തിരുവനന്തപുരം: വെമ്പായത്ത് ഹാർഡ് വെയർ കടയിൽ ഉണ്ടായ തീപിടുത്തിൽ മരിച്ച ജീവനക്കാരൻ നിസാമിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മൂന്നാഴ്ച മുമ്പായിരുന്നു നിസാം കടയിൽ ജോലിയിൽ പ്രവേശിച്ചത്. തീപടർന്നപ്പോൾ മൂന്നാം നിലയിലായിരുന്നു ജീവനക്കാരനായ നിസാമുണ്ടായിരുന്നത്. രാത്രി 12 മണിയോടെയാണ് കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തിൽ നടക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാകാം തീ പടർന്നപ്പോൾ രക്ഷപ്പെടാൻ സാധിക്കാതെ പോയതെന്നാണ് നിഗമനം. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം

ഇന്നലെ വൈകുന്നേരം 7.30 മണിക്കാണ് വെൽഡിങ് നടക്കുന്നതിനിടെ തീപ്പൊരി പെയിന്റിലേക്ക് വീണ് ഹാർഡ് വെയർ കടയിൽ തീപിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളിൽ നാല് നില കെട്ടിടം പൂർണമായും കത്തിയമർന്നു. ഫയർഫോഴ്‌സിന്റെ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തെ തുടർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.

കടയിൽ 15 കോടിയുടെ നാശനഷ്ടമെന്ന പ്രാഥമിക വിലയിരുത്തൽ. കടയ്ക്ക് ഇൻഷുറൻസോ, സ്ഥാപനത്തിൽ തീയണക്കാനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആറുമാസം മുമ്പാണ് പ്രവാസിയായ നിസാറുദ്ദീൻ സ്ഥാപനം തുടങ്ങിയത്.

സ്ഥാപനത്തിൽ അഗ്‌നിസുരക്ഷ ഉപകരണങ്ങളില്ലാതിരുന്നതിനാൽ തീപടരാൻ തുടങ്ങിയപ്പോൾ തന്നെ രക്ഷാ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. തൊട്ടടുത്ത ബാങ്കിലുണ്ടായിരുന്ന തീയണക്കാനുള്ള ഉപകരണങ്ങൾ കൊണ്ടുവന്ന നാട്ടുകാർ തീയണക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.