കണ്ണൂർ:ഭാരതസർക്കാർ യുക്രൈയ്നിൽ യുദ്ധക്കെടുതിയിൽ കുടുങ്ങിയ പരമാവധി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് ഗോവ ഗവർണർ പി. എസ് ശ്രീധരൻ പിള്ള പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ രാജ്യവും അവർക്ക് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നുള്ള അഭിപ്രായമാണ് കഴിഞ്ഞ ദിവസം അമേരിക്ക പ്രകടിപ്പിച്ചത്.അതേ സമയം ഭാരത സർക്കാർ റഷ്യയുടെയും അനുമതിയോടു കൂടി കഴിയാവുന്നത്ര ആളുകളെ നാട്ടിലെത്തിക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.

കേരളാ ഗവർണറെ നീക്കം ചെയ്യാൻ സംസ്ഥാനത്തിന് അധികാരം വേണമെന്ന സംസ്ഥാന സർക്കാറിന്റെ അഭിപ്രായത്തോട് ഗവർണറെന്ന നിലയിൽ താൻ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. അക്കാദമിക്ക് തലത്തിൽ ഒരു പാട് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. ഓരോരുത്തർക്കും അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുള്ളത് പോലെ സംസ്ഥാനത്തിനും അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഈക്കാര്യത്തിൽ തന്റെ നിലപാട് താനെഴുതിയ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അപലപിക്കപ്പെടേണ്ടതാണെന്നും എക്കാലത്തും താനതുപറഞ്ഞിട്ടുണ്ടെന്നും ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി.