കീവ്: റഷ്യ-യുക്രൈയിൻ യുദ്ധത്തിൽ ഇരകളാകുന്ന സാധാരണക്കാരുടെ നിരവധി വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോഡിലൂടെ പാഞ്ഞെത്തിയ കൂറ്റൻ റഷ്യൻ ടാങ്ക് ഓടിക്കൊണ്ടിരിക്കുന്ന യുക്രൈൻ പൗരന്റെ കാറിനു മുകളൂടെ കയറിയിറങ്ങുന്ന വീഡിയോയാണ് ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. അത്ഭുതകരമായാണ് ഡ്രൈവർ രക്ഷപ്പെട്ടത്.

റോഡിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് എതിർവശത്തുനിന്ന് വരുന്ന കൂറ്റൻ യുദ്ധ ടാങ്ക് കയറിയിറങ്ങുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. റഷ്യൻ- യുക്രൈൻ സൈനികർ ഉപയോഗിക്കാറുള്ള സ്റ്റെറെല - 10 എന്ന യുദ്ധ ടാങ്കാണ് കാറിന് മുകളിൽ കയറിയിറങ്ങുന്നതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ദൃശ്യത്തിൽ കാണുന്നത് റഷ്യയുടെ ടാങ്ക് ആണെന്നും കാറിലുണ്ടായിരുന്നത് യുക്രൈൻ പൗരനാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിരവധി പേരാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. തൊട്ടടുത്തുള്ള കെട്ടടത്തിൽനിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. യുക്രൈയിനിലെ ഒബോലൻ ജില്ലയിലാണ് സംഭവം. കാർ ഓടിച്ചിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് മിറർ യുകെ റിപ്പോർട്ട് ചെയ്യുന്നു. കാർ വെട്ടിപ്പൊളിച്ച് ഇദ്ദേഹത്തെ പുറത്തെടുക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റഷ്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന 13 സൈനികരെ അതിക്രൂരമായി റഷ്യൻ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ശബ്ദ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളൂടെ കൂറ്റൻ യുദ്ധ ടാങ്ക് കയറിയിറങ്ങുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.