ചവറ: യുവതിയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. നീണ്ടകര നീലേശ്വരം തോപ്പ് ശരണ്യ ഭവനിൽ ശരണ്യ (35) ആണ് മരിച്ചത്. ശരണ്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് എഴുകോൺ ചീരങ്കാവ് ബിജു ഭവനിൽ ബിനു (40) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം. ശരണ്യ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ബക്കറ്റിൽ പെട്രോളുമായി എത്തി ബിജു ഇത് ശരണ്യയുടെ ശരീരത്തിലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

തീ പിടിച്ചു കത്തിയ ശരണ്യയെ വീട്ടുകാരും അയൽക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ ഇഴരുടെ നില അതീവ ഗുരുതരമായിരുന്നു. നീണ്ടകര ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ഏഴിനു മരിച്ചു. ശരണ്യയ്ക്ക് തീ കൊളുത്തിയതിന് പിന്നാലെ സ്ഥലത്തു നിന്നും കടന്നു കളഞ്ഞ ബിജു ചവറ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന ബിജുവിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇയാളുടെ കൈയ്ക്കു പൊള്ളലേറ്റിട്ടുണ്ട്. വിദേശത്തായിരുന്ന ബിജു ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്. ശരണ്യയ്ക്കു മറ്റാരോടോ അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്ന ബിജു ശരണ്യയെയും കൂട്ടി ചീരങ്കാവിലെ വീട്ടിൽ പോയെങ്കിലും അവിടെ നിന്നു ശരണ്യയെ കാണാതാവുകയായിരുന്നു. ഇതു സംബന്ധിച്ചു ചവറ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ ബിജുവിനെ എഴുകോൺ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ച് മടക്കി അയച്ചിരുന്നു.

എഴുകോൺ പൊലീസാണ് ശരണ്യയെ കണ്ടെത്തിയത്. തുടർന്ന് നീണ്ടകരയിലെ വീട്ടിലേക്കു വന്ന ശരണ്യയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇന്നലെ പെട്രോൾ വാങ്ങി ബിജു വീട്ടിലെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ എ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ പൊലീസ് ഫൊറൻസിക് വിഭാഗം വീട്ടിലെത്തി തെളിവെടുത്തു. മക്കൾ: നിമിഷ, നിഖിത.