- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ വേണ്ടെന്ന് പോളണ്ട്; കീവിൽ നിന്ന് രക്ഷപ്പെടാൻ ലിവൈവ് മേഖലയിലേക്ക് തീവണ്ടി സർവീസ്
കീവ്: റഷ്യ സൈനിക നടപടി തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനിൽ നിന്ന് പോളണ്ടിലേക്ക് പ്രവേശിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ആവശ്യമില്ലെന്ന് പോളണ്ട്. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ പോളണ്ട് അംബാസഡർ ആദം ബുരകോവ്സ്‌കി ട്വീറ്റ് ചെയ്തു.
രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഇന്ത്യൻ സർക്കാരിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് പോളണ്ടിന്റെ അനുകൂല തീരുമാനം. അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പോളണ്ടിലേക്ക് കടക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അതേസമയം, യുക്രൈന്റെ തലസ്ഥാനമായ കീവിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. യുക്രൈന്റെ പടിഞ്ഞാറൻ ഭാഗത്ത് കൂടുതൽ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാനാണ് ഇന്ത്യക്കാർക്ക് അവസരം ഒരുക്കുന്നത്. കീവിൽ നിന്ന് പടിഞ്ഞാറൻ മേഖലയായ ലിവൈവിലേക്ക് തീവണ്ടി സർവീസ് തുടങ്ങി.
ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ യുക്രൈൻ റെയിൽവേ അടിയന്തര തീവണ്ടി സർവീസ് തുടങ്ങിയിട്ടുണ്ടെന്നും അത് സൗജന്യമായിരിക്കുമെന്നും യുക്രൈനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. തീവണ്ടി യാത്രയാണ് കൂടുതൽ സുരക്ഷിതം എന്നും ട്വീറ്റിൽ പറയുന്നു. പക്ഷേ യാത്രക്കായി എങ്ങനെ റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടുമെന്ന ആശങ്കയിലാണ് കീവിലുള്ള വിദ്യാർത്ഥികൾ.
അതിർത്തിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് പോളണ്ടിലേക്ക് കടക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് അനുകൂലമായ ഇടപെടലുമായി പോളണ്ടിന്റെ സർക്കാർ രംഗത്ത് വന്നത്. അതിർത്തിയിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് യുക്രൈൻ സൈന്യമാണ് നിലപാടെടുത്തത്.




