കാലിഫോർണിയ: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ ഫേസ്‌ബുക്കിന് നിയന്ത്രണമേർപ്പെടുത്തിയുള്ള റഷ്യക്ക് കനത്ത തിരിച്ചടി നൽകി അമേരിക്കൻ സമൂഹ മാധ്യമ ഭീമന്മാർ.ഫേസ്‌ബുക്കിന് റഷ്യയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള റഷ്യൻ നീക്കത്തിന് പിന്നാലെ റഷ്യൻ സ്റ്റേറ്റ് മാധ്യമത്തിന്റെ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് ഫേസ്‌ബുക്ക് തിരിച്ചടിച്ചത്. ഫേസ്‌ബുക്ക് വഴി റഷ്യൻ സ്റ്റേറ്റ് മാധ്യമങ്ങൾക്ക് വരുമാനം നേടാനുള്ള അവസരങ്ങളെയാണ് ഫേസ്‌ബുക്ക് വെള്ളിയാഴ്ച തടഞ്ഞത്.

ഫേസ്‌ബുക്ക് റഷ്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കുന്നതായും റഷ്യൻ ഉള്ളടക്കങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതായും ആരോപിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്താനാണ് റഷ്യയുടെ തീരുമാനം. എന്നാൽ നിയന്ത്രണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കിയിരുന്നില്ല. അതിനിടെയാണ് ആർ.ഐ.എ നൊവോസ്ടി അടക്കമുള്ള നാല് റഷ്യൻ ന്യൂസ് ഓർഗനൈസേഷനുകൾക്ക് അടക്കം വിലക്ക് ഏർപ്പെടുത്തി ഫേസ്‌ബുക്ക് തിരിച്ചടിച്ചത്.

നേരത്തെ ഫേസ്‌ബുക്കിന്റെ ഉപയോഗം രാജ്യത്ത് നിയന്ത്രിച്ചുകൊണ്ട് റഷ്യയും പ്രസ്താവനയിറക്കിയിരുന്നു. ഫാക്ട് ചെക്കർമാരെയും കണ്ടന്റ് വാണിങ് ലാബലുകളും ഫേസ്‌ബുക്കിൽ നിന്ന് ഒഴിവാക്കണം എന്ന റഷ്യൻ അധികൃതരുടെ ആവശ്യം ഫേസ്‌ബുക്ക് നിരാകരിച്ചതോടെയായിരുന്നു റഷ്യ പ്ലാറ്റ്ഫോമിന് രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തിയത്. അതിന് മറുപടിയെന്നോണമാണ് ഇപ്പോൾ ഫേസ്‌ബുക്കിന്റെ നടപടിയും വന്നിരിക്കുന്നത്.

റഷ്യക്ക് അനുകൂലമായ പ്രൊഫൈലുകൾക്കും സർക്കാറുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ അക്കൗണ്ടുകൾക്കും ഫേസ്‌ബുക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നു എന്നാണ് ആരോപണം. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് മാതൃ കമ്പനിയായ മെറ്റയ്ക്ക് റഷ്യ കത്തയച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ ആവശ്യം മെറ്റ നിരസിച്ചതായി റഷ്യ അറിയിച്ചു. ഫേസ്‌ബുക്ക് റഷ്യൻ ഉള്ളടക്കങ്ങൾക്ക് 2020 മുതൽ തന്നെ നിയന്ത്രണമേർപ്പെടുത്തുന്നുണ്ടെന്ന് റഷ്യ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ മാധ്യമങ്ങൾ പങ്കുവെക്കുന്ന വാർത്താ ഉള്ളടക്കങ്ങളുടെ വസ്തുത പരിശോധിക്കുന്നതും ലേബൽ ചെയ്യുന്നതും നിർത്തിവെക്കാൻ തങ്ങളോട് ആവശ്യപ്പെട്ടെന്നും അതാണ് നിരസിച്ചതെന്നും മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് വൈസ് പ്രസിഡന്റ് സർ നിക്ക് ക്ലെഗ് പറഞ്ഞു. റഷ്യയിലെ സാധാരണക്കാർ അവരുടെ നിലപാടുകൾ പ്രകടിപ്പിക്കാനും സംഘടിക്കാനും തങ്ങളുടെ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നും അവർ അത് തുടരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും നിക്ക് ക്ലെഗ് വ്യക്തമാക്കി.

രണ്ട് ദിവസമായി യുക്രൈനിനുമേൽ തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യ സാമൂഹിക മാധ്യമമായ ഫേസ്‌ബുക്കിന് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ വിശദീകരണം തേടിയ വാർത്ത് ഏജൻസി എഎഫ്‌പിയോട് ഫേസ്‌ബുക്ക് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അതേസമയം ഉക്രൈൻ തലസ്ഥാനമായ കീവിലടക്കം റഷ്യയുടെ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ താൻ നാടുവിട്ട് പോയിട്ടില്ലെന്നും റഷ്യക്കെതിരെ ഉക്രൈൻ പോരാടുമെന്നും വിശദീകരിച്ചുകൊണ്ട് ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരുമെന്നും ട്വിറ്ററിൽ പങ്കുവച്ച പുതിയ വിഡിയോയിൽ സെലെൻസ്‌കി പറഞ്ഞിട്ടുണ്ട്.