ന്യൂഡൽഹി: യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. രക്ഷാദൗത്യത്തിനായി സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് കോൺഗ്രസ് വിമർശിച്ചു. അതേ സമയം രക്ഷാ ദൗത്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു.

കേന്ദ്രസർക്കാരിന്റെ യുക്രൈൻ ദൗത്യത്തിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്. മോദി സർക്കാർ യുവാക്കളെ ഉപേക്ഷിച്ചു. യുക്രൈനിലെ വിദ്യാർത്ഥികളെ മന്ത്രി പ്രഹ്ലാദ് ജോഷി അപമാനിച്ചു. രക്ഷാപ്രവർത്തനമല്ല, നടക്കുന്നത് പ്രചാരണം മാത്രമെന്നും കോൺഗ്രസ് വിമർശിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്. വിദ്യാർത്ഥികളെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സർക്കാരിന് വ്യക്തമായ പദ്ധതി വേണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.