കീവ്: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടി തുടരുന്നതിനിടെ നാട്ടിലേക്ക് മടങ്ങാനായി പോളണ്ട് അതിർത്തിയിലെത്തിയ ഇന്ത്യക്കാർ യുക്രൈൻ സേനയിൽ നിന്നും നേരിട്ടത് ക്രൂരപീഡനമെന്ന് മലയാളി വിദ്യാർത്ഥികൾ. പോളണ്ട് അതിർത്തിയിലെ സ്ഥിതി വളരെ ആശങ്കാജനകമെന്ന് അവിടെ കുടുങ്ങിയ വിദ്യാർത്ഥികൾ പറയുന്നു.

യുക്രൈൻ പൗരന്മാരെ മാത്രമെ അതിർത്തി കടത്തിവിടുന്നുള്ളൂ. കൊടുംതണുപ്പിൽ സ്വന്തം ലഗേജുകളും പുസ്തകങ്ങളും കൂട്ടിയിട്ടു കത്തിച്ചാണു ജീവൻ നിലനിർത്തുന്നതെന്നു വിദ്യാർത്ഥിയായ അസ്ലം പറഞ്ഞു.

വിദേശികളോടു ക്രൂരമായാണു യുക്രൈൻ സേന പെരുമാറുന്നത്. എല്ലാവരും കൂടിനിൽക്കുന്നിടത്ത് യുക്രൈൻ സൈന്യം വാഹനം കൊണ്ടുവരും. അപ്പോൾ നമ്മൾ എല്ലാവരും മാറിനിൽക്കും. വീണ്ടും സൈന്യം ആൾക്കൂട്ടത്തിനിടയ്ക്ക് വാഹനവുമായെത്തും. വല്ലാത്ത അവസ്ഥയാണിവിടെ. ലാത്തിച്ചാർജും വെടിവയ്പും ഉണ്ടായിരുന്നതായും അസ്ലം പറഞ്ഞു.

യുക്രൈനിലെ ബിസിനസ് മാനേജ്മെന്റ് വിദ്യാർത്ഥിയും മലയാളി അസോസിയേഷനിലെ സജീവ പ്രവർത്തകനുമായ ഷോൺ ഒരു ന്യൂസ് ചാനലിന് നൽകിയ പ്രതികരണത്തിലും യുക്രൈൻ സേനയുടെ മനുഷ്യത്വരഹിതമായ നടപടിയെക്കുറിച്ചാണ് പറയുന്നത്. യുക്രൈൻ- പോളണ്ട് അതിർത്തിയിലെത്തുന്ന വിദ്യാർത്ഥികളെ ഉക്രൈൻ സേന ആക്രമിക്കുകയും തിരിച്ചയക്കുകയുമാണ് ചെയ്യുന്നത് എന്നാണ് ഷോൺ പറയുന്നത്.

''ആകെ നൂറ് ഇന്ത്യക്കാരാണ് ബോർഡർ ക്രോസ് ചെയ്ത് ഇപ്പോൾ ഉക്രൈനിൽ നിന്നും പോളണ്ടിൽ എത്തിയിരിക്കുന്നത്. ഇതിൽ 60 മലയാളികളുണ്ട്. സ്ത്രീകളെയും കുട്ടികളെയും മാത്രം യുക്രൈൻ അതിർത്തി കടക്കാനേ ഇവിടത്തെ സൈന്യം അനുവദിക്കുന്നുള്ളൂ. പുരുഷന്മാരെ ആരെയും വിടുന്നില്ല.

ഇപ്പോൾ യുക്രൈൻ പട്ടാളവും പൊലീസും ഇവരെ ആക്രമിക്കുന്നുമുണ്ട്. സൈനികർ അവരുടെ ഷീൽഡ് ഉപയോഗിച്ച് അതിർത്തിയിലെത്തുന്ന ആളുകളെ തള്ളിമാറ്റുകയും അടിക്കുകയുമൊക്കെയാണ്. ഇപ്പോൾ തന്നെ ഒരു കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.

അതിർത്തിയിലെത്തുന്നവരോട് തിരിച്ച് പോവാനാണ് യുക്രൈൻ സേന പറയുന്നത്. യുക്രൈൻ സേനക്ക് പ്രത്യേകിച്ചും ഇന്ത്യക്കാരോട് നല്ല എതിർപ്പുണ്ട്. ഇന്ത്യയുടെ സെൻട്രൽ ഗവൺമെന്റ് തന്നെ ഇടപെട്ട് ഇക്കാര്യം യുക്രൈൻ സർക്കാരിനോട് പറയണം,'' വിദ്യാർത്ഥി പറഞ്ഞു. പോളണ്ട് എംബസിക്ക് യുക്രൈൻ സർക്കാരിന് മേൽ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നും ഇന്ത്യയിലെ സർക്കാർ എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെടണമെന്നും ഷോൺ കൂട്ടിച്ചേർത്തു.

യുക്രൈൻ പട്ടാളത്തിന്റെ ഉപദ്രവത്തെക്കുറിച്ച് മലയാളി വിദ്യാർത്ഥിനിയായ ഏഞ്ചൽ അതിർത്തിയിൽ നിന്നും എടുത്ത വീഡിയോയിൽ സംസാരിക്കുന്നു.യുക്രൈൻ- പോളണ്ട് അതിർത്തിയിൽ നിന്നെടുത്ത വീഡിയോയിലാണ് സേനയുടെ ഉപദ്രവത്തെക്കുറിച്ച് വിദ്യാർത്ഥിനി പറയുന്നത്.

''പോളണ്ട് അതിർത്തിയിലെത്തിയ സ്റ്റുഡൻഡ്സിനെ യുക്രൈൻ മിലിറ്ററിയും പൊലീസും തിരിച്ചയക്കുകയാണ്. ഗൺ ഫയറിങ്, ലാത്തി ചാർജ്, കൂട്ടംകൂടി നിൽക്കുന്ന കുട്ടികളുടെ ഇടയിലേക്ക് കാറ് കയറ്റുക ഇങ്ങനെയൊക്കെയാണ് അതിർത്തിയിലെത്തുന്ന ആളുകളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നത്.

ഞങ്ങൾ അത് ചോദിക്കാൻ ചെന്നപ്പോൾ അടിക്കുകയും റോഡിലേക്ക് തള്ളുകയുമാണ് ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് നേരെ കാറ് കയറ്റി, ഗോ ബാക്ക് ഗോ ബാക്ക് എന്നാണ് ഉക്രൈൻ പട്ടാളം പറയുന്നത്,'' വിദ്യാർത്ഥിനി പറയുന്നു. ഇന്ത്യ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാർത്ഥികളെല്ലാം ആവശ്യപ്പെടുന്നത്.