- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെടിനിർത്തലും സേനാ പിന്മാറ്റവും ഉന്നയിച്ച് യുക്രൈൻ; ക്രിമിയയിൽ നിന്നും ഡോൺബാസിൽ നിന്നും റഷ്യ പിന്മാറണമെന്ന് ആവശ്യം; ജനങ്ങൾ കീവ് വിടണമെന്ന് റഷ്യ; ആക്രമണം കടുപ്പിക്കാൻ നീക്കം; റഷ്യയിലെ എംബസി ജീവനക്കാരെയും പൗരന്മാരെയും തിരികെ വിളിച്ച് അമേരിക്ക
കീവ്: ബെലാറൂസിൽ നടന്ന റഷ്യ - യുക്രെയ്ൻ ചർച്ച അവസാനിച്ചു. ചർച്ചയിൽ വെടിനിർത്തലും സമ്പൂർണ സേനാപിന്മാറ്റം ഉന്നയിച്ച് യുക്രെയ്ൻ നിലപാടിൽ ഉറച്ചു നിന്നു. ക്രിമിയയിൽ നിന്നും ഡോൺബാസിൽ നിന്നും റഷ്യൻ സേന പിന്മാറണം എന്നതടക്കമുള്ള ആവശ്യമാണ് യുക്രൈൻ മുന്നോട്ടുവച്ചത്. പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവാണ് യുക്രൈൻ സംഘത്തെ നയിച്ചത്. വെടിനിർത്തലും സേനാ പിന്മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്‌കി ചർച്ചയ്ക്കു മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.
റഷ്യ ധാരണക്ക് തയ്യാറാണെന്നാണ് ചർച്ച തുടങ്ങിയ അവസരത്തിൽ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. ചർച്ചയിൽ എന്ത് പറയുമെന്ന് മുൻകൂട്ടി പറയില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. നിരുപാധികം കീഴടങ്ങുക, നാറ്റോ, ഇയു അംഗത്വ ആവശ്യം ഉപേക്ഷിക്കുക എന്നിവയിലേതെങ്കിലുമൊന്നാകും റഷ്യ ആവശ്യപ്പെടുക എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.

ഇതിനിടെ യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജനങ്ങൾക്ക് റഷ്യൻ സേന നിർദ്ദേശം നൽകി. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നൽകാമെന്നും റഷ്യൻ സൈന്യം അറിയിച്ചു. രാത്രി എട്ടുമുതൽ രാവിലെ ഏഴുവരെ കീവിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനിടെ ബെലാറൂസിലെ എംബസിയുടെ പ്രവർത്തനം യുഎസ് നിർത്തിവച്ചു. ബെലാറൂസ് റഷ്യയ്ക്ക് സഹായം തുടർന്നാൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്. അതേസമയം,റഷ്യയിലുള്ള സ്വന്തം പൗരന്മാരോട് എത്രയും വേഗം തിരികെ വരാൻ അമേരിക്ക ആവശ്യപ്പെട്ടു. മോസ്‌കോയിലെ യുഎസ് എംബസിയാണ് സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരക്കുന്നത്. എംബസിയിൽ അത്യാവാശ്യ ജോലികൾ കൈാകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഉടൻ റഷ്യ വിടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകി. യുക്രൈൻ - റഷ്യ അതിർത്തിയിലേക്ക് യാത്ര ചെയ്യരുത് എന്ന് പൗരന്മാർക്ക് യുഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
യുക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന പ്രകോപനരഹിതവും നീതീകരിക്കാനാവാത്തതുമായ ആക്രമണം ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങൾ കാരണമാണ് തങ്ങൾ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ബെലാറുസിലെ യു.എസ്. എംബസിയിലെ അമേരിക്കൻ പതാക, ജീവനക്കാർ താഴ്‌ത്തുന്നതിന്റെ ഫോട്ടോ യു.എസ്. അംബാസഡർ ജൂലി ഫിഷർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. എംബസിയിലുണ്ടായിരുന്ന മുഴുവൻ അമേരിക്കൻ ജീവനക്കാരും ബെലറുസ് വിട്ടതായും ഫിഷർ ട്വീറ്റിൽ വ്യക്തമാക്കുന്നു. തലസ്ഥാനമായ മിൻസ്‌കിലാണ് ബെലറുസിലെ യു.എസ്. എംബസി പ്രവർത്തിക്കുന്നത്.

രണ്ടാഴ്ച മുൻപ്, യുക്രൈനിലെ എംബസിയുടെ പ്രവർത്തനം തലസ്ഥാനമായ കീവിൽനിന്ന് പടിഞ്ഞാറൻ നഗരമായ ലിവിലേക്ക് യു.എസ്. മാറ്റിയിരുന്നു. റഷ്യൻ സൈന്യം യുക്രൈൻ അതിർത്തി വളഞ്ഞതിനു പിന്നാലെ ആയിരുന്നു ഇത്.
അതേസമയം, 36 രാജ്യങ്ങളുടെ വ്യോമപാത റഷ്യ നിഷേധിച്ചു. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് വിലക്കെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. റഷ്യയ്ക്ക് മേൽ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്റോവ് യുഎൻ സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്. ആണവായുധങ്ങൾ തയാറാക്കി വയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ നിർദ്ദേശം നൽകിയിരുന്നു.
ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂക്കഷെൻകോയാണ് ചർച്ചയ്ക്കായി യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കിയെ ക്ഷണിച്ചത്. എന്നാൽ റഷ്യൻ അധിനിവേശത്തിന് ബെലാറൂസ് സഹായം നൽകുന്നതിനാൽ ചർച്ചയ്ക്കില്ലെന്നായിരുന്നു യുക്രെയ്‌ന്റെ നിലപാട്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. യുദ്ധം നീണ്ടുപോയാൽ വരും ദിവസങ്ങളിൽ യുക്രൈന് സൈനിക സഹായം നൽകുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.

യുക്രൈൻ നഗരമായ ചെർണിഹിവിൽ ജനവാസ മേഖലയിൽ റഷ്യ മിസൈൽ ആക്രമണത്തെ നടത്തിയിരുന്നു. വടക്കൻ നഗരമായ ചെർണിഹിവിൽ റഷ്യ ബോംബിട്ടത് ജനങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ താഴത്തെ നിലയിലാണ്. കീവിലും ഖാർകീവിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ആക്രമണം നടത്തി. റഷ്യ ആക്രമണം തുടരുമ്പോഴും കീവും ഖാർകീവും കീഴടങ്ങാതെ തന്നെ നിൽക്കുന്നു.
ഏറെ ബുദ്ധിമുട്ടുള്ള ഞായറാഴ്ചയാണ് കടന്നു പോയതെന്നും അടുത്ത 24 മണിക്കൂർ യുക്രൈനെ സംബന്ധിച്ച് നിർണായകമെന്നും പ്രസിഡന്റ് വ്ലാദിമിർ സെലിൻസ്‌കി പറഞ്ഞു. ഷ്യൻ സൈന്യം വളഞ്ഞിട്ടിരിക്കുന്ന കീവ് നഗരത്തിൽ സൈന്യത്തിനൊപ്പം പ്രതിരോധത്തിന് പരമാവധി പേരെ പരിശീലിപ്പിക്കുകയാണ് യുക്രൈൻ സൈന്യം. സാധാരണ പൗരന്മാരടക്കമുള്ളവരാണ് സൈന്യത്തിനൊപ്പം പ്രതിരോധത്തിന് എത്തുന്നത്.
കടന്നുകയറുന്ന റഷ്യൻ സൈന്യത്തെ എല്ലാ വിധത്തിലും പ്രതിരോധിക്കുകയാണ് യുക്രൈൻ ജനതയും. ബെർഡിയാൻസ് മേഖലയിൽ തടഞ്ഞിട്ട റഷ്യൻ സൈനിക വാഹനത്തിന് മുന്നിൽ കൂട്ടമായി നിന്ന് യുക്രൈൻ ദേശീയഗാനമാലപിക്കുന്ന ജനങ്ങളുടെ വീഡിയോ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുകയാണ്.
അതിനിടെ ബെലാറൂസ് സൈന്യം റഷ്യക്ക് ഒപ്പം ചേർന്ന് യുക്രൈനെ ആക്രമിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട് ഉണ്ട്. കിഴക്കൻ പട്ടണമായ ബെർഡിയൻസ്‌ക് പിടിച്ചതായി റഷ്യ അവകാശപ്പെട്ടു. അഞ്ചു ദിവസത്തെ ആക്രമണങ്ങളിൽ 350 യുക്രൈൻകാർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ജനവാസ മേഖലകൾ ആക്രമിച്ചത് അടക്കം റഷ്യ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളുടെ പട്ടിക യുക്രൈൻ പുറത്തുവിട്ടു.
ഉപരോധങ്ങൾക്ക് മറുപടി ആയി യൂറോപ്പിലേക്കുള്ള ഇന്ധന , എണ്ണ വിതരണം നിർത്തുമെന്ന് റഷ്യ ഭീഷണി മുഴക്കി. പ്രതിസന്ധി ചർച്ച ചെയ്യാൻ യൂറോപ്യൻ നേതാക്കൾ യോഗം വിളിച്ചിട്ടുണ്ട്. അതിശക്തരായ റഷ്യയെ ഒറ്റയ്ക്ക് പ്രതിരോധിക്കുന്ന ധീര നായകൻ എന്ന പ്രതിച്ഛായ യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കിയുടെ ജനപ്രീതി കുത്തനെ ഉയർത്തി. 90 ശതമാനം യുക്രൈൻകാർ അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായാണ് അഭിപ്രായ വോട്ടെടുപ്പിലെ സൂചന. ആറു മാസം മുൻപ് മുപ്പതു ശതമാനം മാത്രമായിരുന്നു സെലൻസ്‌കിയുടെ ജനപ്രീതി.
അഭയാർത്ഥി പ്രവാഹവും രൂക്ഷമായി. നാല് ലക്ഷം പേർ ഇതിനകം എല്ലാം ഇട്ടെറിഞ്ഞു പ്രാണ രക്ഷാർത്ഥം അതിർത്തികളിൽ എത്തി. അഭയാർത്ഥികളോടു പരമാവധി മാനുഷികത കാട്ടുമെന്ന് റുമേനിയ , പോളണ്ട് , ഹംഗറി , സ്ലോവേക്യ , മൊൾഡോവ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.




