ദുബായ്: മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും. തിങ്കളാഴ്ച രാത്രി വരെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു റിഫ. തിങ്കളാഴ്ച റിഫ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ ഏറെ സന്തോഷവതിയായി കാണപ്പെട്ടിരുന്നു. അതിനാൽ തന്നെ അപ്രതീക്ഷിതമായി മാരണവാർത്ത തേടിയെത്തിയതിന്റെ നടുക്കത്തിലാണ് റിഫയുടെ ഫോളോവേഴ്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

ബുർജ് ഖലീഫയ്ക്ക് മുമ്പിൽ ഭർത്താവ് മെഹ്നുവിനൊപ്പം നിൽക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി റിഫ അവസാനം പോസ്റ്റ് ചെയ്തത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്‌കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്‌ളോഗിലെ ഉള്ളടക്കങ്ങൾ. ഇൻസ്റ്റാഗ്രാമിൽ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സും യൂട്യൂബിൽ മുപ്പതിനായിരത്തിലധികം ഫോളോവേഴ്‌സും റിഫയ്ക്കുണ്ട്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ കഴിഞ്ഞ മാസമാണ് ദുബൈയിൽ എത്തിയത്.

അതേ സമയം റിഫ മെഹ്നുവിന്റെ വിയോഗം സംബന്ധിച്ച വാർത്തക്ക് താഴെ രൂക്ഷമായ വിമർശനവുമായി എത്തിയിരിക്കുകയാണ് സൈബർ ലോകത്തെ സദാചാരവാദികൾ. സാമൂഹ്യ മാധ്യമങ്ങളിലെ അനാവശ്യ ഇടപെടലാണ് റിഫയുടെ മരണത്തിന് കാരണമായതെന്ന തരത്തിലുള്ള ഹേറ്റ് കമന്റുകളാണ് ഇവരുടെ മരണ വാർത്തക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

'സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാൻ എന്ത് കോപ്രായം കാണിക്കുമ്പോൾ ഓർക്കണം, അല്ലാഹുവിനെ ഭയമില്ലാതെ ജീവിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു മുസ്ലിങ്ങൾ.

ഇൻസ്റ്റയിലെ രാജ്ഞിമാരുടെ സ്ഥിരം പരിപാടിയാണിത്. ഇൻസ്റ്റയിൽ തള്ളുന്ന മുസ്ലിം പെൺകുട്ടികൾക്കും പാഠമാണിത്. വളർത്തിയ മാതാപിതാക്കളെ ജയിലിൽ ആക്കി, ആത്മഹത്യ ആയിരുന്നെങ്കിൽ കേരളത്തിൽ വന്ന് ചെയ്ത് കൂടായിരുന്നോ. ലൈക്ക് വർധനവ് കൊണ്ട് ജീവിതം സുന്ദരമാവില്ല,' തുടങ്ങിയ വിദ്വേഷ കമന്റുകളാണ് വാർത്തക്ക് താഴെയുള്ളത്.

ഇതാണ് പറഞ്ഞത് പാട്ടിലും ഡാൻസിലും അടിമയായാൽ ദൈവത്തിന്റെ വിധി ഇത് തന്നെയാണ്.( ആത്മഹത്യ, അപകട മരണങ്ങളും). ദൈവം ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ,

പടച്ചവനെ മറന്നുകൊണ്ടുള്ള കളി അവസാനം ഇങ്ങനെയൊക്കെതന്നെ. പടച്ചവൻ പൊറുത്തു കൊടുക്കട്ടെ,

ഖബറിലുള്ള ചോദ്യം നീ എത്ര ആരാധകരെ സംബന്ധിച്ചു എന്നല്ല നീ ദുനിയാവിൽ എന്ത് നന്മ ചെയ്തു നീ ദീനിയായ രൂപത്തിൽ ജീവിച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള ചോദ്യം ആണ് അവിടെ ചോദിക്കുന്നത്. അല്ലാഹു ഖബർ വിശാലമാക്കി കൊടുക്കട്ടെ.... എന്നിങ്ങനെ പോകുന്നു സദാചാര വാദികളുടെയും മതതീവ്രവാദികളുടേയും കമന്റുകൾ.

വിഷയത്തിൽ പ്രതികരണവുമായി ഡോ. ഷിംന അസീസും രംഗത്തെത്തി. എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യൽ മീഡിയയെന്നും സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷൻ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്ന്യവാസം പറഞ്ഞല്ല തീർക്കേണ്ടതെന്നും ഷിംന ഫേസ്‌ബുക്കിൽ എഴുതി.

'കുട്ടിയെ മരിച്ച നിലയിൽ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത്.

ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്? ഒരു വേദിയിൽ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യൽ മീഡിയയിൽ വലിയ വായിൽ കമന്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?,' ഷിംന അസീസ് എഴുതി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഒരു മലയാളി വ്‌ളോഗർ, ഇരുപത് വയസ്സുകാരി മുസ്ലിം പെൺകുട്ടി ദുബൈയിൽ മരിച്ചു എന്ന വാർത്തക്ക് കീഴിൽ വന്ന ചില കമന്റുകൾ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയിൽ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത്
ശരിക്കും ഇവരുടെയൊക്കെ പ്രശ്‌നം എന്താണ്? ഒരു വേദിയിൽ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യൽ മീഡിയയിൽ വലിയ വായിൽ കമന്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?
എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്‌പേസ് ആണ് സോഷ്യൽ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്‌ട്രെഷൻ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്ന്യവാസം പറഞ്ഞല്ല തീർക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം.
മനുഷ്യർ എപ്പോ നന്നാവാനാണ്

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20)യെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബായിലെത്തിയത്.