവദിച്ചത്. കേരളത്തിന് 168 കോടി രൂപയാണ് ഇതുവഴി ലഭിച്ചിട്ടുള്ളത്. കന്റോൺമെന്റ് ബോർഡുകൾ അടക്കം 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കാണ് ധനസഹായം അനുവദിച്ചത്.

ജനസംഖ്യ 10 ലക്ഷത്തിൽ താഴെയുള്ള നഗരങ്ങൾക്ക് 15-ാം ധനകാര്യ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സഹായം. മൊത്തം ധനസഹായത്തിൽ 40 ശതമാനം അടിസ്ഥാന (അൺടൈഡ് - നിരുപാധിക) ഗ്രാന്റാണ്. അവശേഷിക്കുന്ന 60 ശതമാനം ടൈഡ് (സോപാധിക) ഗ്രാന്റുമാണ്. ശമ്പളം നൽകുന്നതിനും സ്ഥാപനത്തിന്റെ മറ്റ് ചെലവുകൾക്കും ഒഴികെ നിർദ്ദിഷ്ട പ്രാദേശിക ആവശ്യങ്ങൾക്കായി അടിസ്ഥാന ഗ്രാന്റുകൾ (അൺടൈഡ്) വിനിയോഗിക്കും.

ജനസംഖ്യ 10 ലക്ഷത്തിൽ താഴെയുള്ള നഗരങ്ങളിൽ അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് ടൈഡ് ഗ്രാന്റുകൾ അനുവദിക്കുന്നത്. ഈ സാമ്പത്തിക വർഷം, വിവിധ സംസ്ഥാനങ്ങളിലെ 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കായി കേന്ദ്ര സർക്കാർ ഇതുവരെ മൊത്തം 10699.33 കോടി രൂപ അനുവദിച്ചു.