ഭോപ്പാൽ: മധ്യപ്രദേശിൽ വാഹന മോഷ്ടാവ് അറസ്റ്റിൽ. ചോദ്യം ചെയ്യലിനിടെ വാഹന മോഷ്ടാവ് നടത്തിയ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയതാകട്ടെ പൊലീസും. അഞ്ചുവർഷം മുൻപ് കടബാധ്യതയെ തുടർന്ന് പൂട്ടിയ വാഹന വിൽപ്പനശാലയുടെ ഉടമസ്ഥനാണ് മോഷ്ടാവായി മാറിയത്.

ഇൻഡോറിലെ ഹീരാ നഗറിലാണ് സംഭവം. ഫൈൻ മോട്ടേഴ്സ് എന്ന പേരിൽ ഇരുചക്രവാഹന വിൽപ്പനശാല നടത്തിയിരുന്ന അജയ് ആണ് വാഹന മോഷണക്കേസിൽ അറസ്റ്റിലായത്.

2013ലാണ് ഹോണ്ട ബൈക്കുകളുടെ ഷോറൂം തുടങ്ങിയത്. വലിയ തുകയ്ക്ക് വായ്പ എടുത്താണ് സ്ഥാപനം തുടങ്ങിയത്. അതിനിടെ സീറോ ഡൗൺ പേയ്മെന്റ് സ്‌കീമുമായി തന്നെ സമീപിച്ച ധനകാര്യ സ്ഥാപനം വഞ്ചിച്ചതായി അജയ് പൊലീസിന് മൊഴി നൽകി.

ഈ കമ്പനിയെ വിശ്വസിച്ച് 50 ബൈക്കുകൾ വിറ്റഴിച്ചു. എന്നാൽ വാഹനങ്ങളുടെ പണം നൽകാതെ ധനകാര്യ സ്ഥാപനത്തിന്റെ ഉടമകൾ മുങ്ങിയതായി അജയ് പറയുന്നു. തുടർന്ന് വലിയ തോതിലുള്ള കടക്കെണിയിൽ അകപ്പെട്ട താൻ കുടുംബത്തെ നോക്കാനാണ് മോഷണത്തിലേക്ക് കടന്നതെന്നും അജയ് മൊഴി നൽകിയതായി പൊലീസ് പറയുന്നു.

2017ലാണ് ഷോറൂം അടച്ചത്. രണ്ടു പെൺമക്കളും അച്ഛനും അടങ്ങുന്ന കുടുംബത്തെ നോക്കാനാണ് മോഷണം ശീലമാക്കിയത്. ഷോറൂം തുടങ്ങുന്നതിന് മുൻപ് ബൈക്ക് മെക്കാനിക്ക് ആയിരുന്നു. ഇതിൽ നിന്ന് ലഭിച്ച വൈദഗ്ധ്യം ഉപയോഗിച്ചായിരുന്നു വാഹനങ്ങൾ മോഷ്ടിക്കാൻ തുടങ്ങിയതെന്നും പൊലീസ് പറയുന്നു. ആക്ടിവയുടെയും ഹോണ്ട ബൈക്കുകളുടെയും മാസ്റ്റർ കീ ഉണ്ടാക്കാൻ പഠിച്ചതാണ് പ്രയോജനപ്പെടുത്തിയത്. മോഷ്ടിച്ച വാഹനങ്ങൾ 20,000 രൂപയ്ക്കാണ് വിറ്റിരുന്നതെന്നും പൊലീസ് പറയുന്നു.