പോങ്യാങ്: യുക്രൈനിൽ റഷ്യ സൈനിക നടപടി തുടരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി ഉത്തരകൊറിയ . റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ ആദ്യമായാണ് ഉത്തരകൊറിയ പ്രതികരിക്കുന്നത്. റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം അമേരിക്കയാണെന്ന് ആരോപിച്ചു.

യുക്രൈനിലെ പ്രതിസന്ധിയുടെ മൂലകാരണം യുഎസിന്റെ ആധിപത്യമനോഭാവവും ഏകപക്ഷീയ നിലപാടുകളുമാണെന്ന് ഉത്തരകൊറിയ തുറന്നടിച്ചു. സുരക്ഷയെക്കുറിച്ചുള്ള റഷ്യയുടെ ന്യായമായ ആവശ്യത്തെ അമേരിക്ക അവഗണിച്ചുവെന്നും നോർത് സ് സൊസൈറ്റി ഫോർ ഇന്റർനാഷണൽ പൊളിറ്റിക്സ് സ്റ്റഡി ഗവേഷകനായ റി ജി സോങ് പറഞ്ഞു.

സമാധാനത്തിന്റെയും അസ്ഥിരതയുടേയും പേരിൽ അമേരിക്ക മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു. എന്നാൽ മറ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന സ്വയം പ്രതിരോധ നടപടികളെ യാതൊരു കാര്യവുമില്ലാതെ അപലപിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ഉത്തരകൊറിയ ആരോപിച്ചു.യുഎസിന് പരമാധികാരം ലഭിച്ചിരുന്ന കാലം കഴിഞ്ഞെന്ന് ഉത്തരകൊറിയ ഓർമ്മിപ്പിച്ചു.

വിദേശമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഉത്തരകൊറിയ യുക്രൈൻ വിഷയത്തിൽ അമേരിക്കയ്ക്കെതിരെ തിരിഞ്ഞത്. റഷ്യക്കെതിരായ വിമർശനങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് ഉത്തരകൊറിയ അമേരിക്കയെ വിമർശിച്ചത്.

യുക്രൈൻ അധിനിവേശത്തിൽ റഷ്യക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പരമാവധി പ്രതിരോധിച്ചാണു ഉത്തരകൊറിയ പ്രതികരിച്ചത്. 

യുക്രൈൻ വിഷയത്തിൽ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും റഷ്യക്കെതിരെ കടുത്ത വിമർശനം ഉന്നയിക്കുമ്പോഴാണ് ഉത്തരകൊറിയയുടെ പ്രതികരണം. യുക്രൈൻ പ്രതിസന്ധിക്കു കാരണം അമേരിക്കയാണെന്നു പറഞ്ഞതിലൂടെ റഷ്യയുടെ പ്രീതി പിടിച്ചുപറ്റാനാണ് ഉത്തരകൊറിയയുടെ ശ്രമമെന്ന് വിദേശകാര്യ വിദഗ്ദ്ധർ പറഞ്ഞു.

ഉത്തര കൊറിയയുടെയും റഷ്യയുടെയും പ്രധാന സഖ്യരാജ്യമായ ചൈനയും യുഎസിനെ കുറ്റപ്പെടുത്തുന്ന നിലപാടാണു സ്വീകരിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അമേരിക്കയും കാനഡയുമടക്കമുള്ള ലോക രാജ്യങ്ങൾ റഷ്യ്ക്കും പുട്ടിനുമെതിരെ ഉപരോധങ്ങൾ ശക്തമാക്കിയിരിക്കുകയാണ്്. ഉപരോധം തുടർന്നിട്ടും യുദ്ധത്തിൽനിന്നു പിന്മാറുമെന്ന സൂചന റഷ്യയുടെ നൽകിയിട്ടില്ല.