ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. 403 നിയമസഭാ സീറ്റിൽ 300 ലധികം സീറ്റുകളിൽ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സംസ്ഥാനത്ത് സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും തകർന്നടിയുമെന്നും ഷാ പ്രതികരിച്ചു.

'കഴിഞ്ഞ നാല് വോട്ടെടുപ്പ് ഘട്ടങ്ങളിലും ഞാൻ ഉത്തർപ്രദേശിന്റെ നാനാ ഭാഗങ്ങളും സന്ദർശിച്ചിരുന്നു. എസ്‌പിയും ബിഎസ്‌പിയും പരാജയപ്പെടും. മൂന്നൂറിലധികം സീറ്റുകൾ നേടി ബിജെപി വീണ്ടും ഉത്തർപ്രദേശിൽ അധികാരത്തിലെത്തും.' അമിത് ഷാ പറഞ്ഞു. എസ്‌പിയും ബിഎസ്‌പിയും ജാതീയതയും രാജവാഴ്‌ച്ച കാലത്തെ രാഷ്ട്രീയവും പ്രയോഗിക്കുന്നവരാണെന്നും അമിത്ഷാ ആരോപിച്ചു.

ഉത്തർപ്രദേശിൽ കഴിഞ്ഞ നാല് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ 232 എണ്ണത്തിലും വോട്ടെടുപ്പ് നടന്നു. സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കാനിരിക്കുന്ന അഞ്ചാം ഘട്ടം പ്രധാനപ്പെട്ടതാണ്.

അയോധ്യ, റായ്ബറേലി, അമേഠി ജില്ലകൾ ഉൾപ്പെടെ കിഴക്കൻ മേഖലകൾ ഈ ഘട്ടത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബാക്കിയുള്ള രണ്ട് ഘട്ടങ്ങൾ മാർച്ച് 3, 6 തീയതികളിൽ നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.