- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോക്ക് കാട്ടി വിരട്ടിയോടിക്കുന്നു; തൊഴിക്കുകയും തല്ലുകയും ചെയ്യുന്നു; പെൺകുട്ടികളെയും വെറുതെ വിടുന്നില്ല; ഒരു ട്രെയിനിലും കയറാൻ നാട്ടുകാരും ഗാർഡുമാരും ഞങ്ങളെ സമ്മതിക്കുന്നില്ല; ഹർകീവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നരകതുല്യ അനുഭവങ്ങൾ
ഹർകീവ്: ഹർകീവിലെ ഇന്ത്യക്കാർ അടിയന്തരമായി നഗരത്തിനു പുറത്തുകടക്കണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. യുക്രൈൻ സമയം വൈകിട്ട് ആറു മണിക്കു മുമ്പായി സുരക്ഷാ കേന്ദ്രങ്ങളിലേക്കു മാറാനാണ് എംബസി നിർദ്ദേശിച്ചിട്ടുള്ളത്. പെസോചിൻ, ബബായെ, ബെസ്ലിയുഡോവ്ക എന്നീ ഇടങ്ങളിൽ എത്രയും വേഗം എത്തണമെന്ന് ഇന്ത്യൻ എംബസി ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുകയാണ്. എന്നാൽ, ഹർകീവിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ട്രെയിനുകളിൽ കയറാനാവാതെ വിഷമിക്കുകയാണ്.
' ഇപ്പോൾ ഞങ്ങൾക്ക് തലയ്ക്ക് മുകളിലാണ് ഷെല്ലിങ് നടക്കുന്നത്. വളരെ അപകടകരമായ സാഹചര്യം. അടുത്തൊന്നും ബങ്കറില്ല. തുറസ്സായ സ്ഥലമാണ്. ഞങ്ങളുടെ മുന്നിൽ ഒരു ട്രെയിൻ ഉണ്ട്. എന്നാൽ യുക്രെയിൻകാർ ഞങ്ങളെ കയറാൻ അനുവദിക്കുന്നില്ല. ഒന്നോ രണ്ടോ ഗെയ്്റ്റുകൾ യുക്രെയിൻകാർക്കായി തുറന്നിട്ടുണ്ട്. അവർക്ക് മാത്രം. ഞങ്ങൾക്ക് തോക്കുകളും ബുള്ളറ്റുകളും മാത്രം, ട്രെയിനുകൾ ഇല്ല, ഇന്ത്യൻ വിദ്യാർത്ഥി പ്രാഗുൺ എൻഡി ടിവിയോട് പറഞ്ഞു.
'വളരെ റിസ്‌ക് എടുത്താണ് ഞങ്ങൾ ഇവിടെ എത്തിയത്. ആയിരത്തിലധികം ഇന്ത്യക്കാർ റെയിൽവെ സ്റ്റേഷനിൽ കുടുങ്ങി കിടക്കുകയാണ്. ട്രെയിനുകൾക്കായി കാത്തിരിക്കുകയാണ്. യുക്രെയിനിയൻ ഗാർഡുമാർ ഞങ്ങൾക്ക് നേരേ വെടിവയ്ക്കുകയാണ്. തൊഴിക്കുകയും ചെയ്യുന്നുണ്ട്. അകത്തേക്ക് കടക്കാൻ സമ്മതിക്കുന്നില്ല. ഞാൻ തന്നെ വെടിയൊച്ച കേട്ടു. ഇന്ത്യൻ സർക്കാരിനോട് പറയാൻ ഉള്ളത്, ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണേ എന്നാണ്്'.
മറ്റൊരു വിദ്യാർത്ഥിയും സമാനമായ വീഡിയോ അയച്ചു. മൂന്നുമണിക്കൂറോളമായി സ്‌റ്റേഷനിൽ കാത്തിരുന്നിട്ടും, ട്രെയിനുകളിൽ കയറ്റുന്നില്ല. ട്രെയിന് മുന്നിൽ, ധാരാളം വിദ്യാർത്ഥികൾ കാത്ത് നിൽക്കുന്നത് വീഡിയോയിൽ കാണാം. 'ഒരു ട്രെയിൻ കടന്നുപോയി. ഞങ്ങളോട് തിരിച്ചിറങ്ങാൻ പറഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല. ഇവിടെ മഞ്ഞ് വീഴുന്നുണ്ട്...തണുപ്പ് കൂടുകയാണ്. അടുത്ത ട്രെയിനിൽ എങ്കിലും ഞങ്ങളെ കയറ്റുമോ എന്നറിയില്ല. ഇവിടെ ധാരാളം വിദ്യാർത്ഥികളുണ്ട്. പെൺകുട്ടികളും ഞങ്ങൾക്കൊപ്പം ഉണ്ട്., വിദ്യാർത്ഥി വീഡിയോയിൽ പറഞ്ഞു.
ഹിമാൻസു എന്ന വിദ്യാർത്ഥിയും എൻഡി ടിവിയോട് സംസാരിച്ചു. ഏകദേശം 800 ഓളം വിദ്യാർത്ഥികൾ അവിടെ കുടുങ്ങി കിടക്കുകയാണ്. സാധാരണ യുക്രെയിൻ പൗരന്മാരാണ് ട്രെയിനിൽ കയറുന്നതിൽ നിന്ന് തടയുന്നതെന്ന് ഹിമാൻശു പറഞ്ഞു. അവർ വെടിവെക്കുകയും, ഭീഷണിപ്പെടുത്തി ഓടിക്കുകയുമാണ്. പെൺകുട്ടികളെയും മർദ്ദിച്ചു, ഹിമാൻസു പറഞ്ഞു.
സർക്കാർ അറിയിച്ച മൂന്നു സ്ഥലത്തേക്കും എങ്ങനെ എത്തിപ്പറ്റാൻ കഴിയുമെന്ന് അറിയില്ല. ഷെല്ലിങ് തുടരുകയാണ്. വളരെ അപകടകരമായ സാഹചര്യം. ഏംബസി അറിയിച്ച ഈ മൂന്നുസ്ഥലങ്ങളും ഞങ്ങൾക്ക് അറിയില്ല.
യുദ്ധത്തിന്റെ ഏഴാം ദിവസവും റഷ്യയുടെ കനത്ത ആക്രമണം തുടരുകയാണ്. കീവും ഹർകീവും പിടിച്ചടക്കാൻ കടുത്ത പോരാട്ടമാണ് നടത്തുന്നത്. ഹർകീവിൽ 21 പേർ കൊല്ലപ്പെട്ടു. തെക്കൻ യുക്രെയിൻ നഗരമായ കേഴ്‌സൺ പിടിച്ചടക്കിയതായി റഷ്യൻ പ്രതിരോധ സേന അവകാശപ്പെട്ടു. വാർത്ത ശരിയെങ്കിൽ റഷ്യ പിടിച്ച ഏറ്റവും വലിയ നഗരമാണിത്. ഈ പശ്ചാത്തലത്തിൽ, യുക്രെയിനിൽ കുടുങ്ങിയവർക്ക് സുരക്ഷിത പാത ഒരുക്കാമെന്ന റഷ്യയുടെ വാഗ്ദാനം ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി. ഇന്ത്യൻ വിദ്യാർത്ഥി നവീനിന്റെ മരണത്തിന് പിന്നാലെ ഇന്ത്യ കടുത്ത സമ്മർദ്ദം ചെലുത്തിയതോടെയാണ് റഷ്യ വഴങ്ങിയത്.
ഹർകീവ്, സുമി തുടങ്ങിയ സംഘർഷ മേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സുരക്ഷിത പാത ഒരുക്കാം എന്നാണ് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനീസ് അലിപോവ് പറഞ്ഞത്.
മറുനാടന് ഡെസ്ക്