കൊച്ചി: മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്നത് സംശയമില്ലാത്ത കാര്യമാണ്. വയസ് എഴുപത് പിന്നിട്ടിട്ടും സൗന്ദര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു നടനില്ല എന്നുതന്നെ പറയാം. മാർച്ച് മൂന്നിന് പുറത്തിറങ്ങാൻ പോകുന്ന ഭീഷ്മപർവത്തിലും സ്‌റ്റൈലിഷ് ലുക്കിൽ തന്നെയാണ് അദ്ദേഹം. മമ്മൂട്ടിയെക്കുറിച്ച് ഒരുകാലത്ത് മലയാളത്തിന്റെ പ്രിയനായികമാരിൽ ഒരാളായിരുന്ന നദിയ മൊയ്തു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി നാദിയ മൊയ്തുവും മമ്മൂട്ടിയുമായുള്ള ഒരു തർക്കം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ചിരി സമ്മാനിക്കുകയാണ്.സൗന്ദര്യം ഇപ്പോഴും മമ്മൂക്ക നിലനിറുത്തി പോരുന്നതിൽ അസൂയയുണ്ടോ എന്നായിരുന്നു നാദിയ മൊയ്തുവിനോട് മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഇതിന് സന്തോഷമേയുള്ളൂ എന്നായിരുന്നു നാദിയയുടെ ഉത്തരം. ഉടൻ തന്നെ മമ്മൂട്ടിയുടെ കമന്റും വന്നു; ഭയങ്കര സുന്ദരിയല്ലേ?

അടുത്തത് പറയാൻ ശ്രമിച്ചെങ്കിലും നാദിയ സമ്മതിച്ചില്ല. നിൽക്ക് ഒരുകാര്യം ഞാൻ പറയട്ടെ എന്ന് പറഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങി. ഞാൻ പറഞ്ഞോട്ടെയെന്ന മമ്മൂട്ടിയുടെ വാക്കുകളൊന്നും നാദിയ കേട്ടില്ല. ഒടുവിൽ ചെറുചിരിയോടെ മമ്മൂട്ടി തന്നെ മൈക്ക് താഴെ വയ്ക്കുകയായിരുന്നു.

'മമ്മൂക്കയ്ക്ക് ഇപ്പോഴും ഇങ്ങനെ കഥാപാത്രങ്ങൾ കിട്ടുന്നു; നമ്മൾ പെണ്ണുങ്ങൾ എത്രതന്നെ സൗന്ദര്യം നിലനിർത്തിയിട്ടും അതുപോലെയുള്ള കഥാപാത്രങ്ങൾ കിട്ടുന്നില്ല'; പ്രസ് മീറ്റിനിടെ മമ്മൂട്ടി മുന്നിലിരുത്തി നദിയ മൊയ്തു പറയുന്നു.

''മമ്മൂട്ടിയോടൊപ്പം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടാലോ, ഇപ്പോൾ വീണ്ടും അഭിനയിക്കുന്നു, അന്നത്തെ സൗന്ദര്യം മമ്മൂട്ടി ഇന്നും നിലനിർത്തുന്നുണ്ട്, അതിൽ അസൂയ ഉണ്ടോ?'' എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

അതിന് ഇപ്രകരമായിരുന്നു നദിയയുടെ മറുപടി, ''അസൂയ എന്തിന്, സന്തോഷമല്ലേ, ഇത്രയും കൊല്ലത്തിന് ശേഷം ഇങ്ങനെ സൗന്ദര്യം നിലനിർത്താൻ കഴിയുന്നത് വലിയ ഭാഗ്യമാണ്. അതൊരു സമ്മനമാണ്, അനുഗ്രഹമാണ്. കുശുമ്പുള്ള ഒരു കാര്യം എന്തെന്നാൽ, മമ്മൂക്കയ്ക്ക് ഇപ്പോഴും ഇങ്ങനെ കഥാപാത്രങ്ങൾ കിട്ടുന്നുണ്ട്. നമ്മൾ പെണ്ണുങ്ങൾ എത്രതന്നെ സൗന്ദര്യം നിലനിർത്തിയിട്ടും അതുപോലെയുള്ള കഥാപാത്രങ്ങൾ കിട്ടുന്നില്ല'' നദിയ പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മ പർവ്വ'ത്തിൽ ഒരു പ്രധാന വേഷത്തിൽ നദിയ എത്തുന്നുണ്ട്. മാർച്ച് മൂന്നിനാണ് 'ഭീഷ്മപർവ്വം തിയേറ്ററുകളിലേക്കെത്തുന്നത്. ബിഗ്‌ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപർവ്വം. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ഫാത്തിമ എന്ന കഥാപാത്രമായാണ് നദിയ എത്തുന്നത്. എൺപതുകളിൽ ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റർ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മമ്മൂട്ടിക്ക് പുറമെ തബു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, ശ്രിൻഡ, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാം നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിങ് വിവേക് ഹർഷൻ.