- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുദ്ധം പുട്ടിനും ബോറീസും തമ്മിൽ; പുട്ടിന്റെ മകളുടെ ആദ്യ ഭർത്താവടക്കം നൂറിലേറെ ശത കോടീശ്വരന്മാരെ നോട്ടമിട്ട് ബ്രിട്ടൻ; ബ്രിട്ടീഷ് വിമാനങ്ങൾക്ക് ഭീഷണി; യുദ്ധമവസാനിച്ചാലും ബ്രിട്ടനും റഷ്യയും സ്വരച്ചേർച്ച കുറയും; നഷ്ടം ബ്രിട്ടീഷ് ജനതയ്ക്ക്
ലണ്ടൻ: യുദ്ധം റഷ്യയും യുക്രൈനും തമ്മിലാണെങ്കിലും പോര് മൂക്കുന്നത് ബ്രിട്ടനും റഷ്യയും തമ്മിലാണ്. ഏറെ നാളുകളായി ഈ രണ്ടു വൻശക്തി രാഷ്ട്രങ്ങളും തമ്മിൽ അത്ര നല്ല സ്വര ചേർച്ചയിൽ അല്ലെന്നു വ്യക്തമാണ്. ഇടയ്ക്കിടെ റഷ്യൻ ചാരവിമാനങ്ങൾ ബ്രിട്ടീഷ് അതിർത്തി ലംഘിക്കുന്നത് ബ്രിട്ടീഷ് ചാരസംഘടന കണ്ടെത്തി തുരത്തിയത് പോലും ഈ കൊമ്പുകോർക്കലിന്റെ പിന്നാമ്പുറം വെളിപ്പെടുത്തുന്ന കാര്യമാണ്.
സാഹചര്യം തനിക്കനുകൂലമാക്കാൻ മിടുക്കനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉക്രൈൻ പ്രതിസന്ധിയെ അല്പം വൈകാരികമായി സമീപിച്ചതോടെ അതേ നാണയത്തിൽ തന്നെ മറുപടി നൽകാനൊരുങ്ങുകയാണ് റഷ്യയും. ഇതിന്റെ ഭാഗമായി ഉപരോധ പ്രഖ്യാപങ്ങൾ നടത്തിയ ബ്രിട്ടന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാനുള്ള അനുമതി നിക്ഷേധിച്ചാണ് റഷ്യ മറുപടി നൽകിയത്. മറ്റു രാജ്യങ്ങൾ ഉപയോഗിച്ച വാക്കുകളേക്കാൾ കടുപ്പത്തിൽ ബ്രിട്ടന്റെ അധിക്ഷേപം തങ്ങൾക്കു നേരെ വന്നതും റഷ്യയെ ചൊടിപ്പിച്ചിരിക്കുകയാണ്.
ബ്രിട്ടനും റഷ്യയും ഉരസിക്കൊണ്ടേയിരിക്കും
ഈ സാഹചര്യത്തിൽ യുദ്ധം അവസാനിച്ചാലും ബ്രിട്ടനും റഷ്യയും തമ്മിലുള്ള പോര് അവസാനിക്കില്ലെന്നുറപ്പ്. ഗ്യാസും മറ്റും ഇറക്കുമതിയിൽ ധാരാളമായി റഷ്യയെ ആശ്രയിക്കുന്ന ബ്രിട്ടന് യുദ്ധ ശേഷമുള്ള നാളുകളിൽ ആവശ്യത്തിന് അവ റഷ്യയിൽ നിന്നും ലഭിച്ചില്ലെങ്കിൽ സാധാരണക്കാരായ ബ്രിട്ടീഷുകാർ വിലഭാരത്തിൽ കഷ്ടപ്പെടുമുന്നുറപ്പാണ്.
കച്ചവട ഉപരോധത്തിൽ ഒതുക്കാതെ പുട്ടിന്റെ മകളുടെ മുൻ ഭർത്താവായ ശതകോടീശ്വരൻ കിറിൽ ഷാമലോവ് ഉൾപ്പെടെ നൂറിലേറെ പേരുടെ സാമ്പത്തിക ക്രയ വിക്രയത്തിനും അഞ്ചു റഷ്യൻ ബാങ്കുകളുടെ പ്രവർത്തനത്തിനും ഉപരോധം ഏർപ്പെടുത്തിയ ബ്രിട്ടന്റെ നടപടി റഷ്യയെ അങ്ങേയറ്റം പ്രകോപിപ്പിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. മറ്റു രാജ്യങ്ങൾ ഇത്തരം കടുത്ത നടപടിയിലേക്കു നീങ്ങും മുൻപേ ബ്രിട്ടൻ ചാടിയിറങ്ങിയത് എന്തിനെന്ന ചോദ്യം തീർച്ചയായും റഷ്യയുടെ ഭാഗത്തു നിന്നും ഉയരും. പക്ഷെ ബ്രിട്ടനും അമേരിക്കയും ഒന്നിച്ചു റഷ്യൻ ബാങ്കുകളെ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയത് നിസാരമായി റഷ്യക്ക് കാണാനുമാകില്ല. ഒരുപക്ഷെ ബാങ്കുകളുടെ തകർച്ചയിലേക്ക് തന്നെ വഴിയൊരുക്കിയേക്കാം എന്ന ആശങ്കയും റഷ്യൻ ഭാഗത്തുണ്ട്.
കോടീശ്വരന്മാർക്ക് നേരെ സർജിക്കൽ സ്‌ട്രൈക്ക്
കോടീശ്വരന്മാർക്കു എതിരെയുള്ള ഉപരോധം വഴി അവർക്കു യുകെയിൽ കാലുകുത്തുന്നതിനും തടസമാകും. ഇവർ പതിവായി ഹാറോഡ് പോലെയുള്ള പ്രസ്റ്റീജ് കടകളിൽ ഷോപ്പിങ് നടത്തുന്നവർ ആണെന്നും മക്കൾ യുകെയിലെ ടോപ് സ്‌കൂളുകളിൽ പഠിക്കുന്നവർ ആണെന്നും ബ്രിട്ടീഷ് സർക്കാർ വക്താവ് പ്രതികരിച്ചു. ഇത്തരം വ്യക്തിപരമായ ആവശ്യങ്ങൾക്ക് തടസം ഉണ്ടാകുന്നത് നല്ലൊരു താക്കീതായി മാറുമെന്നാണ് പ്രതീക്ഷയെന്നും ബ്രിട്ടൻ കരുതുന്നു. എന്നാൽ ഇതിനൊക്കെ തിരിച്ചടി നല്കാൻ തങ്ങളെക്കൊണ്ടാവുന്നത് ചെയ്യുമെന്ന് റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യൻ വിമാന കമ്പനിയായ എയ്റോ ഫ്‌ളോട്ടിനു വിലക്കേർപ്പെടുത്തിയ ബ്രിട്ടന്റെ നടപടിക്ക് തിരിച്ചടിയായി ബ്രിട്ടീഷ് വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയർവേയ്സ് വിമാനങ്ങൾക്കു റഷ്യൻ ആകാശം ഉപയോഗിക്കാനുള്ള അവകാശം റഷ്യയും നിക്ഷേധിച്ചിരിക്കുകയാണ്. ഇതോടെ അടിക്കടി തിരിച്ചടി എന്നമട്ടിൽ മുന്നേറുകയാണ് റഷ്യൻ - ബ്രിട്ടീഷ് തർക്കം. സമാധാന ഫോർമുല ചർച്ച ചെയ്യാമെന്ന് പുടിൻ സൂചന നൽകുമ്പോഴും റഷ്യയും ബ്രിട്ടനും തമ്മിലുള്ള സമാധാനം അത്ര വേഗത്തിൽ മടങ്ങിയെത്തില്ല എന്നുറപ്പാണ്. പുടിനെ വ്യക്തിപരമായി ആക്ഷേപിച്ചു എരിതീയിൽ എണ്ണ കോരിയൊഴിക്കാൻ ബോറിസ് നടത്തിയ ശ്രമമാണ് പുടിനെ കൂടുതൽ പ്രകോപിപ്പിക്കുക എന്നത് വ്യക്തം. ഇരു നേതാക്കളുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് ഇരു രാജ്യത്തെത്തും സാധാരണക്കാർ വലിയ വില നൽകേണ്ടി വരുമെന്നുറപ്പാണ്.
ബ്രിട്ടൻ നടപ്പാക്കുന്ന ഉപരോധങ്ങൾക്കു തത്തുല്യമായ നടപടികൾ അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടാവാമെന്നു സൂചനയുണ്ട്. റഷ്യയെ ആയുധം കൊണ്ട് ആക്രമിക്കാതെ സാമ്പത്തികമായി ആക്രമിക്കുക എന്ന നയത്തിനാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ശ്രമം. എന്നാൽ ഇതിനെ പുത്തൻ ചങ്ങാതിയായ ചൈനയുടെ പിൻബലത്തിൽ തകർത്തു കയറാം എന്നതാണ് റഷ്യയുടെ നയം.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.