തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മാർച്ച് ഒന്ന് മുതൽ ആഭ്യന്തര സർവീസുകളുടെ പ്രതിവാര എണ്ണം 60 ൽ നിന്ന് 79 ആയി ഉയരുന്നു. വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ അധിക സർവീസുകൾ പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

ബാംഗ്ലൂരിലേക്കുള്ള സർവീസുകൾ ആഴ്ചയിൽ ഏഴിൽ നിന്ന് 20 ആയി ഉയർത്താനാണ് ഇൻഡിഗോ എയർലൈൻസിന്റെ തീരുമാനം. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രക്കാർക്ക് ഇത് ഉപകാരപ്പെടും. തിരുവനന്തപുരം-ബെംഗളൂരു ടിക്കറ്റിനായുള്ള തിരക്ക് പരിഗണിച്ചാണ് തീരുമാനം. പ്രവൃത്തിദിവസങ്ങളിൽ മൂന്ന് സർവീസുകളുണ്ടാകും. രണ്ടെണ്ണം രാവിലെയും ഒന്ന് വൈകുന്നേരവും ആയിരിക്കും.

കണ്ണൂരിലേക്കും കൊച്ചിയിലേക്കും ദിവസവും സർവീസ് ഉണ്ടാകും. നേരത്തെ ഇത് ആഴ്ചയിൽ 4 ആയിരുന്നു. ഇത് കേരളത്തിനുള്ളിലെ കണക്റ്റിവിറ്റി വർധിപ്പിക്കാൻ സഹായകരമാകും. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവീസുകൾ തുടരും. നേരത്തെ ആരംഭിച്ച ഏതാനും സർവീസുകൾ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നിരുന്നു.

വേനൽക്കാല ഷെഡ്യൂളിൽ ഡൽഹി പൂണെ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കും. അതിന് പുറമെ, ഗൾഫ് രാജ്യങ്ങളിലേക്കടക്കം അന്താരാഷ്ട്ര സർവീസുകളും പ്രതീക്ഷിക്കുന്നു.