തിരുവനന്തപുരം: ഐടി പാർക്കുകൾക്ക് ഇനി ബാർ ലൈസൻസോടെ ക്ലബ്ബുകൾ അനുവദിക്കും. പബ്ബുകൾ അനുവദിക്കുന്നതിനു പകരമാകും ഇതും. പബ്ബുകൾ അനുവദിക്കണമെങ്കിൽ കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യ നിർമ്മാണ കേന്ദ്രങ്ങൾ തുടങ്ങേണ്ടി വരും. ബ്രൂവറി അനുവദിക്കുന്നത് വമ്പൻ വിവാദമാകം. ഈ സാഹചര്യത്തിലാണ് പബ്ബുകൾ തൽകാലം വേണ്ടെന്ന് വയ്ക്കുന്നത്.

ബ്രുവറികൾ പ്രവർത്തിക്കുന്നതിനുള്ള എഫ്എൽ 13 ലൈസൻസ് ഇപ്പോൾ തന്നെ എക്‌സൈസ് ചട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്രുവറികൾ അനുവദിക്കുമ്പോഴുള്ള വിവാദം സർക്കാരിന് തലവേദനയാകും. ഒന്നാം പിണറായി സർക്കാരിനെ ഇത് ഏറെ വെട്ടിലാക്കിയിരുന്നു. കേരളത്തിലാകെ ഒരു ബ്രുവറി പ്രവർത്തിക്കുന്നതു പാലക്കാട്ടെ യുണൈറ്റഡ് ബ്രുവറീസാണ്. ഇവരാകട്ടെ ബീയർ കുപ്പിയിൽ നിറച്ചാണു വിൽപന നടത്തുന്നത്. പബ്ബുകളിൽ വലിയ കാനുകളിൽ ബീയർ വിതരണം ചെയ്യണം. ഇതിനുള്ള സാഹചര്യം കേരളത്തിൽ ഇല്ല.

പബ്ബുകളിൽ വലിയ കാനുകളിൽ ബീയർ 2 ദിവസത്തിലധികം ഇവ ഈ നിലയിൽ സൂക്ഷിക്കാൻ കഴിയാത്തതിനാൽ പുറത്തുനിന്നെത്തിക്കുക പ്രായോഗികമായി ബുദ്ധിമുട്ടാണ്. കേരളത്തിൽ തന്നെ കൂടുതൽ ബ്രുവറികൾ തുടങ്ങിയാൽ മാത്രമേ പബ് നടപ്പാക്കാൻ കഴിയൂ. ഈ സാഹചര്യത്തിൽ മുക്കിലും മൂലയിലും ബ്രൂവറി തുടങ്ങേണ്ടി വരും. ഇത് വലിയ വിവാദമാകും. മദ്യവർജ്ജനമാണ് ഇടത് പ്രകടന പത്രികയുടെ കാതൽ. ഇതിനെ അട്ടിമറിച്ചുവെന്ന വിവാദമെത്തും. ക്രൈസ്തവ സഭകളും എതിർപ്പുയർത്തും.

ഇതു പരിഗണിച്ചാണ് ഐടി മേഖലയിൽ ഇളവുകളോടെ ക്ലബ് ലൈസൻസ് നൽകാമെന്ന ചർച്ച മദ്യനയത്തിന്റെ ഭാഗമായി നടക്കുന്നത്. ഫലത്തിൽ ഐടി പാർക്കിനുള്ളിൽ മദ്യം വിളമ്പാനുള്ള സാഹചര്യം ഉണ്ടാകും. എല്ലാ തരം മദ്യവും ഉപയോഗിക്കാനും കഴിയും. നിരവധി ക്ലബ്ബുകൾ കേരളത്തിന്റെ പല ഭാഗത്തായി പ്രവർത്തിക്കുന്നുണ്ട്. ഇതാണ് ഐടി പാർക്കുടമകളും സർക്കാരിന് മുമ്പിൽ താൽപ്പര്യത്തോടെ അവതരിപ്പിക്കുന്നത്. ഇതോടെ ഐടി വ്യവസായവും ടൂറിസവും പുതിയ തലത്തിലേക്ക് ഉയരുമെന്നാണ് സർക്കാരിന്റെ കണക്കു കൂട്ടൽ.

കള്ള് ഷാപ്പ് മേഖലയുടെ മുഖം മാറ്റുന്ന പരിഷ്‌കാരങ്ങളും മദ്യനയത്തിൽ നിർദ്ദേശിക്കും. ദൂരപരിധി കുറയ്ക്കുന്നതിനു പുറമേ, ഭക്ഷണത്തിനു പ്രാധാന്യം നൽകിയുള്ള പ്രവർത്തനത്തിലേക്കു ഷാപ്പുകൾ മാറ്റും. ഒരു വർഷം കൂടി ലേല കാലാവധിയുള്ളതിനാൽ അടുത്ത വർഷമാകും ഷാപ്പുകളുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾ നടപ്പാക്കുക. അപ്പോഴേയ്ക്കും ടോഡി ബോർഡ് പ്രവർത്തനം തുടങ്ങും.

മദ്യശാലകളിലെ ഡ്രൈ ഡേ എടുത്തു കളയണമെന്നു ബാറുടമകൾ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികളുടെ എതിർപ്പുള്ളതിനാൽ ഈ ആവശ്യം അംഗീകരിച്ചേക്കില്ല. മാർച്ച് പകുതിയോടെയേ നയം അംഗീകരിക്കാൻ സാധ്യതയുള്ളൂ. ആദ്യം സിപിഎമ്മും പിന്നീട് ഇടതു മുന്നണിയും ഈ നയം ചർച്ച ചെയ്യും. അതിന് ശേഷമാകും തീരുമാനം.