- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാറ്റോയുടെ നിലപാടുകൾ പ്രകോപനപരം; ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാതലവന്മാർക്ക് നിർദ്ദേശം നൽകി പുടിൻ; ആണവ പ്രതിരോധ സേനയോട് അടക്കം സജ്ജമായിരിക്കാൻ നീക്കം; ആണവ ഭീഷണിയുമായി വെല്ലുവിളിച്ചതോടെ കടുത്ത ആശങ്കയിൽ യൂറോപ്പ്; റഷ്യൻ നീക്കത്തെ അപലപിച്ചു അമേരിക്കയും
മോസ്‌കോ: യുക്രൈനിൽ ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ. നാറ്റോ പ്രകോപിക്കുന്നുവെന്നും ആണവപ്രതിരോധ സേനയോടടക്കം സജ്ജമാകാൻ പ്രസിഡന്റ് നിർദ്ദേശം നൽകി. നാറ്റോസഖ്യം യുക്രൈനെ സഹായിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
നാറ്റോയ്ക്കെതിരെ പുടിൻ രൂക്ഷവിമർശനവുമായി രംഗത്തെത്തി. നാറ്റോയുടെ നിലപാടുകൾ പ്രകോപനപരമാണെന്നും പുടിൻ കുറ്റപ്പെടുത്തി. നാറ്റോ - യുക്രെയ്ൻ ധാരണ മുന്നിൽ കണ്ടാണ് റഷ്യയുടെ നീക്കം. റഷ്യൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് പുട്ടിൻ ഇക്കാര്യം അറിയിച്ചത്.
ആണവ പ്രതിരോധ സേനയെ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദ്ദേശം നൽകിയെന്നാണ് വിവരം. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കു മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രെയ്‌നെ സഹായിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഇത്തരത്തിൽ ഒരു ഉത്തരവിനു പിന്നിലെന്നാണ് റിപ്പോർട്ട്.
യുക്രെയ്‌നിലെ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്ന ഏതൊരു രാജ്യത്തിനും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ. ആണവായുധങ്ങൾ സജ്ജമാക്കാനുള്ള പുട്ടിന്റെ നിർദ്ദേശം അതിനാൽ തന്നെ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
അതേസമയം യുക്രൈനിൽ റഷ്യ സൈനിക നീക്കം ശക്തമാക്കിയതിനിടെ, റഷ്യൻ അധിനിവേശത്തിനെതിരെ യുക്രൈൻ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. അതിനിടെ, യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യൻ സൈന്യം പ്രവേശിച്ചു. ഖാർകീവിൽ കടുത്ത നാശം വിതച്ച് വലിയ തോതിലുള്ള ഷെല്ലാക്രമണമാണ് റഷ്യ നടത്തിയത്.
യുക്രൈനിലെ റഷ്യൻ സൈനിക നടപടി നാലാം ദിവസത്തിലേക്ക് കടന്നിരിക്കേ, കനത്ത ആക്രമണമാണ് റഷ്യ അഴിച്ചുവിടുന്നത്. തെക്കൻ മേഖലയിലെ ഖേഴ്‌സൻ ഉൾപ്പെടെ ഒട്ടേറെ നഗരങ്ങൾ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അതിനിടെ കീവിൽ റഷ്യൻ സൈന്യത്തിനെതിരെ വലിയ തോതിലുള്ള ചെറുത്തുനിൽപ്പാണ് യുക്രൈൻ നടത്തുന്നത്.
രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ റഷ്യൻ സൈന്യമെത്തി. കീവിന്റെ നിയന്ത്രണം തങ്ങൾക്കു തന്നെയാണെന്ന് യുക്രെയ്ൻ വ്യക്തമാക്കി. രണ്ടു മണിക്കൂർ കൊണ്ട് കീവ് പിടിക്കുമെന്ന് പറഞ്ഞവർ എവിടെയെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ചോദിച്ചു.
യുദ്ധത്തിൽ 4300 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെട്ടു. റഷ്യയ്ക്ക് 146 ടാങ്കുകളും 27 യുദ്ധവിമാനങ്ങളും 26 ഹെലികോപ്റ്ററുകളും നഷ്ടമായതായും ഉപപ്രതിരോധമന്ത്രി ഹന മാല്യയർ ഫേസ്‌ബുക്ക് പേജിൽ അറിയിച്ചു.
കീവിലും ഹർകീവിലും റഷ്യ ഉഗ്രസ്‌ഫോടനങ്ങൾ നടത്തി. ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. വ്യോമാക്രമണവും റഷ്യ ശക്തമാക്കി. ഒഖ്തിർക്കയിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ ആറ് വയസ്സുകാരി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹർകീവിലെ ഒൻപത് നില കെട്ടിടത്തിനു നേരെ റഷ്യൻ സൈന്യം വെടിയുതിർത്തതായും ഇതിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടു പുറത്തുവന്നിരുന്നു. മിസൈൽ പതിച്ച് വസിൽകീവിലെ ഇന്ധന സംഭരണ ശാലയ്ക്കും തീപിടിച്ചു. അക്രമണത്തിന് പിന്നാലെ ഇന്ധന സംഭരണശാല വലിയ തീഗോളമായി മാറുന്ന വിഡിയോ പുറത്തുവന്നു.
ഹർകീവിൽ വാതക പൈപ്പ്ലൈന് നേരെയും ആക്രമണം ഉണ്ടായി. വിഷവാതകം ചോരുന്നതിനാൽ പ്രദേശവാസികൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നു നിർദേശമുണ്ട്. സാധാരണക്കാർക്ക് ആയുധം നൽകി സൈന്യത്തിൽ ചേർത്ത് റഷ്യൻ ആക്രമണത്തെ ചെറുക്കുകയാണ് യുക്രൈൻ. റഷ്യൻ അധിനിവേശം തടയാൻ യുക്രൈന് ആയുധ പിന്തുണ നൽകുമെന്ന് കൂടുതൽ രാജ്യങ്ങളറിയിച്ചു. യുക്രൈന് ആയുധങ്ങളെത്തിക്കുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. ബെൽജിയവും ജർമനിയും കൂടുതൽ ആയുധങ്ങൾ നൽകാൻ തീരുമാനിച്ചു.
അതേ സമയം റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ബെലാറസിൽ ചർച്ച നടത്താമെന്ന റഷ്യയുടെ നിർദ്ദേശം യുക്രൈൻ അംഗീകരിച്ചതായാണ് വ്യക്തമാക്കുന്നത്. ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ബെലാറസ് പ്രസിഡന്റുമായി ചർച്ച നടത്തിയെന്നും റഷ്യ പറയുന്നു. യുക്രൈൻ പ്രതിനിധി സംഘം ചർച്ചയ്ക്കായി തിരിച്ചതായും റിപ്പോർട്ടുകളുണ്ട്.




