കീവ്: ഒരാഴ്ച പിന്നിടുന്ന റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രക്തരൂഷിതം. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയതോടെ സ്വന്തം ജീവൻ രക്ഷിക്കാൻ രാജ്യം വിട്ടത് ഒരു ദശലക്ഷം യുക്രൈൻ പൗരന്മാരെന്ന് ഐക്യരാഷ്ട്ര സഭ. യു എൻ അഭയാർത്ഥി ഏജൻസിയായ യുഎൻഎച്ച്സിആറിന്റെ കണക്കുകൾ പ്രകാരം ഇത് യുക്രൈൻ ജനസംഖ്യയുടെ രണ്ട് ശതമാനത്തോളം വരുമെന്നാണ് പറയുന്നത്.

തലസ്ഥാനമായ കീവ് വളഞ്ഞിരിക്കുന്ന റഷ്യൻസേന ബുധനാഴ്ച വിവിധ നഗരങ്ങളിൽ ബോംബിട്ടു. രൂക്ഷമായ കരയുദ്ധം നടക്കുന്ന കാർകിവിൽ റഷ്യ ക്രൂസ് മിസൈൽ ആക്രമണം നടത്തി. കരിങ്കടൽ തീരനഗരമായ ഖെർസോനിന്റെ നിയന്ത്രണം കൈക്കലാക്കിയെന്ന് റഷ്യ അവകാശപ്പെട്ടു. പോളണ്ട്- ബെലാറുസ് അതിർത്തിയിൽ വ്യാഴാഴ്ച രണ്ടാംവട്ട ചർച്ച നടക്കുമെന്ന് മോസ്‌കോ അറിയിച്ചു.

അതേ സമയം കീവിലെ പ്രതിരോധ മന്ത്രാലയം ലക്ഷ്യമാക്കി വന്ന റോക്കറ്റുകൾ തകർത്തെന്ന അവകാശവാദവുമായി യുക്രൈൻ രംഗത്തെത്തി. യുക്രെയ്ൻ തലസ്ഥാനമായി കീവിൽ മണിക്കൂറുകൾക്ക് മുമ്പ് നാല് ഉഗ്ര സ്‌ഫോടനങ്ങൾ ഉണ്ടായെന്ന് യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വ്യോമാക്രമണത്തിന്റെ സൈറണുകൾ നഗരത്തിൽ മുഴങ്ങി. ആദ്യ രണ്ടു സ്‌ഫോടനങ്ങളും നഗരമധ്യത്തിലും മറ്റുള്ളവ ദർസ്ബി നരോദോവ് മെട്രോ പ്രദേശത്തുമാണെന്നാണ് വിവരം.

കാർകീവിൽ ഒരു കെട്ടിട സമുച്ചയത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ അടക്കം എട്ടു പേർ കൂടി കൊല്ലപ്പെട്ടെന്ന് യുക്രൈൻ അറിയിച്ചു. റഷ്യ പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട കരിങ്കടൽ തീരത്തെ ഖേഴ്‌സൻ നഗരത്തിലും സ്‌ഫോടനമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. മരിയുപോളിലും പോരാട്ടം കനക്കുന്നതായാണ് വിവരം.

കീവ് ലക്ഷ്യമാക്കി റഷ്യയുടെ 65 കിലോമീറ്റർ സേനാവ്യൂഹം യാത്ര തുടരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കീവ് ഒഴിഞ്ഞുപോകണമെന്ന് ജനങ്ങളോട് റഷ്യ ആവശ്യപ്പെട്ടു. വൻ ആക്രമണത്തിന് ഒരുക്കമെന്നാണ് വിലയിരുത്തൽ.

യുദ്ധത്തിൽ ഇതുവരെ 498 സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യ വ്യക്തമാക്കി. യുദ്ധം തുടങ്ങിയശേഷം ആദ്യമായാണ് സൈനികരുടെ മരണക്കണക്ക് റഷ്യ പുറത്തുവിട്ടത്. എന്നാൽ യുക്രൈനിൽ നിന്ന് കടുത്ത തിരിച്ചടി ലഭിക്കുമെന്ന് ഓരോ കടന്നുകയറ്റക്കാർ അറിഞ്ഞിരിക്കണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. ഞങ്ങൾ തോറ്റുകൊടുക്കില്ലെന്ന് അവർ എല്ലാക്കാലവും ഓർമിക്കും. ഒരാഴ്ചയ്ക്കിടെ 9,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് അവകാശപ്പെട്ടു.

'യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയ്ക്ക് വിജയിക്കാൻ കഴിയില്ല. ഇപ്പോഴത്തെ റഷ്യൻ മുന്നേറ്റങ്ങൾ താൽക്കാലികമാണ്. റഷ്യ പരാജയപ്പെടും, അത് തീർച്ചയാണ്. യുദ്ധത്തിൽ ഇതിനകം 9,000 റഷ്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു. റഷ്യൻ സൈനികരുടെ ശവപ്പറമ്പായി ഞങ്ങളുടെ രാജ്യത്തെ മാറ്റാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല. റഷ്യൻ സൈന്യം എത്രയൂം പെട്ടെന്ന് മടങ്ങിപ്പോകണം'-സെലെൻസ്‌കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

'ഒരൊറ്റ ആഴ്ചയിൽ ശത്രുവിന്റെ പദ്ധതികൾ തകർത്ത രാഷ്ട്രമാണ് ഞങ്ങൾ. വർഷങ്ങൾകൊണ്ട് അവർ തയ്യാറാക്കിയ പദ്ധതികൾ ഞങ്ങൾ തകർത്തു. അവരുടെ മനോവീര്യം തകർത്തു. വെറുംകൈയോടെ പുറത്തിറങ്ങി കടന്നുകയറ്റക്കാരെ നഗരങ്ങളിൽ നിന്ന് തുരത്തുന്ന യുക്രൈൻ ജനതയെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു - ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സെലെൻസ്‌കി പറഞ്ഞു.

'നാറ്റോ രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിടുകയെന്നതല്ല ഇപ്പോഴത്തെ വിഷയം. വലിയ ഒരു യുദ്ധമാണ് ഇപ്പോൾ നടക്കുന്നത്. അതാണ് പ്രധാനപ്പെട്ട കാര്യം. ചോരക്കളി ഒഴിവാക്കി സമാധാന ശ്രമം തുടരാനാണ് യുക്രെയ്‌നിന്റെ മുൻഗണന. പക്ഷേ അതിനു റഷ്യയും തയ്യാറാവണം. റഷ്യ ബോംബാക്രമണം നിർത്തി ചർച്ചകൾക്ക് തയ്യാറാകണം. അതാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്'-സെലൻസ്‌കി കൂട്ടിച്ചേർത്തു

അതേസമയം, റഷ്യയിലെയും ബെലാറൂസിലെയും എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നുവെന്ന് ലോകബാങ്ക് അറിയിച്ചു. കഴിഞ്ഞദിവസം യുഎൻ പൊതുസഭയിൽ റഷ്യക്കെതിരായ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ 141 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. അഞ്ചു രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.

അതേ സമയം ഒരു ദശലക്ഷം യുക്രൈൻ പൗരന്മാർ പലായനം ചെയ്തുവെന്നാണ് യു എൻ റിപ്പോർട്ട്. യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡിയാണ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്. 40 ലക്ഷത്തിലധികം ജനങ്ങൾ യുക്രെയിനിൽ നിന്നും പലായനം ചെയ്യുമെന്നായിരുന്നു യുഎൻ ഏജൻസിയുടെ പ്രവചനം.

ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹമുള്ള രാജ്യം 2011ൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട സിറിയയാണ്. അഞ്ചര ദശലക്ഷത്തിലധികം ആളുകളാണ് സിറിയയിലെ അഭയാർത്ഥികൾ. എന്നാൽ യുദ്ധം മൂന്ന് മാസം പിന്നിട്ടശേഷമാണ് സിറിയയിൽ അഭയാർത്ഥികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞതെന്നാണ് യുഎൻഎച്ച്സിആറിന്റെ കണക്കുകൾ.

യുക്രെയിനിലേത് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയാണെന്നും യുഎൻഎച്ച്സിആർ വക്താവ് ഷാബിയ മണ്ടു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.നിലവിൽ എട്ടാം ദിവസവും യുക്രെയിനിൽ റഷ്യൻ ആക്രമണം തുടരുകയാണ്. അമേരിക്ക നൽകുന്ന മുന്നറിയിപ്പ് പ്രകാരം കൂടുതൽ ജനവാസ മേഖല ലക്ഷ്യം വച്ചാണ് റഷ്യ നീങ്ങുന്നത്.