ന്യൂയോർക്ക്: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടിക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കടന്നാക്രമിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൽഡ് ട്രംപ്. റഷ്യൻ ആക്രമണത്തിൽ തന്റെ മുൻ നിലപാട് തിരുത്തിയ ട്രംപ് വ്‌ലാഡമിർ പുടിനും റഷ്യയ്‌ക്കെതിരെയും നിലപാട് എടുക്കാൻ ബൈഡൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. താനായിരുന്നു പ്രസിഡന്റ് എങ്കിൽ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്‌നിലെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്‌ളോറിഡയിൽ കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈഡനെ വെറും ചെണ്ട പോലെ പുടിൻ കൊട്ടുന്നുവെന്ന് ട്രംപ് പരിഹസിച്ചു. ഇത് കാണാൻ ഒട്ടും സുഖകരമായ കാഴ്ചയല്ലെന്നും ട്രംപ് പറഞ്ഞു. റഷ്യയ്ക്ക് ആക്രമിക്കാനുള്ള അവസരം ഒരിക്കലും ഒരുക്കാൻ പാടില്ലായിരുന്നു. റഷ്യൻ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തിയ ട്രംപ് പ്രസ്താവിച്ചു. യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കിയെ ധീരനെന്ന് വിളിച്ചാണ് ട്രംപ് പുകഴ്‌ത്തിയത്.

ഫ്ളോറിഡയിൽ നടക്കുന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസ് 2022 വിൽ സംസാരിക്കുകയായിരുന്നു മുൻ യുഎസ് പ്രസിഡന്റ്. പുടിനുമായി തനിക്ക് സൗഹൃദം ഉണ്ടെന്നും അതിനാൽ തന്നെ ഇത്തരം ഒരു ആക്രമണം നടക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് സൂചിപ്പിച്ചു.

എന്നാൽ രണ്ട് ദിവസം മുൻപ് നടത്തിയ പ്രസ്താവനയിൽ നിന്നും തീർത്തും വിരുദ്ധമായാണ് കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസ് 2022 ൽ ട്രംപ് പ്രസ്താവന നടത്തിയത്. യുക്രൈന്റെ കിഴക്കൻ ഭാഗത്തെ രണ്ട് മേഖലകൾ സ്വതന്ത്ര രാജ്യങ്ങളാണെന്ന് പ്രഖ്യാപിക്കുകയും അങ്ങോട്ട് സൈന്യത്തെ അയക്കുകയും ചെയ്ത പുടിന്റെ നടപടി പ്രതിഭാശാലിത്വമാണെന്ന് ട്രംപ് അന്ന് പറഞ്ഞു.

യുക്രൈൻ സംഭവവികാസങ്ങൾ ടിവിയിലാണ് താൻ കണ്ടതെന്നും പുടിന്റെ നടപടി അതിശയകരമാണെന്നും ട്രംപ് പുകഴ്‌ത്തി. താൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സമാധാന സേനയെയാണ് പുടിൻ യുക്രൈനിലേക്ക് അയച്ചതെന്നും ഇതൊരു കിടിലൻ നീക്കമാണെന്നും ട്രംപ് ദ് ക്ലേ ട്രാവിസ് ആൻഡ് ബക് സെക്സ്റ്റൺ ഷോയിൽ പറഞ്ഞു.