- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുദ്ധഭൂമിയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് തടസം യുക്രൈനെന്ന് റഷ്യ; യുക്രൈൻ സേന ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നു; റിപ്പോർട്ട് തള്ളി ഇന്ത്യ; നിരവധി വിദ്യാർത്ഥികൾ യുക്രൈന്റെ സഹായത്തോടെ രാജ്യം വിട്ടതായും വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: യുക്രൈൻ സൈന്യം ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന റഷ്യൻ വാദം തള്ളി ഇന്ത്യ. ഇത്തരമൊരു റിപ്പോർട്ടില്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഇന്ത്യക്കാരെ രക്ഷിക്കാൻ യുക്രൈൻ സഹകരിക്കുന്നുണ്ട്. ഇന്നലെ നിരവധി വിദ്യാർത്ഥികൾ യുക്രൈൻ അധികാരികളുടെ സഹായത്തോടെ കാർകീവ് വിട്ടതായും വിദേശകാര്യ വക്താവ് അറിയിച്ചു.
യുദ്ധത്തിൽ ഇന്ത്യൻ പൗരന്മാരെ യുക്രൈൻ സേന മനുഷ്യകവചമാക്കിയെന്നാണ് റഷ്യയുടെ ആരോപണം. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് തടസം നിൽക്കുന്നത് യുക്രൈനാണെന്നും വലിയൊരു വിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ അനുവദിക്കാതെ യുക്രൈൻ സേന മനുഷ്യകവചമാക്കി നിർത്തുകയാണെന്നാണുമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആരോപണം.
യുക്രൈൻ വിട്ട് റഷ്യയിലെ ബെൽഗോറോഡിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ കാർകിവിൽ യുക്രൈൻ അധികൃതർ നിർബന്ധപൂർവ്വം മനുഷ്യകവചമായി നിർത്തിയിരിക്കുകയാണെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നാണ് റഷ്യൻ സൈനിക വക്താവ് പറഞ്ഞത്.
അതേസമയം യുക്രൈൻ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നുവെന്ന റിപ്പോർട്ട് നിഷേധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇതുസംബന്ധിച്ച ഒരു റിപ്പോർട്ടും ഇതുവരെ ലഭിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാർകീവിൽ നിന്ന് ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകാനായി പ്രത്യേക ട്രെയിൻ സർവീസ് ഒരുക്കണമെന്ന് യുക്രൈൻ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കാർകീവിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റുന്നതിനായി പ്രത്യേക ട്രെയിൻ സർവീസ് നടത്തണമെന്ന് യുക്രൈൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ നിരവധി വിദ്യാർത്ഥികൾക്ക് യുക്രൈൻ വിടാൻ സാധിച്ചിട്ടുണ്ട്. ഇത് സാധ്യമാക്കാൻ യുക്രൈൻ അധികാരികൾ നൽകിയ സഹായത്തെ അഭിനന്ദിക്കുന്നു. ഇന്ത്യക്കാരെ സ്വീകരിച്ച യുക്രൈന്റെ അയൽരാജ്യങ്ങളോടും നന്ദി അറിയിക്കുകയാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും റഷ്യ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെട്ടത് അനുസരിച്ച് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി അതിർത്തി കടത്തി തങ്ങളുടെ സ്വന്തം സൈനിക വിമാനങ്ങളിലോ ഇന്ത്യൻ വിമാനങ്ങളിലോ നാട്ടിലെത്തിക്കുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
യുക്രൈനിൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ ഒഴിപ്പിക്കൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കാർക്ക് സുരക്ഷ ഒരുക്കുമെന്ന് റഷ്യ വ്യക്തമാക്കിയത്. നിലവിൽ ആയിരത്തിലധികം ഇന്ത്യൻ പൗരന്മാർ യുക്രൈനിലെ കിഴക്കൻ നഗരമായ കാർകീവിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം ഇന്ത്യക്കാരെ യുക്രൈൻ മനുഷ്യകവചമാക്കുന്നുവെന്ന ആരോപണം അമേരിക്ക തള്ളി. ഇതിനിടെ പുടിൻ റഷ്യയിൽ ഉടൻ പട്ടാള നിയമം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
യുദ്ധം തുടങ്ങി എട്ടാം ദിവസവും റഷ്യ പിന്നോട്ടില്ല. സകലതും തകർത്തെറിഞ്ഞ് റഷ്യയുടെ യുക്രൈൻ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. കീവിലും കാർക്കീവിലും കഴിഞ്ഞ രാത്രിയും ഷെല്ലാക്രമണവും സ്‌ഫോടനവും തുടർന്നു. കൂടുതൽ ജനവാസ കേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വിനാശകരമായ ആയുധങ്ങൾ റഷ്യ ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്. യുക്രൈൻ പട്ടാളത്തെ കൊന്നൊടുക്കാൻ ശ്രമമെന്നും അമേരിക്ക വിലയിരുത്തുന്നു. ഒരാഴ്ചയ്ക്കിടെ 9000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി വ്യക്തമാക്കി.
ഇതിനിടെ റഷ്യ യുക്രൈൻ രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കുകയാണ്. ബെലാറൂസ് പോളിഷ് അതിർത്തിയിലാണ് ചർച്ച. ചർച്ചയ്ക്കായി ഇന്നലെ തന്നെ റഷ്യൻ സംഘം എത്തിയിരുന്നു. വെടി നിർത്തലും ചർച്ചയാകുമെന്നാണ് പുടിൻ പറയുന്നത്. യുക്രൈനിൽ നിന്ന് റഷ്യ പിന്മാറണമെന്ന പ്രമേയം യുഎൻ പൊതുസഭ വൻ ഭൂരിപക്ഷത്തിൽ പാസാക്കി. വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വീണ്ടും വിട്ടുനിന്നു. ചൈനയും പാക്കിസ്ഥാനും വിട്ടു നിന്ന രാജ്യങ്ങളുടെ കൂട്ടത്തിലുണ്ട്.
റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങളുമായി രാജ്യങ്ങളും വ്യവസായ സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. റഷ്യ, ബെലാറൂസ് രാജ്യങ്ങളിലെ പദ്ധതികൾ ലോകബാങ്ക് നിർത്തി. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ച് റഷ്യയുടെ റേറ്റിങ് താഴ്‌ത്തി. ഓറക്കിളും കാനനും റഷ്യയിലെ പ്രവർത്തനങ്ങൾ നിർത്തുകയും ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ ഇന്നലെ നടത്തിയ ചർച്ചയിൽ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. റഷ്യൻ അതിർത്തി വഴി ഇവരെ രക്ഷപ്പെടുത്താൻ സഹായിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ കാർക്കീവ് വിടാനാകാതെ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിയിരിക്കുകയാണ് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ.
ട്രെയിനുകളിൽ ഇന്ത്യക്കാരെ കയറ്റാൻ തയാറാകുന്നില്ലെന്ന് പല വിദ്യാർത്ഥികളും പറഞ്ഞു. ഇന്നലെ രാവിലെ 7 മുതൽ സ്റ്റേഷനിൽ കാത്തുനിൽക്കുകയാണെങ്കിലും ട്രെയിനിൽ കയറാനാകുന്നില്ല. കൊടുംതണുപ്പും നഗരത്തിലെ സ്‌ഫോടനങ്ങളും കാരണം സമീപപ്രദേശങ്ങളിലേക്ക് നടന്നു പോകാനും കഴിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.




