ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. വ്യാഴാഴ്ച രാവിലെ 9.30-നും 10.15-നും മധ്യേ, തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്. മാർച്ച് 10-നാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. 12-ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.

തിരുവിതാംകൂർ ദേവസ്വംബോർഡിന്റെയും ക്ഷേത്ര ഉപദേശകസമിതിയുടെയും നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെയാണ് ഉത്സവം. കൊടിയേറ്റ് ദിവസം രാത്രി 12-വരെ വിവിധ കലാപരിപാടികൾ നടക്കും. രണ്ടാം ഉത്സവംമുതൽ ഉത്സവബലി ദർശനം ആരംഭിക്കും. ഒൻപതാം ഉത്സവത്തിലെ പള്ളിവേട്ടവരെ ഉച്ചയ്ക്ക് ഒരുമണിക്കാണ് ഈ ചടങ്ങ്.

മൂന്ന്, നാല്, അഞ്ച് ഉത്സവദിവസങ്ങളിൽ കഥകളിയാണ് പ്രധാന ആകർഷണം. കേരളത്തിലെ പ്രമുഖ കഥകളിസംഘങ്ങൾ പങ്കെടുക്കും. 10-ന് രാത്രി 12-നാണ് ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും.

ഒൻപതാം ഉത്സവത്തിന് സിനിമാ നടൻ ജയറാമിന്റെ നേതൃത്വത്തിൽ 111-ൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന സ്‌പെഷ്യൽ പഞ്ചാരിമേളമുണ്ട്. പള്ളിവേട്ടദിവസമായ 11-ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും രാവിലത്തെ ശ്രീബലിക്ക് മേജർസെറ്റ് പഞ്ചാരിമേളവും, വൈകീട്ട് സ്‌പെഷ്യൽ പഞ്ചാരിമേളവും അവതരിപ്പിക്കും. 12-ന് വൈകീട്ട് അഞ്ചിനാണ് ആറാട്ട് പുറപ്പാട്. പേരൂർ പൂവത്തുംമൂട് കടവിലാണ് ഭഗവാന്റെ ആറാട്ട്. രാത്രി 11-ന് ക്ഷേത്രമൈതാനത്ത് ആറാട്ട് എഴുന്നള്ളിപ്പ്. തുടർന്ന് കൊടിയിറക്ക്.