- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
നാറ്റോക്കുള്ളത് 33 ലക്ഷത്തിലധികം സൈനികർ, റഷ്യക്കുള്ളത് വെറും എട്ടു ലക്ഷം; 1,174 ബില്യൺ ഡോളറിന് മുന്നിൽ റഷ്യയുടെ 61.7 ബില്യൺ പ്രതിരോധ ബജറ്റ് ഒന്നുമല്ല; വ്യോമ- നാവിക കരുത്തിലും സഖ്യം മുന്നിൽ; ഇവർ ആഞ്ഞടിച്ചാൽ റഷ്യ തവിടു പൊടിയാവും; ഒരിക്കൽ പുടിൻ ശ്രമിച്ചതും ഇതേ സഖ്യത്തിൽ ചേരാൻ; റഷ്യ ഭയക്കുന്ന നാറ്റോയുടെ കഥ
റഷ്യൻ യുവതികൾ പട്ടിണി താങ്ങാനാവാതെ, വിദേശരാജ്യങ്ങളിൽ ബാർ ഡാൻസർമാരായും, കോൾ ഗേളുകളായും വരെ വ്യാപകമായി ജോലിചെയ്തുവരുന്ന ഒരു കാലം ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തെ തുടർന്നുണ്ടായ 90കളിൽ സാമ്പത്തിക പ്രതിസന്ധിമുലം, റഷ്യക്ക് എഴുനേറ്റ് നിൽക്കാൻ പോലും കഴിവുണ്ടായിരുന്നില്ല. 99ൽ വ്ളാദിമിർ പുടിൻ എന്ന മുൻ കെജിബി ഉദ്യോഗസ്ഥൻ, അധികാരത്തിൽ ഏറുമ്പോൾ പ്രഥമപരിഗണന നൽകിയതും, സാമ്പത്തിക രംഗം മെച്ചെപ്പെടുത്തുന്നതിന് ആയിരുന്നു. മുഴുക്കുടിയനു കോമാളിയും ആയിമാറിയ, മുൻ റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസിന്റെ സഹായിയായി പ്രവർത്തിച്ചു എന്നത് ഒഴിച്ചാൽ പുടിനും ഭരണപരിചയം കുറവായിരുന്നു. പക്ഷേ ആ ഘട്ടത്തിൽ പുടിനെയും റഷ്യയെയും, എറ്റവും കൂടുതൽ സഹായിച്ച രണ്ടു നേതാക്കൾ ആയിരുന്നു, അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽക്ലിന്റണും പിന്നീട് വന്ന ജോർജ് ബുഷും. കാരണം കമ്യൂണിസ്റ്റ് ഭീകരതയെ തകർക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അല്ലാതെ റഷ്യൻ ജനതയെ പീഡിപ്പിക്കുക എന്നതല്ല.
ക്ലിന്റന്റെ വ്യക്തിപരമായ സുഹൃത്ത് കൂടിയായിരുന്നു പുടിൻ എന്നാണ് വാഷിങ്ങ്ടൺ പോസ്റ്റ് പറയുന്നത്. ഇന്ന് വിചിത്രമായ തോന്നാവുന്ന ഒരു നിർദ്ദേശമായിരുന്നു പുടിൻ ക്ലിന്റനുമുമ്പാകെ വെച്ചത്. ഞങ്ങളെക്കുടി നാറ്റോ സഖ്യത്തിൽ ചേർക്കണം എന്നതായിരുന്നു അത്! ക്ലിന്റനും, റഷ്യയെ നാറ്റോയിൽ ചേർക്കുന്നതിന് എതിർപ്പുണ്ടായിരുന്നില്ല. അവർ ആ പദ്ധതിയുമായി ഏറെ മുന്നോട്ടുപോയി എന്നും വാഷിങ്്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ അപ്പോഴേക്കും ക്ലിന്റൺ സ്ഥാനം ഒഴിഞ്ഞു. പിന്നീട് വന്ന ബുഷും പുടിനെ ഏറെ സഹായിച്ചെങ്കിലും നാറ്റോ സഖ്യത്തിൽ റഷ്യയെ എടുത്തില്ല.
കിട്ടത്ത മുന്തിരി പുളിക്കും എന്നാണെല്ലോ. ഒരുകാലത്ത് താൻ ചേരാൻ ശ്രമിച്ച അതേ നാറ്റോയിൽ ചേരാൻ ശ്രമിച്ചു എന്നതിന്റെ പേരിൽ പുടിൻ ഇന്ന് ഒരു സാധു രാജ്യത്തെ ആക്രമിച്ച് ചോരപ്പുഴ ഒഴുക്കുന്നു! പുടിൻ നുണക്കഥകളും പ്രചരിപ്പിക്കുന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ എഴുതുന്നത്. നാറ്റോ സഖ്യം കിഴക്കോട്ട് വ്യാപിപ്പിക്കില്ലെന്ന് യു.എസ് റഷ്യക്ക് ഉറപ്പുകൊടുത്തിരുന്നുപോലും. പക്ഷേ ആരാണ് ഉറപ്പു നൽകിയത്, എപ്പോൾ, എങ്ങനെ. അതിനൊന്നും പുടിന് മറുപടി പറയാൻ ആവുന്നില്ല. (പുടിന്റെ ഈ നുണ ഇന്ത്യയിൽ സിപിഎം പോലും ആവർത്തിക്കുന്നതായി കാണാം.)
പക്ഷേ പുടിനും റഷ്യയും നാറ്റോ സഖ്യത്തെ വല്ലാതെ ഭയക്കുന്നുവെന്നത് വ്യക്തമാണ്. അതിനുകാരണം ഉണ്ട്. റഷ്യയുടെ പതിന്മടങ്ങ് ശക്തിയുള്ളവരാണ് നാറ്റോ സഖ്യം. ഒരുഅംഗത്തെ തൊട്ടാൽ എല്ലാവും ഒരുപോലെ ആക്രമിക്കണം എന്നാണ് നാറ്റോയുടെ നിയമം. നാറ്റോ പഴയ നാറ്റോ അല്ല എന്ന് പറഞ്ഞപോലെ പുടിൻ ഇന്ന് പഴയ പുടിനുമല്ല. ക്ലിന്റനുമുന്നിൽ യാചിച്ച് നിന്ന പഴയ ജൂഡോചാമ്പ്യൻ, ഇന്ന് ശതകോടീശ്വരനാണ്. ഭരണഘടന ഭേദഗതി ചെയ്ത റഷ്യയുടെ ആജീവനാന്ത പ്രസിഡന്റായി മാറിയിരിക്കയാണ്. ഇപ്പോൾ ഈ എകാധിപതി, സ്വപ്നം കാണുന്നത് പഴയ സോവിയറ്റ് യൂണിയൻ മോഡലിൽ വിട്ടുപോയ എല്ലാരാജ്യങ്ങളും ചേർന്നുള്ള അഖണ്ഡ റഷ്യയാണ്. ഒരോ രാജ്യങ്ങളായി നാറ്റോയിൽ ചേർന്നാൽ അത് നടക്കില്ലെന്ന് ചുരുക്കം.
എന്തിനാണ് റഷ്യക്ക് ഈ 'നാറ്റോ ഫോബിയ'?
നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ അഥവാ നാറ്റോയൊക്കുറിച്ച് നാം ഹൈസ്‌കൂൾ ഹിസ്റ്ററി പാഠപുസ്തകങ്ങളിൽ പഠിക്കുന്നതാണ്. 1949ലാണ് നാറ്റോ നിലവിൽ വന്നത് എന്നും ആസ്ഥാനം ബെൽജിയത്തിലെ ബ്രസ്സൽസിൽ ആണെന്നും നാം പഠിക്കുന്നുണ്ട്. ഇനി ഒരു ലോകമഹായുദ്ധം തടയാൻ ചില രാജ്യങ്ങൾ ചേർന്ന് ഉണ്ടാക്കിയ സമാധാന സഖ്യം എന്ന് പുറമെ പറയുന്നണ്ടെങ്കിലും, നാറ്റോയുടെ യഥാർഥ രൂപീകരണ കാരണം തന്നെ സോവിയറ്റ് യൂണിയനാണ്. രണ്ടാംലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നതു തടയുക എന്നതായിരുന്നു നാറ്റോയുടെ യഥാർഥ ലക്ഷ്യം.
യുദ്ധത്തിന്ശേഷവും കിഴക്കൻ യൂറോപ്പിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ സോവിയറ്റ് യൂണിയൻ വിസമ്മതിക്കുകയും, 1948ൽ ജർമനിയെ വളയുകയും ചെയ്തു. ഇതാണ് നാറ്റോ രൂപീകരണത്തിലേക്ക് നയിച്ച പ്രധാന സംഭവം. മാത്രമല്ല ജർമ്മനിയിൽ റഷ്യൻ ചെമ്പട നടത്തിയ അതിക്രമങ്ങളുടെ വിവരങ്ങളും അപ്പോൾ പുറത്തുവന്നിരുന്നു. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് ജർമ്മൻ ജനതക്കുമേൽ സ്റ്റാലിന്റെ ചെമ്പട ചെയ്തത്. യുവതികളെ കൂട്ടബലാത്സഗത്തിനുശേഷം സ്തനങ്ങൾ ഛേദിച്ച് കൊല്ലുക, ഗുദത്തിലേക്ക് തോക്ക് കടത്തിവെടിവെക്കുക തുടങ്ങിയ ക്രൂരതകൾ നാസി ഹിറ്റ്ലറെ അമ്പരപ്പിക്കുന്നതായിരുന്നു. അപ്പോഴാണ് നാസികളെപ്പോലെ തന്നെ ലോകത്തിന് ഭീഷണിയാണ് കമ്യൂണിസ്റ്റുകളും എന്ന തിരിച്ചറിവിലേക്ക് പാശ്ചാത്യ ശക്തികൾ എത്തുന്നത്.
അങ്ങനെ സോവിയറ്റ് യൂണിയനെ ചെറുക്കാനുള്ള സഖ്യമായാണ് 1949 ഏപ്രിൽ 4നാണ് നാറ്റോ രൂപീകരിച്ചത്. ആദ്യം 12 അംഗരാജ്യങ്ങളാണ് ഉണ്ടായിരുന്നത്. യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഇറ്റലി, നെതർലൻഡ്സ്, ഐസ്ലാൻഡ്, ബെൽജിയം, ലക്‌സംബർഗ്, നോർവേ, പോർച്ചുഗൽ, ഡെന്മാർക്ക് എന്നിവരായിരുന്നു അന്ന് അംഗങ്ങളായി ഉണ്ടായിരുന്നത്. ഇന്ന് നാറ്റോയ്ക്ക് 30 അംഗരാജ്യങ്ങളുണ്ട്. 2020ൽ അംഗത്വം നേടിയ മാസഡോണിയയാണ് നവാഗതൻ
ഒരു പൊതു സുരക്ഷാനയത്തിൽ പ്രവർത്തിക്കുന്ന സൈനിക സഖ്യമാണ് നാറ്റോ. ഒരു നാറ്റോ അംഗരാജ്യത്തെ ആക്രമിക്കുകയാണെങ്കിൽ, ഇത് എല്ലാ നാറ്റോ അംഗരാജ്യങ്ങളിലേക്കുമുള്ള അധിനിവേശമായി കണക്കാക്കപ്പെടും. എല്ലാ നാറ്റോ അംഗരാജ്യങ്ങളും അധിനിവേശത്തിനെതിരെ ആയുധമെടുക്കും. യക്രൈയിൻ നാറ്റോയിൽ ചേർന്നു കഴിഞ്ഞട്ടാണെങ്കിൽ റഷ്യയുടെ ഈ കളി നടക്കില്ലായിരുന്നെന്ന് ഉറപ്പാണ്.
തകർന്നുപോയ വാർസാ സഖ്യം
എന്നാൽ സോവിയറ്റ് യൂണിയനും വെറുതെതിരുന്നില്ല. നാറ്റോക്ക് ബദലായി തങ്ങൾക്ക് യോജിപ്പുള്ള രാജ്യങ്ങളുടെ ഐക്യനിരയുണ്ടാക്കാൻ അവരും ശ്രമിച്ചു. അതാണ് വാഴ്സാ സഖ്യം. 1955ലാണ് ഈ സഖ്യം ഉണ്ടാക്കിയത്. അംഗരാജ്യങ്ങൾക്ക് സൈനിക സംരക്ഷണം നൽകുക എന്നതായിരുന്നു ഈ ഉടമ്പടിയുടെയും ലക്ഷ്യം. എന്നാൽ സോവിയേറ്റ് യൂണിയൻ തകർന്നതോടെ ഈ ഉടമ്പടിക്ക് തന്നെ അവസാനിച്ചു.
വാഴ്സ സഖ്യം പിരിച്ചുവിട്ടിട്ടും നാറ്റോ സംഖ്യം പിരിച്ചുവിടാതിരുന്നതെന്ത് എന്നാണ് റഷ്യ ചോദിക്കുന്നു. വാഴ്സ പിരിച്ചുവിടുന്നത് വാഴ്സ രാജ്യങ്ങളുടെ ഇഷ്ടം. നാറ്റോ പിരിച്ചുവിടുന്നത് തീരുമാനിക്കാനുള്ള അവകാശം നാറ്റോ രാജ്യങ്ങൾക്കല്ലോ. മാത്രമല്ല വാഴ്സ സഖ്യം പിരിച്ചുവിടുകയല്ല, അത് സ്വയം തകർന്നുപോവുകയാണ് ഉണ്ടായത്.
കമ്യൂണിസ്റ്റ് ഇരുമ്പുമറയുടെ തകർച്ച നാറ്റോയുടെ വികസനത്തിനാണ് ഇടയാക്കിയത്. സോവിയറ്റ് യൂണിയൻ തകർന്നതിനെ തുടർന്ന്, 1991 ഡിസംബർ 25ന് 15 പുതിയ രാജ്യങ്ങളാണ് രൂപപ്പെട്ടത്. അർമേനിയ, അസർബൈജാൻ, ബെലാറസ്, എസ്‌തോണിയ, ജോർജിയ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ലാത്വിയ, ലിത്വാനിയ, മോൾഡോവ, റഷ്യ, താജിക്കിസ്താൻ, തുർക്ക്‌മെനിസ്താൻ, യുക്രൈൻ, ഉസ്‌ബെകിസ്താൻ എന്നിവയായി യുഎസ്എസ്ആർ ചിതറിമാറി. ഇതോടെ അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോ വിപുലീകരണം കാര്യമായി തന്നെ നടന്നു. സോവിയറ്റ് യൂണിയനിൽ നിന്ന് പുറത്തുവന്ന രാജ്യങ്ങൾ നാറ്റോയിൽ ചേരാൻ തുടങ്ങി. എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവ 2004ൽ നാറ്റോയിൽ ചേർന്നു. ജോർജിയയ്ക്കും യുക്രൈനും 2008ൽ നാറ്റോ അംഗത്വം വാഗ്ദാനം ചെയ്തിരുന്നെങ്കിലും സൈനിക സഖ്യത്തിൽ ചേരാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.ഇതാണ് റഷ്യയെയും ആ രാജ്യത്തിന്റെ 'ചക്രവർത്തി' പുടിനെയും ചൊടിപ്പിക്കുന്നത്.
യക്രൈനിൽ നാറ്റോ എത്തി തങ്ങളെ ആക്രമിക്കുന്നുമെന്നാണ് റഷ്യ പറയുന്നത്. ഇതും യെറ്റാണ്. യൂക്രൈനിൽ കയറിയിട്ടുവേണ്ട റഷ്യക്ക് നാറ്റോയെ ആക്രമിക്കാൻ. കരിങ്കടലിനെ കപ്പൽ പടയിൽനിന്നോ, ബാൾട്ടിക്ക് രാജ്യങ്ങളിൽനിന്നോ ആക്രമിക്കാം. അതിന് യുക്രൈൻവരെ പോവേണ്ട കാര്യമൊന്നുമില്ല. എന്നിട്ടും റഷ്യ നുണ പ്രചാണം തുടരുകയാണ്. 4.4 കോടി വരുന്ന യുക്രൈൻ ജനത, സ്വയം നിർണയാവകാശം പണയം വെക്കേണ്ടി വരികയെന്ന ദുരന്തം പിറവി തൊട്ടേ അനുഭവിക്കുന്ന രാജ്യമാണ്. 90 ശതമാനം ക്രിസ്ത്യൻ ജനവിഭാഗമുള്ള രാജ്യം, എക്കാലവും റഷ്യയുടെ പിൻസീറ്റ് ഡ്രൈവിലായരിരുന്നു. പക്ഷേ പുടിന് വേണ്ടത് പുർണ്ണ നിയന്ത്രമാണ്. അതിന്റെ പേരിലാണ് ഈ ചോരപ്പുഴ.
സ്വീഡനും ഫിൻലൻഡും നാറ്റോയിൽ ചേരരുതെന്ന് റഷ്യ
മൊത്തത്തിലുള്ള കണക്ക് എടുത്താൽ നാറ്റോ സഖ്യം ആയുധ ഉത്പ്പാദനം കുറയ്ക്കയാണ് ചെയ്ിട്ടുള്ളത്. കാരണം ഒരോ അംഗരാജ്യങ്ങളും ഒറ്റക്ക് ഒറ്റക്ക് ആയുധമത്സരത്തിൽ ഏർപ്പെട്ടാൽ എത്രുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ള. ആയിരത്തിൽ താഴെ സൈനികർ മാത്രമുള്ള ലക്സംബർഗും, സ്റ്റാൻഡിങ് ആർമി ഇല്ലാത്ത ഐസ്ലൻഡുമൊക്കെ നാറ്റോയിൽ നിൽക്കുന്നത് നാറ്റോ നൽകുന്ന സുരക്ഷാകുട ഉള്ളതുകൊണ്ടാണ്.ഇതിനുപകരമായി ഈ രാജ്യങ്ങൾ നാറ്റോയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കൊടുത്താൽ മതി. ഒരു സൈന്യത്തെ തീറ്റിപ്പോറ്റുന്നത് നോക്കുമ്പോൾ ഇത് എത്രയോ കുറവാണ്.
ജർമ്മനിയും ഫ്രാൻസും ഉൾപ്പടെയുള്ള രാജ്യങ്ങൾ സാമ്പത്തികമായി മുന്നേറുന്നതും ഈ കവചത്തിന്റെ തണലിൽ ആണ്. ജപ്പാനും കൊറിയയും ഓസ്ട്രേലിയയും ഇസ്രയേലും അടക്കമുള്ള നാറ്റോയ്ക്ക് പുറത്തുള്ള നിരവധി സഖ്യരാജ്യങ്ങൾക്കും ഈ സംഘടനന ആശ്രയമായി വർത്തിക്കുന്നു. അയ്യായിരത്തോളംവരുന്ന പലതരം ആണവായുധങ്ങൾ മുഴുവൻ റഷ്യയ്ക്ക് കൈമാറി അണവായുധ നിരോധന കരാറിലും ഒപ്പ് വെച്ച് 1996 ൽ പൂർണ്ണമായും ആണവവിരുദ്ധമായി മാറിയ രാജ്യമാണ് യുക്രെയിൻ. അവിടെയാണ് വംശീയവും ഭാഷപരവുമായ കുത്തിതിരിപ്പുകൾ ഉണ്ടാക്കി റഷ്യ അധിനിവേശം നടത്തിയിരിക്കുന്നത്. അതുകൊണ്ട് യുക്രെയിന്റെ ഗതി തങ്ങൾക്ക് വരരുതെന്ന് ഓരോ രാജ്യവും ആഗ്രഹിക്കുന്നു.
സ്വീഡനും ഫിൻലൻഡും നാറ്റേയിൽ ചേരരുത് എന്ന് റഷ്യയുടെ പുതിയ തീട്ടൂരം ഏതെങ്കിലും രാജ്യം റഷ്യ എന്ന ആണവ ഭീമനെ പേടിച്ച് നാറ്റോയിൽ ചേർന്നാൽ അവരെ വെറുതെ വിടില്ലെന്നാണ് പുടിൻ പരോക്ഷമായി പ്രഖ്യാപിക്കുന്നത്. സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രൻ ഇങ്ങനെ വിലയിരുത്തുന്നു-''നാറ്റോ അംഗത്വം ഒരു ഇൻഷ്വറൻസ് പോളിസിയാണ്. കുറഞ്ഞപക്ഷം മറ്റുാരാജ്യങ്ങൾ അങ്ങനെ ചിന്തിക്കുന്നു. പ്രതിസന്ധി വന്നാൽ നാറ്റോ രക്ഷിക്കുമോ എന്നതൊക്കെ അവർ തീരുമാനിക്കട്ടെ. 75 വർഷത്തെ നൂട്രാലിറ്റിക്ക് ശേഷം സ്വീഡനും ഫിൻലൻഡും വരെ നാറ്റോയിൽ അഭയം തേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ റഷ്യ ഉയർത്തുന്ന ഭീഷണി എന്തെന്ന് ഊഹിക്കാം.''- രവിചന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
നാറ്റോയുടെ ശക്തിക്കുമുന്നിൽ റഷ്യ ഒന്നുമല്ല
റഷ്യക്ക് യുക്രൈനിയൻ സൈന്യം ഒരു ഭീഷണിയല്ല. റഷ്യയിൽ 8.5 ലക്ഷം സജീവ സൈനികരുള്ളപ്പോൾ യുക്രൈനിൽ 2 ലക്ഷം സജീവ സൈനികർ മാത്രമാണുണ്ടായിരുന്നത്. റഷ്യയുടെ പ്രതിരോധ ബജറ്റ് യുക്രൈനിന്റെ 10 മടങ്ങാണ്. റഷ്യയ്ക്ക് 4173 യുദ്ധവിമാനങ്ങൾ ഉള്ളപ്പോൾ യുക്രെയ്‌നുള്ളത് വെറും 318 എണ്ണമാണ്. ആക്രമണ വിമാനം റഷ്യയ്ക്ക് 772 എണ്ണവും യുക്രെയ്‌ന് 69 എണ്ണവും. റഷ്യൻ പോരാട്ടത്തിൽ നിർണായകമാകുന്ന ടാങ്കുകളുടെ എണ്ണം 12,420 ആണ്. യുക്രെയ്‌നുള്ളത് വെറും 2596 എണ്ണം. റഷ്യയ്ക്ക് 605 യുദ്ധക്കപ്പലുകൾ ഉള്ളപ്പോൾ യുക്രെയ്‌ന്റെ പക്കലുള്ളത് വെറും 38 എണ്ണമാണ്. ഒറ്റക്ക് ഒറ്റക്കുള്ള കണക്ക് എടുക്കുമ്പോൾ ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയാണ് റഷ്യയെങ്കിൽ 22ാമത്തെ റാങ്കിലാണ് യുക്രൈൻ. അത്തരമൊരു സാഹചര്യത്തിൽ യുക്രൈനിന് സംരക്ഷണം ഉറപ്പുനൽകാൻ കഴിയുന്ന നാറ്റോ പോലെ ഒരു സൈനിക സംഘടനയുടെ കവചം ആവശ്യമാണ്. അതുകൊണ്ടുതന്നെ യുക്രൈനിന് നാറ്റോയേക്കാൾ മികച്ച ഒരു ഓപ്ഷൻ ഉണ്ടായിരുന്നില്ല.
പക്ഷേ സൈനിക ശക്തിയുടെ കാര്യത്തിലാണെങ്കിലും പ്രതിരോധ ചെലവിന്റെ കാര്യത്തിലായാലും റഷ്യയും നാറ്റോയും തമ്മിൽ താരതമ്യം ചെയ്യാൻ പോലുമാകില്ല. അത്രയ്ക്ക് ശക്തരാണ് നാറ്റോ സേന. നാറ്റോയുടെ കണക്കനുസരിച്ച് 2021ൽ 30 അംഗരാജ്യങ്ങളുടെയും പ്രതിരോധ ബജറ്റ് 1,174 ബില്യൺ ഡോളറാണ്. മറുവശത്ത് റഷ്യ 2020ൽ പ്രതിരോധത്തിനായി ചിലവഴിച്ചത് 61.7 ബില്യൺ ഡോളർ മാത്രമാണ്. നാറ്റോ നേരിട്ട് യുദ്ധത്തിൽ പങ്കെടുത്താൽ 33 ലക്ഷത്തിലധികം സൈനികർ അവർക്കുവേണ്ടി പോരാടാൻ സജ്ജരാണ്. റഷ്യയ്ക്കാകട്ടെ 8 ലക്ഷം സജീവ സൈനികരുൾപ്പെടെ 12 ലക്ഷം സൈനികർ മാത്രമാണ് ഉണ്ടാകുക. ഇതെല്ലാമാണ് റഷ്യയുടെ ആധിക്ക് കാരണം.
നാറ്റോയെ വെച്ചു നോക്കുമ്പോൾ റഷ്യൻ സേന പോരാട്ടത്തിൽ അത്ര മികച്ചവർ ഒന്നുമല്ലെന്ന് ന്യൂയോർക്ക് ടൈംസ് യുദ്ധകാര്യലേഖകൻ മാർക്സ് വാണർ വിലയിരുത്തുന്നു. ഏറ്റവും ഒടുവിൽ സിറിയയിൽ ഐസിസ് വിരുദ്ധ പോരാട്ടത്തിൽപോലും റഷ്യൻ സേനയുടെ പരിമിതകൾ പ്രകടമായിരുന്നു. എന്നാൽ സിറിയയിലും, ഇറാഖിലും, അഫ്ഗാനിലുമൊക്കെ പോരാടി പരിചയമുള്ള മികച്ച പരിശീലനം കിട്ടിയ സേനയാണ് നാറ്റോയുടേത്. അമേരിക്ക ഇറാഖിനെ തകർത്തുതുപോലുള്ള ഒരു എയർസ്ട്രൈക്ക് നാലുഭാഗത്തുനിന്നും തുടങ്ങിയാൽ രണ്ടാഴ്ചപോലും പിടിച്ചുനിൽക്കാൻ റഷ്യക്ക് ആവില്ല എന്നാണ് വാണറിന്റെ വിലയിരുത്തൽ. അതുപോലെ നാവികകരുത്തിലും നോറ്റോ രാജ്യങ്ങൾ ഏറെ മുന്നിലാണ്. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ടോർപിഡോകൾ ഇറങ്ങിയാൽ കരിങ്കടലിൽ റഷ്യ കൈകാലിട്ട് അടിക്കും. പക്ഷേ എന്നിട്ടും എന്തുകൊണ്ടാണ് നാറ്റോ ഇടപെടാത്തത് എന്നതാണ് പ്രസ്‌ക്തമായ ചോദ്യം.
വികസന സൂചികകൾ നോക്കുമ്പോൾ, ലോകത്തിലെ നമ്പർവൺ പോയിട്ട് ആദ്യ പത്തിൽപോലും എത്താത്ത രാഷ്ട്രമാണ് റഷ്യ. യുദ്ധത്തിൽ സാമ്പത്തികശേഷി നിർണ്ണയകമാണ്. നാലുദിവസത്തെ യുക്രൈൻ യുദ്ധം കഴിഞ്ഞപ്പോഴേക്കും, റഷ്യയുടെ പണവും ആയുധങ്ങളും തീർന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പത്ത് വലിയ രാജ്യങ്ങളുടെ വലുപ്പമുള്ള ഒരു ഭൂഖണ്ഡമാണ് റഷ്യ. ചെറിയ ജനസംഖ്യ, ശരാശരി എന്നു പറയാവുന്ന സമ്പദ് വ്യവസ്ഥ. റഷ്യയുടെ ഉൾഗ്രാമങ്ങളിൽനിന്ന് ഇതുവരെ പട്ടിണിപോലും പുർണ്ണമായും മാറിയിട്ടില്ല. പഴയ സോവിയറ്റ്കാലത്തെ അവസ്ഥയിൽനിന്ന് കുറേ മെച്ചപ്പെട്ടുവെങ്കിലും, മികച്ച സമ്പദ് ഘടനയുള്ള ഒരു രാജ്യമായൊന്നും റഷ്യയെ വിലയിരുത്താൻ കഴിയില്ല. പക്ഷേ റഷ്യക്ക് ഒന്നുണ്ട്. സോവിയറ്റ് കാലത്ത് അടക്കം അവർ വളർത്തിക്കൊണ്ടുവന്ന എട്ടര ലക്ഷം പേർ അടങ്ങിയ കൂറ്റൻ സൈന്യം. അത്യാധുനികമായ യുദ്ധോപകരങ്ങളും, ഒപ്പം ആണവശക്തിയും.
ഈ മൂന്നാമത്തെ കാര്യമാണ് ലോകരാഷ്ട്രങ്ങളെ ശരിക്ക് ഭയപ്പെടുത്തുന്നത്. തനിക്ക് അണ്വായുധം ഉപയോഗിക്കാൻ മടിയില്ല എന്ന് പരോക്ഷമായി പുടിൻ പലതവണ പറഞ്ഞിട്ടുണ്ട്. മാത്രമല്ല പുടിന് തന്നെ സ്വന്തമായി ഒരു കൊലയാളി സംഘമുണ്ട്. റഷ്യയിൽ പുടിനെ എതിർക്കുന്നവർ ഒക്കെയും കെട്ടിടത്തിന് മുകളിൽനിന്ന് വീണും, വിഷം ഉള്ളിൽ ചെന്നുമൊക്കെ മരിക്കയാണ്. തനിക്ക് എതിരെ ആരെങ്കിലും തിരിഞ്ഞാൽ അയാൾക്ക് എതിരെ പുടിന്റെ ക്വട്ടേഷൻ നിർദയം എത്തും. ഇതും സമാധാന പ്രേമികളെ ഭയപ്പെടുത്തുന്ന കാര്യമാണ്. ഇപ്പോൾ തന്നെ യൂറോപ്പ് പേടിച്ചിരിക്കുന്നത് ചെർണോബിൽ ആണവ നിലയെത്ത ആക്രമിച്ച് പുടിൻ യൂറോപ്പിന് അണുപ്രസരണം സമ്മാനിക്കുമോ എന്നതാണ്. പുടിന്റെ മുൻകാല ചെയ്തികൾ നോക്കുമ്പോൾ അങ്ങനെ ചെയ്യില്ല എന്ന് പറയാനും കഴിയില്ല. ഹിറ്റ്‌ലറുടെ ശൈലിയും ഇങ്ങനെ തന്നെ ആയിരുന്നു. ഭയപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കുക.
നാറ്റോ എന്തുകൊണ്ട് ഇടപെടുന്നില്ല
ഹിറ്റ്‌ലർക്ക് സമാനമായ ഒരു സൈക്കോ എകാധിപതി തന്നെ ആയാണ് പുടിനും വിലയിരുത്തപ്പെടുന്നത്. മരണങ്ങൾ ഇത്തരം ഏകാധിപതികളെ സംബന്ധിച്ച് വെറും കണക്കുകൾ മാത്രമാണ്. മാവോയുടെയും സ്റ്റാലിന്റെയും ഹിറ്റ്‌ലറിന്റെയും ഉദാഹരണങ്ങൾ പ്രശസ്തമാണ്. തന്റെ തെറ്റായ നയങ്ങൾമൂലം ചൈനയിൽ പട്ടിണി കിടന്ന് ആയിരക്കണക്കിന് ജനങ്ങൾ മരിച്ചപ്പോൾ, അത് അവരുടെ കുഴപ്പമാണ് എന്ന് പറഞ്ഞ ആളാണ് മാവോസേതൂങ്ങ്. മഞ്ഞും, പകർച്ചവ്യാധികളും ഒന്നും കണക്കാക്കാതെ സ്വന്തം സൈന്യത്തെകൊണ്ട് യുദ്ധം ചെയ്യിപ്പിച്ചയാളാണ് ഹിറ്റ്‌ലർ. സ്റ്റാലിനും ആയിരങ്ങളുടെ മരണം വെറും തമാശക്കണക്ക് മാത്രമായിരുന്നു. അതുപോലുള്ള ഒരു സൈക്കോയാണ് പുടിനും. ലക്ഷങ്ങൾ മരിച്ചാലും പുടിന് യാതൊരു പ്രശ്‌നവുമില്ല. അതുപോലെയല്ല അമേരിക്കയിലും യൂറോപ്പിലും. ഒരോ സൈനികന്റെയും മരണത്തിന് അവർ ജനങ്ങളോട് കണക്കു പറയണം. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറിവരുന്ന സമയത്ത്, അവർ ഒരു യുദ്ധ ആഗ്രഹിക്കുന്നില്ല.
ഇനി യൂറോപ്യൻ യൂണിയന്റെ ഉപരോധം മുല്യം റഷ്യ സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും റുബിളിന് വില ഇടിഞ്ഞാലുമൊന്നും പുടിൻ കുലുങ്ങുമോ? തനിക്കുവേണ്ട ഏകദേശം ഇരുപതിനായിരം കോടി രൂപയുടെ സ്വത്തുക്കൾ അയാൾ സമ്പാദിച്ച് കഴിഞ്ഞു.
മാത്രമല്ല യൂറോപ്പിന്റെയും അമേരിക്കയുടെയുമൊക്കെ അടിസ്ഥാനപരമായി ജീവിത വീക്ഷണത്തിൽ വല്ലാതെ മാറ്റം വന്നിട്ടുണ്ട്. അവർ യുദ്ധം ആഗ്രഹിക്കുന്നില്ല. രണ്ടുലോകമഹായുദ്ധങ്ങളുടെ കെടുതികളിൽനിന്ന് അവർ അത്രക്ക് പാഠം പഠിച്ചിട്ടുണ്ട്. സോവിയറ്റ് പട്ടാളം കൊള്ളയും കൂട്ടബലാത്സഗവും ചെയ്ത, കമ്പോട് കമ്പ് തകർത്തിട്ട ജർമ്മനിയെ ഒക്കെയാണ് അവർക്ക് പുനർ നിർമ്മിക്കേണ്ടിവന്നത്. യുദ്ധങ്ങളും ആക്രമണങ്ങളുമെല്ലാം നിഷ്ഫലമാണെന്ന തിരിച്ചറിവുകൊണ്ടാണ് അതിർത്തികൾ പോലുമില്ലാത്ത ഒരു ലോകത്തേക്ക് യൂറോപ്പിലെ പല രാജ്യങ്ങളും മാറിയത്. കുരിശ്യുദ്ധത്തിന് സൈന്യത്തെ അയച്ച ബെൽജിയവും നെതർലൻഡും തമ്മിലുള്ള അതിർത്തിയിൽ ഇന്ന് വെറും കുമ്മായവരമാത്രമാണ് ഉള്ളത്. സൈനികൻ പോയിട്ട് ഒരു പൊലീസുകാരൻ പോലും അവിടെയില്ല. അയുധ- സൈനിക ബജറ്റുകൾ പരമാവധി കുറച്ചുകൊണ്ട് അവർ വികസന പ്രവർത്തനങ്ങളിലേക്കാണ് അത് തിരിച്ചുവിടുന്നത്. എന്നാൽ റഷ്യയോ ബജറ്റിന്റെ പകുതിയോളം ആയുധ മത്സരത്തിനും സൈന്യത്തെ തീറ്റിപ്പോറ്റാനും ഉപയോഗിക്കുന്നു.
ഈ ഒരു മാറിയ ജീവിത വീക്ഷണം കൊണ്ടുതന്നെയാണ് ഇന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളൊക്കെ യുദ്ധത്തിന് പ്രാധാന്യം കൊടുക്കാത്തത്. മാത്രമല്ല കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും പ്രശ്‌നമാണ്. ജർമ്മനിയെ എടുത്താൽ ഇന്ത്യയിലെ ആ ആദ്മി മോഡലിയുള്ള ഒരു സർക്കാർ ആണ് അവിടെ ഇപ്പോൾ ഉള്ളത്. ഇടത്തരക്കാരുടെ പിന്തുണയിൽ വന്ന സർക്കാർ. പ്രകൃതിവാതകത്തിന്റെ വില കുറയ്ക്കും എന്നായിരുന്നു അവരുടെ വാഗ്ദാനം. ഇതിനായി ശ്രമങ്ങൾ തുടരവേയാണ് യുക്രൈൻ ആക്രമണം വന്നത്. ഇതോടെ റഷ്യയിൽനിന്ന് ജർമ്മനിയിലേക്ക് നേരിട്ട് എത്തുന്ന നോർഡിക്ക് ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി പ്രതിസന്ധിയിൽ ആയി. ജർമ്മനിയെ സംബദ്ധിച്ച് യുദ്ധം ചെയ്ത് കീർത്തി ഉണ്ടാക്കണോ, അതോ ഇന്ധന വില കുറച്ച് സാധാരണക്കാരനെ സഹായിക്കണോ എന്ന് ചോദിച്ചാൽ ആ ജനത രണ്ടാമത്തേതാണ് തിരഞ്ഞെടുക്കുക.
ലോക പൊലീസ് കളിച്ച് മടുത്ത അമേരിക്ക
യുക്രെയ്‌നുമായി ഒരു കരാർ ഒപ്പിടാൻ നാറ്റോയെ യുഎസ് പ്രേരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നാറ്റോയിലെ മറ്റ് അംഗരാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ അത്രക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. ജർമനിക്കും, ഫ്രാൻസിനും ഹംഗറിക്കും അതിൽ എതിർപ്പുണ്ടായിരുന്നു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല. റഷ്യയെ സൈനികമായി പ്രതിരോധിക്കാനും അവർ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. യൂറോപ്പിലേക്ക് വരുന്ന പ്രകൃതിവാതകത്തിന്റെ നാൽപ്പത് ശതമാനം റഷ്യയിൽനിന്നാണ്. ഇപ്പോൾ തന്നെ ക്രൂഡ് ഓയിലിന്റെ വില കുതിക്കുയാണ്. ഇതെല്ലാമാണ് അവരെയെല്ലാം യുദ്ധത്തിൽനിന്ന് പിൻവലിക്കുന്നത്. പക്ഷേ പുടിന്റെ കാര്യം അങ്ങനെയല്ല. പുടിന്് റഷ്യക്കാർ വിലക്കയറ്റത്തിൽ വലഞ്ഞാലും ഇന്ധനവില ആകാശംതൊട്ടാലും ഒന്നും യാതൊരു പ്രശനവും ഇല്ല.
ലോക പൊലീസ് ചമഞ്ഞ് പലയിടത്തും പോയി തലയിട്ട് അമേരിക്കയ്ക്ക് കോടികളുടെ നഷ്ടം ഉണ്ടാവുന്നുവെന്നും, ഇത് എന്തിനാണ് എന്നുമെന്ന ചിന്തയാണ് അമേരിക്കയിലും കഴിഞ്ഞ കുറേക്കാലമായി ബലപ്പെട്ടത്. നാക്കു കൊണ്ട് ഭീഷണി മുഴക്കുക അല്ലാതെ മുൻ പ്രസിഡന്റ് ട്രംപും ഒരിക്കൽപോലും യുദ്ധം ചെയ്തിട്ടില്ല. കോടികൾ ചെലവിട്ട് ഇറാഖിലും, അഫ്ഗാനിലും പോയി യുദ്ധം ചെയ്തിട്ട് എന്തുണ്ടായി എന്ന് യു.എസ് മാധ്യമങ്ങൾ പലപ്പോഴും തിരിച്ച് ചോദിച്ചിരുന്നു. കനത്ത ആൾ നാശവും കോടികളുടെ ചെലവും വെച്ച് ലോക സുരക്ഷ തങ്ങൾ സംരക്ഷിക്കേണ്ടയില്ലെന്ന തിരിച്ചറിവിലാണ് അമേരിക്ക എത്തിയത്. അങ്ങനെയാണ് യു.എസ് അഫ്ഗാനിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതും അവിടെ താലിബാൻ അടിച്ച് കയറിയയും. ട്രംപിന്റെ സമാനമായ രീതിയിൽ വാക്കുകൾ കൊണ്ട് യുദ്ധം ചെയ്ത് പുടിനെ പിടിച്ചു നിർത്താനായിരുന്നു ബൈഡനും ശ്രമിച്ചത്.
നാറ്റോ ഒന്ന് ആഞ്ഞടിച്ചാൽ പരിപ്പിളകിപോകുന്നതാണ് റഷ്യയെന്ന് ദ ഒബ്‌സർവർ പത്രവും ചൂണ്ടിക്കാട്ടുന്നത്. കരിങ്കടലിലെ കപ്പൽപടയിൽനിന്നും, മറ്റ് സഖ്യരാഷ്ട്രങ്ങളിൽനിന്നുമായി നാലുപാടുനിന്നും അവർ റഷ്യയെ ആക്രമിച്ചാൽ റഷ്യയുടെ അടപ്പൂരും. പക്ഷേ അതിന് ആയിരിക്കണക്കിന് ഭടന്മാരുടെ രക്തം ചിന്തേണ്ടി വരും. ഒപ്പം കടുത്ത സാമ്പത്തിക മാന്ദ്യവും. ആ ഒരു വിലാണ് യുറോപ്പിനു അമേരിക്കക്കും കൊടുക്കാൻ കഴിയാത്തത്. മാത്രമവുമല്ല ഈഗോയുടെ തലതൊട്ടപ്പനായ പുടിൻ, ആണവായുധം ഉപയോഗിക്കാനും മടിക്കില്ല എന്നതും അവരെ പിറകോട്് വലിപ്പിക്കുന്നു.
യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയോട് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് ആവശ്യപ്പെട്ടിട്ടുണ്ട്. നാറ്റോ സഖ്യരാജ്യങ്ങളെ സംരക്ഷിക്കുമെന്നും അനിവാര്യമായി വന്നാൽ യുദ്ധത്തിൽ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ യൂറോപ്പിന്റെ സമാധാനം കെടുത്തിയെന്നും ഇതിന് ഭാവിയിൽ റഷ്യ കനത്തവില കൊടുക്കേണ്ടി വരുമെന്നും ജെൻസ് സ്റ്റോൾട്ടൻബർഗ് കഴിഞ്ഞ ദിവസം പ്രത്യേക വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ വാക്കുകൾ കൊണ്ട് യുദ്ധം ചെയ്യുക അല്ലാതെ ഇറങ്ങിക്കളിക്കാൻ അവർ തയ്യാറാവുന്നില്ല. അതുതന്നെയാണ് റഷ്യക്ക് വളമാകുന്നതും.
റഷ്യൻ ഇരവാദം എല്ലാ കള്ളം
യുദ്ധങ്ങളെല്ലാം നടത്തുന്നത് അമേരിക്ക എന്ന ചെകുത്താനാണ്, തങ്ങൾ ആരെയും ആക്രമിക്കാത്ത കുഞ്ഞാടുകളാണ് എന്ന കറുത്ത ഫലിതവും പലപ്പോഴും റഷ്യ അവതരിപ്പിക്കാറുണ്ട്. കേരളത്തിലടക്കം റഷ്യൻ ആരാധകർ പാടിനടക്കുന്ന ഒരു കള്ളകകഥമാത്രമാണ് അത്.
ചരിത്രത്തിൽ റഷ്യൻ സാമ്രാജ്യം ചെയ്ത യുദ്ധങ്ങളുടെ പട്ടിക നീണ്ടതാണ്. സോവിയറ്റ് യൂണിയന് ആണെങ്കിൽ അധിനിവേശങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് കൈയിലുണ്ട്. ഉപഗ്രഹ രാജ്യങ്ങളായ ഹംഗറിയിലും ചെക്കോസ്ളോവാക്കിയയിലും കിഴക്കൻ ജർമ്മനി മുതൽ തെക്ക് കിടക്കുന്ന അഫ്ഗാനിസ്ഥാൻ വരെയുള്ള രാജ്യങ്ങളിലും റഷ്യൻ ടാങ്കുകൾ അനുവാദമില്ലാതെ കടന്നുചെന്നിട്ടുണ്ട്. പ്രാദേശിക ജനതയ മര്യാദ പഠിപ്പിച്ചിട്ടുണ്ട്. ഇന്നും പുടിൻ അത് ആഗ്രഹിക്കുന്നു. എല്ലാവരും സമാധാനം മാത്രം ആഗ്രഹിക്കുമ്പോൾ തങ്ങളുടെ അസഹിഷ്ണുതയും ദുശാഠ്യങ്ങളും വലിയ നേട്ടം കൊണ്ടുവരുമെന്ന് റഷ്യയ്ക്കറിയാം. സമാന സാഹചര്യമാണ് ഹിറ്റ്ലർ യൂറോപ്പിൽ ഉണ്ടാക്കിയത്. 1991 ൽ സോവിയറ്റ് യൂണിയൻ വിഘടിച്ചശേഷം റഷ്യ നടത്തിയ അധിനിവേശങ്ങളും യുദ്ധങ്ങളും ആഭ്യന്തര അടിച്ചമർത്തലുകളും ചില്ലറയല്ല. എന്നിട്ടും റഷ്യ മാലാഖയായി അഭിനയിക്കുന്നു, ഇരവാദം ഉയർത്തുന്നു. റഷ്യൻവംശീയതയും ഭാഷാവെറിയും മൂപ്പിച്ച് വിട്ട് അയൽരാജ്യങ്ങളെ വിരട്ടുന്നു, വിഘടിപ്പിക്കുന്നു.
1991 ശേഷം എത്ര നാറ്റോ രാജ്യങ്ങൾ റഷ്യയെ ആക്രമിച്ചു, ഭീഷണി ഉയർത്തി എന്ന ചോദ്യത്തിൽ റഷ്യയുടെ വാദങ്ങൾ പൊളിയും. സോവിയറ്റ് യൂണിയൻ തകർന്ന് തരിപ്പിണമായ സമയത്ത് നാറ്റോ സഖ്യത്തിന് വേണമെങ്കിൽ റഷ്യയെ നിഷ്പ്രയാസം പിടിച്ച് എടുക്കാമായിരുന്നു. പക്ഷേ അവർ അത് ചെയ്തില്ല. ഇന്നുവരെ ഒരു നാറ്റോ രാജ്യവും റഷ്യയെ ആക്രമിച്ചിട്ടില്ല. അപ്പോൾ പിന്നെ റഷ്യയുടെ പ്രശ്നം എന്താണ്. ഒരു രാജ്യം നാറ്റോയിൽ ചേർന്നാൽ റഷ്യയ്ക്ക് കയറി മേയാനാവില്ല. ചുറ്റുമുള്ള രാജ്യങ്ങൾ വിധേയരായി, വംശംവദരരായി നിൽക്കണം. കസാക്കിസ്ഥാനെപോലെ എപ്പോൾ വേണമെങ്കിലും കയറിയിറങ്ങാൻ കഴിയണം.
ന്യൂക്ളിയർ ആയുധങ്ങളുടെ കൂമ്പാരവുമായി, ആണവ മിസൈലുകൾ അതിർത്തികളിൽ കൊണ്ടുവെച്ച് യൂറോപ്യൻ രാജ്യങ്ങളെ വിരട്ടി ജീവിക്കാൻ റഷ്യയ്ക്ക് അവകാശമുണ്ട്. പോളണ്ടിന്റെ ലിത്വേനിയയുടെയും അതിർത്തികളിൽ അവർ ആണവ മിസൈലുകൾ സ്ഥാപിച്ചിട്ട് അധികകാലമായില്ല. റഷ്യയ്ക്ക് മിസൈലുകൾ വെക്കാം. പക്ഷെ അയൽ രാജ്യങ്ങൾക്ക് അതിനുള്ള അവകാശമില്ല,അവർക്ക് സുരക്ഷാ തണൽ തേടാൻ അവകാശമില്ല! അതിർത്തിയിലെ റഷ്യൻ മിസൈലുകളും സൈനിക സാന്നിധ്യവും യൂറോപ്യൻ രാജ്യങ്ങൾക്ക് സുരക്ഷാ ഭീഷണിയല്ലേ?
ഇങ്ങനെ നോക്കുമ്പോൾ അടിമുടി കള്ളങ്ങളാണ് റഷ്യൻ പറഞ്ഞു പരുത്തുന്നത് എന്ന് കാണാം. എന്തായാലും റഷ്യ വിചാരിച്ചത് നടക്കുന്നില്ല. നാറ്റേയെ തകർക്കുകയാണ് റഷ്യയുടെ ലക്ഷ്യമെങ്കിൽ യൂക്രൈൻ അധിനിവേശത്തോടെ കൂടുതൽ കൂടുതൽ രാജ്യങ്ങൾ നാറ്റോയിലേക്ക് അടുക്കയാണ്. സ്വീഡനും ഫിൻലൻഡും ഉദാഹരണം. നാളെ ഇസ്രയേൽ കൂടി നാറ്റോയിൽ ചേർന്നാൽ, പുടിൻ എന്ന ഏകാധിപതിയുടെ മരണമണി മുഴങ്ങുന്നതിന്റെ തുടക്കം നമുക്ക് കേൾക്കാം.
വാൽക്കഷ്ണം: വലിയ ഒരു സൈനിക ശക്തിയാണെങ്കിലും റഷ്യ ഒരു വലിയ സാമ്പത്തിക ശക്തിയൊന്നുമല്ല. പത്തുദിവസം കൂടി യുക്രൈൻ പിടിച്ചു നിന്നാൽ അവർക്ക് പിന്മാറേണ്ടിവരുമെന്നും റിപ്പോർട്ടുകളുണ്ട്. ഇനി കീവ് പിടിച്ചാലും യുക്രൈനെ റഷ്യയുടെ ഭാഗമാക്കാൻ അവർ ശ്രമിക്കാനിടയില്ല എന്നാണ് കരുതുന്നത്. യുക്രൈനും സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന രാജ്യമാണ്. അങ്ങനെ ഒരു രാജ്യത്തെ ഏറ്റെടുക്കുന്നത് ഈ സമയത്ത് റഷ്യക്കും ബാധ്യതയാകും. ഒരു പാവ ഗവൺമെന്റിനെ എൽപ്പിച്ച് യൂക്രൈനിന്റെ പിൻവാതിൽ ഭരണം ആയിരിക്കും പുടിൻ നടത്തുക എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ