കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും പൊതുജനങ്ങളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഉഗ്രസ്‌ഫോടനം. ഡോറോഗോജിച്ചിയിലെ ടിവി ടവറിനു സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഇതുസംബന്ധിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നതിനിടയിൽ സ്ഫോടന സ്ഥലത്ത് നിന്ന് കറുത്ത പുകയുടെ കട്ടിയുള്ള മേഘങ്ങൾ ഉയർന്നു വരുന്നത് ദൃശ്യങ്ങളിൽ കാണാം.

യുക്രൈനിലെ ടിവി ചാനലുകളുടെ സിഗ്‌നൽ ടവറുകൾ ലക്ഷ്യം വച്ചായിരുന്നു റഷ്യൻ ആക്രമണം. ബോംബ് ആക്രമണത്തെ തുടർന്ന് വാർത്താ മാധ്യമങ്ങൾ ഉൾപ്പെടെ ടിവി ചാനലുകളുടെ സംപ്രേഷണം നിലച്ചു.

കീവിലെ സുരക്ഷാ ആസ്ഥാനത്തിന് സമീപം റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ടിവി ചാനലുകളുടെ ടവറുകൾക്ക് നേരെയും ആക്രമണം നടന്നത്. കീവിലെ സെന്റർ ഫോർ ഇൻഫർമേഷനിലേക്ക് ആക്രമണം നടത്തുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് ചുറ്റുവട്ടങ്ങളിലുള്ള ആളുകൾ എത്രയും വേഗം ഒഴിഞ്ഞു പോകണമെന്നും നിർദ്ദേശമുണ്ടായിരുന്നു.

ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിന് സമീപം താമസിക്കുന്ന യുക്രേനിയൻ തലസ്ഥാനത്തെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ റഷ്യ പറഞ്ഞതിന് മിനിറ്റുകൾക്ക് ശേഷമാണ് സ്ഫോടനം. റഷ്യൻ പ്രതിരോധ മന്ത്രാലയം യുക്രേനിയൻ ഇന്റലിജൻസ്, കീവിലെ മിലിട്ടറി റിലേ സൗകര്യങ്ങൾ എന്നിവയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരത്തിൽ റഷ്യൻ മിസൈലുകളും റോക്കറ്റുകളും ആക്രമണം നടത്തിയിരുന്നു. വടക്കുകിഴക്കൻ നഗരമായ ഹർകീവിന്റെ മധ്യഭാഗത്തുള്ള ഫ്രീഡം സ്‌ക്വയറിൽ ഒരു ഓപ്പറ ഹൗസും സംഗീതഹാളും സർക്കാർ ഓഫീസുകളും ആക്രമണത്തിൽ തകർത്തു. കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികാൃതർ അറിയിച്ചു.

റഷ്യ തങ്ങൾക്കെതിരെ വാക്വം ബോംബ് പ്രയോഗിക്കുകയാണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടിരുന്നു. തെർമോബാറിക് ആയുധങ്ങൾ എന്നറിയപ്പെടുന്ന വാക്വം ബോംബാണ് റഷ്യ ഉപയോഗിച്ചതെന്ന് യുഎസിലെ യുക്രേനിയൻ അംബാസഡർ ഒക്സാന മാർക്കറോവ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉയർന്ന താപനിലയിൽ സ്ഫോടനം സൃഷ്ടിക്കാൻ ചുറ്റുമുള്ള വായുവിൽ നിന്ന് ഓക്സിജൻ വലിച്ചെടുക്കുന്ന രണ്ട് ഘട്ടങ്ങളുള്ള മാരകമായ ആയുധമാണ് വാക്വം ബോംബ്. ബോംബ് ഉൽപ്പാദിപ്പിക്കുന്ന സ്ഫോടന തരംഗത്തിന് പരമ്പരാഗത സ്ഫോടകവസ്തുവിനെ അപേക്ഷിച്ച് ദൈർഘ്യമേറിയതാണ്, കൂടാതെ മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കാനും കഴിയും.

ഖാർക്കിവിൽ പാർപ്പിട മേഖലയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി യുക്രൈൻ എമർജൻസി സർവീസ് പറഞ്ഞു. ഹർകീവിലെ ഒരു ഭരണ കാര്യാലയം റഷ്യൻ മിസൈൽ ആക്രമണത്തിൽ തകരുന്നതിന്റെ വീഡിയോ യുക്രൈൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചു.