കീവ് : യുക്രൈനിലെ റഷ്യൻ ആക്രമണം മൂന്ന് ദിവസം പിന്നിടുമ്പോഴും സ്വന്തം പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ പാക്കിസ്ഥാൻ. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുമ്പോൾ ഭീതിയോടെ നിമിഷങ്ങൾ തള്ളി നീക്കുകയാണ് പാക്കിസ്ഥാനി വിദ്യാർത്ഥികൾ. രക്ഷിക്കില്ലെന്ന് ഉറപ്പായതോടെ വിദ്യാർത്ഥികൾ ഇമ്രാൻ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു.

പ്രശ്നങ്ങൾ രൂക്ഷമായിട്ടും പാക്കിസ്ഥാൻ സർക്കാരിൽ നിന്നും ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഖർകിവ് മെഡിക്കൽ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ ഗുൽറേസ് ഹുമയൂൺ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മറ്റ് രാജ്യങ്ങളെല്ലാം വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നുണ്ട്. ഹംഗറിവഴി തങ്ങളെ ഒഴിപ്പിച്ചുവരികയാണെന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾ പറയുന്നത്. എന്നാൽ ഇതുവരെ പാക്കിസ്ഥാൻ എംബസിയിൽ നിന്നും ഒരു നിർദ്ദേശവും ലഭിച്ചില്ല.

യുക്രെയ്നും റഷ്യയും തമ്മിൽ വലിയ യുദ്ധം നടക്കുകയാണെന്ന് എല്ലാവർക്കും അറിയാം. രാവിലെ മുതൽ തങ്ങൾ മെട്രോ സ്റ്റേഷന്റെ സബ്വേയിൽ ഇരിക്കുകയാണ്. ഇതുവരെ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിട്ടില്ല. എല്ലാവരും നിസ്സഹായരായി ഇവിടെ കിടക്കുകയാണെന്നും ഹുമയൂൺ വ്യക്തമാക്കി.

പാക്കിസ്ഥാൻ എംബസിയിൽ നിന്നോ, സ്ഥാനപതിയിൽ നിന്നോ ഒരു സഹായവും ഇതുവരെ ലഭിച്ചില്ലെന്ന് മറ്റൊരു പാക് വിദ്യാർത്ഥി പറഞ്ഞു. എത്രയും വേഗം തങ്ങളെ ഇവിടെ നിന്നും രക്ഷിക്കണമെന്ന് പാക് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. പാക്കിസ്ഥാനികൾ ആയതുകൊണ്ടാണ് തങ്ങൾ ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്നത്. ഇവുടെ പഠിക്കാനായാണ് തങ്ങൾ എത്തിയത്. എന്നാൽ ഇങ്ങിനെയെല്ലാം സംഭവിക്കുമെന്ന് കരുതിയില്ലെന്നും വിദ്യാർത്ഥി കൂട്ടിച്ചേർത്തു.