കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി ബെലാറൂസ് അതിർത്തിയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യൂറോപ്യൻ യൂണിയനെതിരെ ആഞ്ഞടിച്ച് റഷ്യ. യുക്രൈന് ആയുധം നൽകാനുള്ള തീരുമാനം അപകടകരമാണ്. യുക്രൈൻ ദേശീയവാദികൾ സാധാരണക്കാരെ മനുഷ്യകവചമാക്കുന്നു. റഷ്യൻ സൈനിക നടപടി യുക്രൈൻ ജനതയ്ക്ക് സംരക്ഷണം നൽകാനാണ്. ഉപരോധങ്ങൾ ശക്തമെങ്കിലും മറികടക്കാനുള്ള ശേഷിയുണ്ടെന്നും റഷ്യൻ വക്താവ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി ബെലാറൂസ് അതിർത്തിയിൽ യുക്രൈനും റഷ്യയും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. പ്രതിരോധ മന്ത്രിയാണ് യുക്രൈൻ സംഘത്തെ നയിക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. എന്നാൽ നിബന്ധനകളുണ്ടെന്ന് റഷ്യ അറിയിച്ചു.

ആക്രമണം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച നടത്തുന്നത്. റഷ്യ ടുഡേ ചാനലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വെടിനിർത്തൽ വേണമെന്നും റഷ്യൻ സൈന്യത്തെ തങ്ങളുടെ പ്രദേശത്ത് പിൻവലിക്കാൻ റഷ്യ തയ്യാറാവണമെന്നും നേരത്തെ യുക്രൈൻ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നടത്തിയ ആണവ ഭീഷണിക്കു തൊട്ടുപിന്നാലെയാണ് തങ്ങൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈൻ വ്യക്തമാക്കിയത്. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയും ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുക്കാഷെങ്കോയും ഞായറാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിനു ശേഷമാണ് ബെലാറസിൽ വെച്ച് ചർച്ചയാകാമെന്ന് തീരുമാനം ഉണ്ടായത്.

നിരുപാധികം കീഴടങ്ങുക, നാറ്റോ, ഇയു അംഗത്വ ആവശ്യം ഉപേക്ഷിക്കുക എന്നിവയിലേതെങ്കിലുമൊന്നാകും റഷ്യ ആവശ്യപ്പെടുക എന്നാണ് സൂചന. എന്നാൽ ഇക്കാര്യം യുക്രൈൻ അംഗീകരിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.

സമാധാന ശ്രമങ്ങൾക്കിടയിലും യുക്രൈന്റെ പലഭാഗങ്ങളിലും റഷ്യൻ സേനയുടെ ആക്രമണം ശക്തമാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂർ നിർണായകമാണെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയും പറഞ്ഞു. റഷ്യൻ ആക്രണത്തിൽ ഇതുവരെ 352 പേർ കൊല്ലപ്പെട്ടുവെന്നും യുക്രൈൻ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരിൽ 16 പേർ കുട്ടികളാണ്. 1654 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്കുകൾ.

യുക്രെയ്‌നിലെ പല നഗരങ്ങളും പിടിച്ചെടുത്താണു റഷ്യയുടെ സൈനിക മുന്നേറ്റം. ആണവായുധങ്ങൾ തയാറാക്കി വയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ നിർദ്ദേശം നൽകിയിരുന്നു.

ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂക്കഷെൻകോയാണ് ചർച്ചയ്ക്കായി യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയെ ക്ഷണിച്ചത്. എന്നാൽ റഷ്യൻ അധിനിവേശത്തിന് ബെലാറൂസ് സഹായം നൽകുന്നതിനാൽ ചർച്ചയ്ക്കില്ലെന്നായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. യുദ്ധം നീണ്ടുപോയാൽ വരും ദിവസങ്ങളിൽ യുക്രൈന് സൈനിക സഹായം നൽകുമെന്ന് യൂറോപ്യൻ യൂണിൻ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് റഷ്യ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.

ഒരു വശത്തു സമാധാന ചർച്ച, മറു വശത്ത് ആക്രമണം എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. യുക്രൈൻ നഗരമായ ചെർണിഹിവിൽ ജനവാസ മേഖലയിൽ റഷ്യ മിസൈൽ ആക്രമണത്തെ നടത്തി. വടക്കൻ നഗരമായ ചെർണിഹിവിൽ റഷ്യ ബോംബിട്ടത് ജനങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ താഴത്തെ നിലയിലാണ്. കീവിലും ഖാർകീവിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ആക്രമണം നടത്തി. റഷ്യ ആക്രമണം തുടരുമ്പോഴും കീവും ഖാർകീവും കീഴടങ്ങാതെ തന്നെ നിൽക്കുന്നു.

അതിനിടെ ബെലാറൂസ് സൈന്യം റഷ്യക്ക് ഒപ്പം ചേർന്ന് യുക്രൈനെ ആക്രമിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട് ഉണ്ട്. കിഴക്കൻ പട്ടണമായ ബെർഡിയൻസ്‌ക് പിടിച്ചതായി റഷ്യ അവകാശപ്പെട്ടു. അഞ്ചു ദിവസത്തെ ആക്രമണങ്ങളിൽ 350 യുക്രൈൻകാർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനവാസ മേഖലകൾ ആക്രമിച്ചത് അടക്കം റഷ്യ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളുടെ പട്ടിക യുക്രൈൻ പുറത്തുവിട്ടു.

ഉപരോധങ്ങൾക്ക് മറുപടി ആയി യൂറോപ്പിലേക്കുള്ള ഇന്ധന , എണ്ണ വിതരണം നിർത്തുമെന്ന് റഷ്യ ഭീഷണി മുഴക്കി. പ്രതിസന്ധി ചർച്ച ചെയ്യാൻ യൂറോപ്യൻ നേതാക്കൾ യോഗം വിളിച്ചിട്ടുണ്ട്. അതിശക്തരായ റഷ്യയെ ഒറ്റയ്ക്ക് പ്രതിരോധിക്കുന്ന ധീര നായകൻ എന്ന പ്രതിച്ഛായ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കിയുടെ ജനപ്രീതി കുത്തനെ ഉയർത്തി. 90 ശതമാനം യുക്രൈൻകാർ അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ വോട്ടെടുപ്പിലെ സൂചന. ആറു മാസം മുൻപ് മുപ്പതു ശതമാനം മാത്രമായിരുന്നു സെലൻസ്‌കിയുടെ ജനപ്രീതി.

യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അഭയാർത്ഥി പ്രവാഹം രൂക്ഷമായി. നാല് ലക്ഷം പേർ ഇതിനകം എല്ലാം ഇട്ടെറിഞ്ഞു പ്രാണ രക്ഷാർത്ഥം അതിർത്തികളിൽ എത്തി. അഭയാർത്ഥികളോടു പരമാവധി മാനുഷികത കാട്ടുമെന്ന് റുമേനിയ , പോളണ്ട് , ഹംഗറി , സ്ലോവേക്യ , മൊൾഡോവ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യയിലും മറ്റു രാജ്യങ്ങളിലും യുദ്ധത്തിനെതിരെ വൻ പ്രക്ഷോഭമാണ് നടക്കുന്നത്. യൂറോപ്യൻ യൂണിയൻ എത്രയും പെട്ടെന്ന് അംഗത്വം അനുവദിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. അഞ്ചാം ദിവസവും പാശ്ചാത്യ രാജ്യങ്ങളെ റഷ്യ അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിനൊപ്പം നിൽക്കാനാണ് ആഗ്രഹം. അതു സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.