മോസ്‌കോ: യുക്രൈനിൽ സൈനിക നടപടി തുടരുന്നതിനിടെ റഷ്യക്ക് കായികലോകത്ത് കനത്ത തിരിച്ചടി തുടരുന്നു. പുരുഷ വോളിബോൾ ലോക ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് റഷ്യയെ രാജ്യാന്തര വോളിബോൾ ഫെഡറേഷൻ വിലക്കിയതാണ് ഏറ്റവും പുതിയ നടപടി. ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങളിൽ നിന്നും വനിതാ യൂറോ കപ്പിൽ നിന്നും റഷ്യയെ ഫിഫ വിലക്കിയതിന് പിന്നാലെണ് വോളിബോളിലും റഷ്യക്ക് തിരിച്ചടി നേരിടുന്നത്.

യുക്രൈനിലെ സ്ഥിതിഗതികളിലും അവിടുത്ത ജനങ്ങളുടെ സുരക്ഷയിലും ഫെഡറേഷന് കടുത്ത ആശങ്കയുണ്ടെന്നും ഫെഡറേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. യുക്രൈനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ പുരുഷ വോളി ലോകകപ്പ് നടത്തുക സാധ്യമല്ലെന്നും ഫെഡറേഷൻ പറഞ്ഞു. ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായിരുന്നു റഷ്യയിൽ ലോക വോളിബോൾ ചാമ്പ്യൻഷിപ്പ് നടക്കേണ്ടിയിരുന്നത്.

വർഷം ഒടുവിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിലെ യോഗ്യതാ പോരാട്ടങ്ങളിൽ നിന്നും ജൂണിൽ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പിൽ നിന്നും റഷ്യയെ വിലക്കാൻ ആഗോള ഫുട്‌ബോൾ ഭരണസമിതിയായ ഫിഫ തീരുമാനിച്ചതിന് പിന്നാലെയാണ് രാജ്യാന്തര വോളിബോൾ ഫെഡറേഷനും കടുത്ത നടപടി സ്വീകരിച്ചത്. അനിശ്ചിതകാലത്തേക്കായിരുന്നു റഷ്യക്കുമേൽ ഫിഫ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ റഷ്യ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഒരുങ്ങുന്നതിനിടെയാണ് ഫിഫയുടെ നടപടി.

റഷ്യൻ താരങ്ങളെയും ബെലാറസ് താരങ്ങളെയും രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കണമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി നിർദേശിച്ചിരുന്നു. ഇതിനെ അമേരിക്ക പിന്തുണക്കുകയും ചെയ്തു.

നേരത്തെ ഫോർമുല വൺ കാറോട്ട ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ റഷ്യൻ ഗ്രാൻ പ്രിക്‌സും ഉപേക്ഷിച്ചിരുന്നു. രാജ്യാന്തര ഐസ് ഹോക്കി ഫെഡറേഷനും റഷ്യക്കും ബെലാറസിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ റഷ്യക്ക് രാജ്യത്തിന്റെ പേരിൽ മത്സരിക്കുന്നതിനും ദേശീയ പതാകയോ ദേശീയ ഗാനമോ ടൂർണമെന്റുകളിൽ ഉപയോഗിക്കുന്നതിനും ഫിഫ താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ റഷ്യക്കെതിരായ നടപടി കുറഞ്ഞുപോയെന്ന വിവിധ രാജ്യങ്ങളിലെ ഫുട്‌ബോൾ ഫെഡറേഷനുകളുടെ അഭിപ്രായം കണക്കിലെടുത്താണ് കർശന നടപിയുമായി ഫിഫ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

റഷ്യൻ ക്ലബ്ബായ സ്പാർട്ടക്ക് മോസ്‌കോയെ യൂറോപ്പ ലീഗിൽ നിന്ന് പുറത്താക്കാൻ യുവേഫയും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ റഷ്യൻ ഊർജ്ജ ഭീമന്മാരായ ഗസ്സ്‌പ്രോമുമായുള്ള സ്‌പോൺസർഷിപ്പ് റദ്ദാക്കാനും യുവേഫ തീരുമാനിച്ചു.

യുക്രൈൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി ഫുട്‌ബോൾ ലോകം ഒന്നാകെ ഒരുമിക്കുമെന്ന് ഫിഫയും യുവേഫയും ചേർന്ന് പുറത്തിറക്കിയ സംയുക്ത വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിൽ കളിക്കേണ്ട പോളണ്ട്, സ്വീഡൻ, ചെക്ക് റിപ്ലബിക് തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഫ്രാൻസ്, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളും ഒരു സാഹചര്യത്തിലും റഷ്യയുമായി മത്സരിക്കാനിറങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫിഫയുടെ നടപടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ ഫുട്‌ബോൾ സംഘടനയായ യുവേഫയും വിലക്കേർപ്പെടുത്തിയതോടെ ഈ വർഷം ജൂണിൽ നടക്കുന്ന വനിതാ യൂറോ കപ്പിലും റഷ്യക്ക് മത്സരിക്കാനാവില്ല.