കണ്ണൂർ: കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ യാത്രക്കാരെ പെരുവഴിയിലാക്കിയ സ്വകാര്യബസ് മിന്നൽ പണിമുടക്ക് പിൻവലിച്ചു. തളിപ്പറമ്പ്,പയ്യന്നൂർ,കണ്ണൂർ റൂട്ടിലോടുന്ന ബസുകളുടെ പണിമുടക്കാണ് തളിപ്പറമ്പ് ആർഡിഒ ഇ.പി മേഴ്‌സിയുടെ നേതൃത്വത്തിൽ തൊഴിലാളികളുമായി നടത്തിയ അനുരഞ്ജന ചർച്ചയിൽ ഒത്തുതീർപ്പായത്.

രണ്ടാമത്തെ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആർഡിഒ വിളിച്ച രണ്ടാമത്തെ ചർച്ചയിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്. ദേശീയപാതയിലെ ഏഴിലോട് സ്വകാര്യബസുകൾ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്നാരോപിച്ചു ഒരു സംഘമാളുകൾ ബസ് ഡ്രൈവർമാരെ മർദ്ദിക്കുകയായിരുന്നു.

പരുക്കേറ്റ ബസ് ജീവനക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതേ തുടർന്നാണ് ഈ റൂട്ടിൽ സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത്. രണ്ടുദിവസമായി നടന്ന പണിമുടക്കിനെ തുടർന്ന് ഈ റൂട്ടിൽ യാത്രചെയ്തിരുന്ന വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ പെരുവഴിയിലായിരുന്നു. ഇതേ തുടർന്നാണ് അടിയന്തj ചർച്ചയ്ക്കായി അധികൃതർ മുൻകൈയെടുത്തത്. സംഭവത്തിൽ രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.