തിരുവനന്തപുരം: റെയിൽവെയുടെ കാര്യത്തിൽ കേന്ദ്രബജറ്റിൽ സംസ്ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ എംപിമാർ പാർലമെന്റിൽ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അങ്കമാലി-ശബരി പാത, നേമം ടെർമിനൽ, കോച്ചുവേളി ടെർമിനൽ, തലശ്ശേരി-മൈസൂർ പാത, കാഞ്ഞങ്ങാട്-പാണത്തൂർ-കണിയൂർ പാത എന്നീ കാര്യങ്ങളിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായിട്ടില്ല. എറണാകുളത്തിനും ഷൊർണ്ണൂരിനും ഇടയിലുള്ള ഓട്ടോമാറ്റിക് സിഗ്‌നലിങ് സംവിധാനത്തിന്റെ കാര്യത്തിലും റെയിൽവെയുടെ ഭാഗത്ത് നിന്ന് അവഗണനയാണുള്ളത്. അമൃത എക്സ്‌പ്രസ് രാമേശ്വരം വരെ നീട്ടുന്ന കാര്യത്തിലും എറണാകുളം- വേളാങ്കണ്ണി റൂട്ടിൽ പുതിയ തീവണ്ടി അനുവദിക്കുന്ന കാര്യത്തിലും ഇതേ സമീപനമാണ് റെയിൽവക്കുള്ളത്.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ എൽ.എച്ച്.ബി കോച്ചുകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരാനുള്ള നിർദ്ദേശം, കൊല്ലം, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളുടെ നവീകരണം, കൊല്ലം മെമു ഷെഡ്ഡിന്റെ വിപുലീകരണം എന്നീ പദ്ധതികളുടെ കാര്യങ്ങളിലും നിഷേധാത്മക നിലപാടാണ്‌റെയിൽവെ കൈക്കാള്ളുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയോട് ഉൾപ്പെടെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ഈ ബജറ്റിലും ഉണ്ടായിട്ടില്ല. സംസ്ഥാനങ്ങൾക്ക് ജി എസ് ടി നഷ്ടപരിഹാരം 2022 ജൂലൈക്ക് ശേഷവും തുടർന്നുള്ള 5 വർഷങ്ങളിലും ലഭിക്കണം. ധന കമ്മീഷൻ ശുപാർശ ചെയ്ത 2022 - 23 ലേക്കുള്ള 3.5 ശതമാനം ധന കമ്മിക്ക് പകരം നിബന്ധനകൾ ഇല്ലാതെ 4.5 ശതമാനം അനുവദിക്കണം.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികളുടെ സർവീസുകൾ അടിയന്തരമായി അനുവദിക്കണം. പ്രതിവർഷം ഒമ്പത് ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന വിധമാണ് ഇവിടത്തെ പാസഞ്ചർ ടെർമിനൽ കെട്ടിടം.