കീവ്: യുക്രൈനിൽ നിന്നും അതിർത്തി കടക്കാൻ ഇന്ത്യൻ പതാക ഉയർത്തി പാക്കിസ്ഥാൻ വിദ്യാർത്ഥികൾ. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർത്ഥികളെ ശ്രദ്ധിക്കാത്തതിന് പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെയാണ് വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉയർത്തിയത്. തങ്ങളുടെ വാഹനത്തിൽ ദേശീയ പതാക പ്രദർശിപ്പിച്ചാൽ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യൻ സേന ഉറപ്പുനൽകിയതോടെയാണ് പാക് വിദ്യാർത്ഥികൾ ഇത് പിന്തുടരുന്നത്.

യുക്രെയിനിൽ നിന്നും സ്വന്തം പൗരന്മാരെ രക്ഷിച്ച് കൊണ്ടുവരുന്ന ഇന്ത്യൻ ദൗത്യം ഓപ്പറേഷൻ ഗംഗയെ അമ്പരപ്പോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്. അറിയിക്കുന്ന സമയങ്ങളിൽ ഇന്ത്യൻ പതാക ഉയർത്തി ധൈര്യമായി അതിർത്തിയിലേക്ക് സഞ്ചരിക്കുവാനാണ് പൗരന്മാരോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ ഊഷ്മള ബന്ധമാണ് ഇത്തരത്തിൽ ഒരു രക്ഷാപ്രവർത്തനം സാദ്ധ്യമാക്കിയതെന്നാണ് കരുതുന്നത്.

എന്നാൽ ഇന്ത്യൻ പതാകയുടെ കീഴിൽ ഇന്ത്യക്കാർക്ക് ലഭിക്കുന്ന ഈ സുരക്ഷിതത്വം ഉപയോഗിക്കുകയാണ് ഇന്ത്യയോട് ബന്ധശത്രുത പുലർത്തുന്ന പാക്കിസ്ഥാനികൾ. യുക്രൈനിൽ പഠനത്തിനെത്തിയ പാക് വിദ്യാർത്ഥികളാണ് സുരക്ഷിതമായി സഞ്ചരിക്കാൻ മൂവർണക്കൊടി കൈകളിൽ ഏന്തിയത്. ഒരു ദേശീയ ചാനലാണ് ഈ വിവരം വെളിപ്പെടുത്തുന്നത്.

പാക് പൗരന്മാരെ രക്ഷിക്കുവാൻ ഇമ്രാൻ ഖാന്റെനേതൃത്വത്തിലുള്ള സർക്കാർ പരാജയപ്പെട്ടപ്പോൾ പാക്കിസ്ഥാൻ വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉപയോഗിക്കാൻ നിർബന്ധിതരായി എന്നാണ് ചാനലിൽ സംവാദത്തിൽ പങ്കെടുക്കുന്നയാൾ അവകാശപ്പെടുന്നത്. ഹിന്ദുസ്ഥാൻ സ്പെഷ്യൽ എന്ന യുട്യൂബ് ചാനലിലും സമാനമായ അവകാശവാദമുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സുരക്ഷിതമായി അതിർത്തി കടക്കാൻ 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം മുഴക്കാനും പാക് വിദ്യാർത്ഥികൾ തയ്യാറായിട്ടുണ്ട്.

യുക്രൈനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ രക്ഷപ്പെടാനായി ഇന്ത്യൻ പതാക ഉപയോഗിക്കുകയും 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. യുക്രൈനിൽ നിന്ന് സുരക്ഷിതമായ കടന്നുപോകാൻ ഇന്ത്യൻ പതാക ഉപയോഗിക്കാൻ നിർബന്ധിതരാകുന്നതെങ്ങനെയെന്ന് വിദ്യാർത്ഥികളിൽ ഒരാൾ വ്യക്തമായി പറയുന്നതും വിഡിയോയിൽ കേൾക്കാം. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ രാജ്യം സ്വന്തം പൗരന്മാരെ തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് ഇത് ചെയ്യേണ്ടി വന്നതെന്നും അവർ പറയുന്നു.

യുദ്ധബാധിതമായ രാജ്യത്ത് പാക്കിസ്ഥാൻ സർക്കാർ തങ്ങളുടെ വിദ്യാർത്ഥികളെ ഉപേക്ഷിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. സാഹചര്യം മെച്ചപ്പെടുമ്പോൾ അതിർത്തിയിലേക്ക് പോകുവാനാണ് അധികൃതർ ആവശ്യപ്പെടുന്നത്.

ഇതേതുടർന്ന് നിസഹായരായ പാക്കിസ്ഥാൻ വിദ്യാർത്ഥികൾക്ക് വാഹനങ്ങൾ വാടകയ്ക്കെടുക്കുകയും, വാഹനങ്ങളിൽ ഇന്ത്യൻ പതാകകൾ പതിക്കുകയും ചെയ്യുകയാണ്. ഇന്ത്യക്കാരാണെന്ന് നടിച്ച് അതിർത്തി കടക്കുക മാത്രമാണ് ഇവർക്ക് മുന്നിലുള്ള വഴി.അതേസമയം മറ്റൊരു വീഡിയോയിൽ ഹംഗറി അതിർത്തിയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിയുടെ വാക്കുകളും വൈറലാണ്.

വാഹനത്തിൽ ഇന്ത്യൻ പതാക കണ്ട് സൈനികർ പ്രകടിപ്പിക്കുന്ന ബഹുമാനം ഞങ്ങൾക്ക് അഭിമാനകരമാണ്. ഒരു പരിശോധനയും കൂടാതെ ഞങ്ങളെ വിട്ടയച്ചു. ലോകമെമ്പാടും ഇന്ത്യ സ്വയം ഒരുപേര് കെട്ടിപ്പടുത്തുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഞാൻ അഭിമാനിയായ ഇന്ത്യക്കാരനാണ്,' വിദ്യാർത്ഥി പറഞ്ഞു.

യുക്രൈനിലെ മെട്രോ സബ്വേകളിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . പാക്കിസ്ഥാൻ എംബസിയിൽ നിന്ന് ആരും രക്ഷിക്കാനില്ലാത്തതിനാൽ ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങൾ അവിടെ കുടുങ്ങിയതായി ദുരിതത്തിലായ വിദ്യാർത്ഥികൾ പറയുന്നത് കേൾക്കാം.

''എല്ലാ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചതായി എംബസി കള്ളം പറയുകയാണ്. എന്നാൽ ഞങ്ങൾ എല്ലാവരും ഇവിടെ ഇരിക്കുന്നു. എല്ലാ രാജ്യങ്ങളും അവരുടെ ആളുകളെ ഒഴിപ്പിക്കുന്നു, പക്ഷേ പാക്കിസ്ഥാന് ഞങ്ങളൂടെ കാര്യത്തിൽ വിഷമമില്ല'' അവർ പറയുന്നു.

അതേസമയം, യുക്രെയിൻ തലസഥനമായ കീവിൽ കുടുങ്ങിയ ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ അതിർത്തിയിൽ എത്തിച്ചെന്ന് ഇന്ത്യൻ എംബസി. പടിഞ്ഞാറൻ അതിർത്തിയിലാണ് വിദ്യാർത്ഥികളെ എത്തിച്ചത്. കർഫ്യൂവിൽ ഇളവ് വന്നാൽ കുറച്ചുപേരെക്കൂടി മാറ്റുമെന്നും എംബസി അറിയിച്ചു.