തിരുവനന്തപുരം: മൂന്ന് മൂന്നര വയസ്സാകുമ്പോഴെ കുട്ടികളെ എൽകെജിയിൽ ചേർത്ത് വിദ്യാഭ്യാസം തുടങ്ങുന്ന സമ്പ്രദായമാണ് നമ്മൾ പൊതുവേ കൊണ്ടു വരുന്നത്. വീട്ടിൽ കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തിൽ തന്നെ ഭാരിച്ച ബാഗുമായി സ്‌കൂളിലേക്കു പോകുന്ന നിരവധി കുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ ഇനി അത്തരം സമ്പ്രദായം പൊളിച്ചെഴുതാൻ തുടങ്ങുകയാണ് കേരളവും. ഇനി ആറു വയസ്സ് തികഞ്ഞാൽ മാത്രമേ ഒന്നാം ക്ലാസിൽ പ്രവേശനം അനുവദിക്കൂ. ദേശിയ വിദ്യാഭ്യാസ നയപ്രകാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തയ്യാറെടുപ്പു തുടങ്ങുകയാണ് കേരളം.

പുതിയ അധ്യയനവർഷം മുതൽ ആറ് വയസ്സു തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ ചേരാനാകില്ല. നിർബന്ധമായും ആറു വയസ്സ് തികയുന്ന കുട്ടികളെ മാത്രമേ സ്‌കൂളിൽ പ്രവേശനം അനുവദിക്കൂ എന്നാണ് നിയമം. 2020ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയ്യാറെടുപ്പു തുടങ്ങി. നിലവിൽ അഞ്ച് വയസ് കഴിഞ്ഞ കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കാറുണ്ട്. ഇ രീതിക്കാണ് മാറ്റം വരുന്നത്.

നിലവിൽ സംസ്ഥാനത്തെ സർക്കാർഎയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്പോൾ ഈ ഇളവു പറ്റില്ല. സർക്കാർ സ്‌കൂളുകൾക്ക് പുറമേ നിലവിൽ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും പ്രായ വ്യവസ്ഥ നിർബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങൾ ഇക്കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.

കേന്ദ്രത്തിന്റെ പുതിയ നയമനുസരിച്ച് 1 മുതൽ 5 വരെ ക്ലാസുകൾ പ്രൈമറിയും 6 മുതൽ 8 വരെ യുപിയും 9,10 ക്ലാസുകൾ ഹൈസ്‌കൂൾ വിഭാഗവുമാണ്. 9 മുതൽ 12 വരെ ക്ലാസുകൾ ഒരു വിഭാഗമായി കണക്കാക്കാനും ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശമുണ്ട്. കേരളത്തിൽ ഹൈസ്‌കൂൾ ഹയർ സെക്കൻഡറി ഏകീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.