ന്യൂഡൽഹി: ഇന്ത്യയിൽ ട്വന്റി 20 ടെസ്റ്റ് പരമ്പരകൾക്കായി എത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം യാത്രക്കായി ഉപയോഗിച്ച ബസിൽനിന്ന് ബുള്ളറ്റ് ഷെല്ലുകൾ കണ്ടെടുത്തു. ശ്രീലങ്കൻ ടീമിന്റെ യാത്രകൾക്കായി ഉപയോഗിച്ച ബസിൽ സാധാനങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണു വെടിയുണ്ടകളുടെ ഷെല്ലുകൾ കണ്ടെത്തിയത്.

ശ്രീലങ്കൻ താരങ്ങൾ ചണ്ഡീഗഡിലെ ഹോട്ടലിൽനിന്ന് മൊഹാലിയിലെ മൈതാനത്തേക്കു പോയത് ഈ സ്വകാര്യബസിലായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചു പരിശോധന നടത്തി.

ശനിയാഴ്ച, നടത്തിയ പതിവുപരിശോധനയ്ക്കിടെയാണ് ബസിലെ ലഗേജുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് പൊലീസിന് രണ്ട് ബുള്ളറ്റ് ഷെല്ലുകൾ ലഭിച്ചത്. ശ്രീലങ്കൻ ടീം താമസിച്ചിരുന്ന ചണ്ഡീഗഢിലെ ലളിത് ഹോട്ടലിൽനിന്ന് താരങ്ങളെ മൊഹാലിയിലെ ആർ.എസ് ബിന്ദ്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൊണ്ടുവിട്ട ബസിൽനിന്നാണ് ഷെല്ലുകൾ കണ്ടെടുത്തിട്ടുള്ളത്.

ബസ് ഹോട്ടൽ കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന സമയത്ത് ഐ.ടി. പാർക്ക് പൊലീസ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചണ്ഡീഗഢിലെ 'താര ബ്രദേഴ്സ്' എന്ന സ്ഥാപനത്തിൽനിന്ന് വാടകയ്ക്കെടുത്ത സ്വകാര്യ ബസാണിതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇതേ ബസ് ഒരു വിവാഹ ചടങ്ങിന്റെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തിരുന്നതായും വിവരമുണ്ട്. വടക്കേ ഇന്ത്യയിൽ വിവാഹച്ചടങ്ങുകളുടെ ഭാഗമായി ആഘോഷ വെടിവയ്പുകൾ നടത്താറുണ്ട്. ഇതിനു നിരോധനമുണ്ടെങ്കിലും ഇത്തരം ചടങ്ങുകൾ ഇപ്പോഴും നടക്കാറുണ്ടത്രേ. ബസിന്റെ ഡ്രൈവറെയും ഉടമയെയും പൊലീസ് ചോദ്യം ചെയ്തു. ട്വന്റി20 പരമ്പരയ്ക്കു ശേഷം ശ്രീലങ്കൻ ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങൾക്കായി ഒരുങ്ങുകയാണ്. മൊഹാലിയിലും ബെംഗളൂരുവിലുമാണു മത്സരങ്ങൾ. ട്വന്റി20 പരമ്പര ഇന്ത്യ 30ന് സ്വന്തമാക്കിയിരുന്നു.