കോട്ടയം: പത്തൊമ്പതുകാരൻ ഷാൻ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോമോനെതിരെ കാപ്പ ചുമത്തി തടങ്കലിലാക്കി. ഷാൻ വധ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു ജോമോൻ. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ ജോമോന് ജില്ലാ കളക്ടർ കാപ്പയിൽ ഇളവ് കൊടുത്തത് വിവാദമായിരുന്നു. ഇളവിൽ പുറത്തിറങ്ങിയപ്പോഴാണ് ജോമോൻ ഷാനെ മർദ്ദിച്ച് കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടത്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ജനുവരിയിലാണ് കൊലപാതകം നടന്നത്. ഷാനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ തള്ളാൻ കാരണം സാമൂഹിക മാധ്യത്തിലെ ലൈക്കും കമന്റുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പുൽച്ചാടി ലുദീഷിനെ എതിർ സംഘം മർദ്ദിച്ച ദൃശ്യത്തിന് ഷാൻ ബാബു ലൈക്കും കമന്റും ഇട്ടതാണ് കൊല്ലാൻ പ്രകോപനമായതെന്നാണ് പൊലീസ് പറയുന്നത്.

മാങ്ങാനത്തെ ആളൊഴിഞ്ഞ പറമ്പിൽ വച്ചാണ് സംഘം ഷാനെ ക്രൂരമായി മർദ്ദിച്ചത്. ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോന്റെ മൊഴി. ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മർദ്ദനം നടന്നു. കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ വെച്ചും മർദിച്ചു.