- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രെയിനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു; മരണമടഞ്ഞത് പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാൾ; മരണം തളർന്ന് വീണതിനെ തുടർന്ന് ചികിത്സയിൽ ഇരിക്കെ; ഇന്ത്യക്കാർ അടിയന്തരമായി ഹർകീവ് വിടണമെന്ന് ഇന്ത്യൻ ഏംബസി
കീവ്: യുക്രെയിനിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാൽ ആണ് മരിച്ചത്. 22 വയസ്സായിരുന്നു. തളർന്നുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
അസുഖബാധിതനായി വിനിസിയ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പഞ്ചാബിലെ ബർണാല സ്വദേശിയാണ്.
വിനിസിയയിലെ നാഷണൽ പൈറോഗോവ് മെഡിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ചന്ദന്റെ പിതാവ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്നലെ കർണാടക സ്വദേശി നവീൻ റഷ്യൻ ഷെല്ലാക്രമണത്തെത്തുടർന്ന് യുക്രൈനിലെ ഹാർകീവിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യക്കാർ ഹർകീവ് വിടണം
ഹർകീവിലെ ഇന്ത്യക്കാർ അടിയന്തരമായി നഗരത്തിനു പുറത്തുകടക്കണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. യുക്രൈൻ സമയം വൈകിട്ട് ആറു മണിക്കു മുമ്പായി സുരക്ഷാ കേന്ദ്രങ്ങളിലേക്കു മാറാനാണ് എംബസി നിർദ്ദേശിച്ചിട്ടുള്ളത്. പെസോചിൻ, ബബായെ, ബെസ്ലിയുഡോവ്ക എന്നീ ഇടങ്ങളിൽ എത്രയും വേഗം എത്തണമെന്ന് ഇന്ത്യൻ എംബസി ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു.
സുരക്ഷിത പാത ഒരുക്കാമെന്ന് റഷ്യ
യുദ്ധത്തിന്റെ ഏഴാം ദിവസവും റഷ്യയുടെ കനത്ത ആക്രമണം തുടരുകയാണ്. കീവും ഹർകീവും പിടിച്ചടക്കാൻ കടുത്ത പോരാട്ടമാണ് നടത്തുന്നത്. ഹർകീവിൽ 21 പേർ കൊല്ലപ്പെട്ടു. തെക്കൻ യുക്രെയിൻ നഗരമായ കേഴ്‌സൺ പിടിച്ചടക്കിയതായി റഷ്യൻ പ്രതിരോധ സേന അവകാശപ്പെട്ടു. വാർത്ത ശരിയെങ്കിൽ റഷ്യ പിടിച്ച ഏറ്റവും വലിയ നഗരമാണിത്. ഈ പശ്ചാത്തലത്തിൽ, യുക്രെയിനിൽ കുടുങ്ങിയവർക്ക് സുരക്ഷിത പാത ഒരുക്കാമെന്ന റഷ്യയുടെ വാഗ്ദാനം ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി. ഇന്ത്യൻ വിദ്യാർത്ഥി നവീനിന്റെ മരണത്തിന് പിന്നാലെ ഇന്ത്യ കടുത്ത സമ്മർദ്ദം ചെലുത്തിയതോടെയാണ് റഷ്യ വഴങ്ങിയത്.
ഹർകീവ്, സുമി തുടങ്ങിയ സംഘർഷ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സുരക്ഷിത പാത ഒരുക്കാം എന്നാണ് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനീസ് അലിപോവ് പറഞ്ഞത്. ഇത് എത്രയും വേഗം നടപ്പാക്കുമെന്നാണ് വാഗ്ദാനം. 'ഹർകിവിലും കിഴക്കൻ ഉക്രെയ്‌നിലെ മറ്റു പ്രദേശങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ പുറത്ത് എത്തിക്കാൻ ഞങ്ങൾ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണ്. റഷ്യയിലെ റുസൈൻ പ്രദേശം വഴി അവിടെ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും അടിയന്തിരമായി ഒഴിപ്പിക്കാനുള്ള ഇന്ത്യ ഞങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഞങ്ങൾ ഇന്ത്യയുമായി തന്ത്രപരമായ സഖ്യകക്ഷികളാണ്. യുക്രൈൻ വിഷയം ഐക്യരാഷ്ട്രസഭയിൽ എത്തിയപ്പോൾ ഇന്ത്യ എടുത്ത നിലപാടിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഇന്ത്യയിലേക്കുള്ള എസ്-400 പ്രതിരോധസംവിധാനത്തിന്റെ വിതരണത്തെ നിലവിലെ സാഹചര്യം ബാധിക്കില്ല. ഈ ഇടപാട് തടസ്സമില്ലാതെ തുടരാൻ വഴികളുണ്ട്. റഷ്യയുടെ ആയുധങ്ങളെ ആശ്രയിക്കുന്നതുകൊണ്ടല്ല, ഇന്ത്യ ഈ നിഷ്പക്ഷ നിലപാട് സ്വീകരിച്ചത്', ഡെനീസ് അലിപോവ് പറഞ്ഞു.
കഴിഞ്ഞ ദിവസം റഷ്യൻ അംബാസിഡറെ വിളിച്ചു വരുത്തിയ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ ശക്തമായ നിലപാട് അറിയിച്ചുവെന്നാണ് സൂചന. ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെടുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന നിലപാട് ഇന്ത്യ റഷ്യയെ അറിയിച്ചുവെന്നാണ് വിവരം. ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്ത് എത്തിക്കാൻ സാധിച്ചില്ലെങ്കിൽ യുക്രെയിൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് മാറുമെന്ന മുന്നറിയിപ്പും റഷ്യയ്ക്ക് നൽകി. ഇതോടെ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താൻ റഷ്യ തയ്യാറാവുകയായിരുന്നു.
മാനുഷിക പരിഗണന നൽകി യുക്രെയിനിൽ കുടുങ്ങിയവർക്ക് തിരികെ വരാൻ സുരക്ഷിത പാതയൊരുക്കാം എന്നാണ് റഷ്യ പറയുന്നത്. ഹർകീവ്, സുമി നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് നിലവിലുള്ളത്. ഇതിനു സാധിച്ചാൽ യുക്രെയിൻ രക്ഷാദൗത്യത്തിലെ നിർണായക പ്രതിസന്ധി ഒഴിയുകയും ചെയ്യും.
മറുനാടന് ഡെസ്ക്