ദുബായ് : കോവിഡ് വ്യാപനം കുറഞ്ഞതോടെ യു.എ.ഇയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഒഴിവാക്കി. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് വേണമെന്ന നിബന്ധന തുടരും . സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

യു.എ.ഇയിൽ തുറസ്സായ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമല്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതോടെ, ഇന്ന് മുതൽ മാസ്‌കില്ലാതെ പുറത്തിറങ്ങാൻ കഴിയും. അതേസമയം, അടഞ്ഞ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണ്. മാർച്ച് ഒന്ന് മുതലാണ് ഇളവ് നൽകുന്നതെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഒഴിവാക്കിയിട്ടുണ്ട്. കൊറോണ ബാധിതരുമായി അടുത്ത ബന്ധം പുലർത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമില്ല. എന്നാൽ, അവർ അഞ്ച് ദിവസത്തിനിടെ രണ്ട് പി.സി.ആർ പരിശോധനക്ക് വിധേയമാകണം. കൊറോണ ബാധിതരുടെ ഐസൊലേഷൻ പഴയ രീതിയിൽ തന്നെ . പള്ളികളിൽ ബാങ്കും ഇഖാമത്തും തമ്മിലുള്ള സമയ വ്യത്യാസം പഴയ നിലയിലാക്കി. പള്ളികളിൽ ഖുർആൻ കൊണ്ടുവരാം. നേരത്തെ ഖുർആൻ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ പള്ളികളിലെ ഒരുമീറ്റർ അകലം പാലിക്കണമെന്ന നിബന്ധന തുടരുമെന്നും അധികൃതർ അറിയിച്ചു.