ബുഡാപെസ്റ്റ്: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ വ്ളാഡിമിർ പുടിനെതിരെ കടുത്ത നടപടികളുമായി വിവിധ രാജ്യങ്ങളും സംഘടനകളും. പുടിന്റെ ഹോണററി പ്രസിഡന്റ്, അംബാഡസർ സ്ഥാനങ്ങൾ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ മരവിപ്പിച്ചതിന് പിന്നാലെ വേൾഡ് തായ്ക്വണ്ടോയും നടപടി സ്വീകരിച്ചു. 2013ൽ പുടിന് നൽകിയ ഓണററി ബ്ലാക്ക് ബെൽറ്റ് തിരിച്ചെടുത്തുകൊണ്ടാണ് ഇപ്പോൾ വേൾഡ് തായ്ക്വണ്ടോ റഷ്യയുടെ സൈനിക നടപടിക്കെതിരെ നിലപാടെടുത്തിരിക്കുന്നത്.

''യുക്രൈനിലൈ നിരപരാധികളായ ജനങ്ങൾക്ക് മേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ വേൾഡ് തായ്ക്വണ്ടോ ശക്തമായി അപലപിക്കുന്നു. 'കീഴടക്കലിനെക്കാളും വിലയേറിയതാണ് സമാധാനം' എന്ന വേൾഡ് തായ്ക്വണ്ടോയുടെ വിഷനെതിരാണ് ഈ നീക്കം. ഈ സാഹചര്യത്തിൽ, വ്ളാഡിമിർ പുടിന് 2013 നവംബറിൽ നൽകിയ ഓണററി ബ്ലാക്ക് ബെൽറ്റ് തിരിച്ചെടുക്കാൻ വേൾഡ് തായ്ക്വണ്ടോ തീരുമാനിച്ചിരിക്കുന്നു. ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഇനിമുതൽ വേൾഡ് തായ്ക്വണ്ടോ മത്സരങ്ങളിൽ റഷ്യയുടെയോ ബെലാറസിന്റെയോ ദേശീയ പതാകകളോ ദേശീയഗാനമോ പ്രദർശിപ്പിക്കില്ല.

റഷ്യയിലും ബെലാറസിലുമായി നടക്കുന്ന തായ്ക്വണ്ടോ മത്സരങ്ങൾക്ക് വേൾഡ് തായ്ക്വണ്ടോയോ യൂറോപ്യൻ തായ്ക്വണ്ടോ യൂണിയനോ അംഗീകാരം നൽകില്ലെന്നും അറിയിക്കുന്നു. ഉക്രൈനിലെ ജനങ്ങൾക്കൊപ്പമാണ് വേൾഡ് തായ്ക്വണ്ടോയുടെ ചിന്തകൾ. ഈ യുദ്ധത്തിന് എത്രയും വേഗം സമാധാനപരമായ ഒരു അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,'' വേൾഡ് തായ്ക്വണ്ടോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷനും രംഗത്ത് വന്നത്. 2008 മുതൽ അസോസിയേഷന്റെ ഹോണററി പ്രസിഡന്റാണ് റഷ്യൻ രാജ്യത്തലവനായ പുടിൻ. ജൂഡോയിലെ പരമോന്നത അംഗീകാരങ്ങൾ പലതും സ്വന്തമാക്കിയ വ്യക്തിയാണ് പുടിൻ. പുടിൻ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ ഏറ്റവും ഉചിതമായ അംബാസിഡറാണെന്ന് ഐജെഎഫ് തലവൻ മര്യൂസ് വിസർ 2014ൽ പ്രശംസിച്ചിരുന്നു.

യുക്രൈന് മേലുള്ള സൈനിക നടപടിയുടെ പേരിൽ റഷ്യക്ക് അന്താരാഷ്ട്ര കായികസമൂഹം ഏർപ്പെടുത്തുന്ന പലവിധ ഉപരോധങ്ങളുടെയും വിലക്കുകളുടേയും തുടർച്ചയാണ് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ നീക്കം.

റഷ്യ കായികരംഗത്ത് വലിയ തിരിച്ചടികൾ നേരിടുകയാണ്. റഷ്യ വേദിയാവേണ്ടിയിരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ, ഫോർമുല വണ്ണിലെ റഷ്യൻ ഗ്രാൻപ്രിക്‌സ് എന്നിവ റദ്ദാക്കിയിട്ടുണ്ട്. യുവേഫയ്ക്ക് പിന്നാലെ ശക്തമായ നീക്കവുമായി ഫിഫയും രംഗത്തെത്തി. റഷ്യക്കെതിരെ ഫിഫ ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല. റഷ്യയെന്ന പേരിൽ രാജ്യാന്തര ടൂർണമെന്റുകളിൽ മത്സരിക്കാനാകില്ല. റഷ്യൻ പതാകയും ദേശീയ ഗാനവും അനുവദിക്കില്ല. പകരം റഷ്യൻ ഫുട്‌ബോൾ യൂണിയൻ എന്ന പേരിൽ വേണമെങ്കിൽ കളത്തിലിറങ്ങാമെന്നു ഫിഫ വ്യക്തമാക്കി. എന്നാൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽനിന്ന് റഷ്യയെ മാറ്റിനിർത്തണമെന്ന പോളണ്ടിന്റെയും സ്വീഡന്റെയും ആവശ്യം ഫിഫ അംഗീകരിച്ചില്ല.

റഷ്യക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് നിലപാട് എടുത്തതും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ലീഗ് കപ്പിൽ ഇന്നലെ നടന്ന ചെൽസി-ലിവർപൂൾ ഫൈനലിൽ താരങ്ങൾ യുക്രൈന് പിന്തുണ അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഫ്രഞ്ച് ലീഗ് വണ്ണിലും താരങ്ങൾ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ കഴിഞ്ഞ ദിവസം അണിനിരന്നിരുന്നു. ഇംഗ്ലണ്ടിലെ പ്രതിഷേധത്തെ തുടർന്ന് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയുടെ നടത്തിപ്പ് അവകാശം ടീം ഉടമ റൊമാൻ അബ്രമോവിച്ചിന് ക്ലബിന്റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറേണ്ടിവന്നു.