- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീഡിയാവൺ വിധി: മാധ്യമ സ്വാതന്ത്ര്യത്തെ പരിഗണിക്കാത്തത് - ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മീഡിയവൺ വിലക്കുമായി ബന്ധപ്പെട്ട വിധി ഇന്ത്യൻ ഭരണഘടന അനുവദിച്ച മാധ്യമ സ്വാതന്ത്ര്യത്തെ പരിഗണിക്കാതെയുള്ള താണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കേന്ദ്രസർക്കാർ സമർപ്പിച്ച മുദ്രവെച്ച കവറിനെ അടിസ്ഥാനമാക്കി കാരണം അറിയിക്കാതെ മാധ്യമ സ്വാതന്ത്ര്യം വിലക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളെ സഹായിക്കുകയാണ് കോടതി ചെയ്യുന്നത്. ഒരു ദൃശ്യമാധ്യമത്തെ എന്ത് കാരണത്താലാണ് വിലക്കുന്നത് എന്നുപോലും ബന്ധപ്പെട്ടവരെ അറിയാക്കാത്ത നിലപാട് ഇന്ത്യൻ ഭരണഘടന നൽകുന്ന എല്ലാത്തരം അവകാശങ്ങൾക്കും എതിരാണ്. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഏതൊരു വ്യക്തിയുടെയും സ്ഥാപനത്തെയും മേൽ നടപടി സ്വീകരിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കം തികച്ചും ജനാധിപത്യ വിരുദ്ധമാണ്.
ജനാധിപത്യത്തിന്റെ പൂർണ്ണതയിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് എത്രത്തോളമാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ താൽപര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന നിലപാട് നീതിന്യായ വ്യവസ്ഥയിൽ നിന്ന് ഉണ്ടാകുന്നത് ആശങ്കാജനകമാണ്. ഏകാധിപത്യത്തിന് വഴിയൊരുക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ രൂപപ്പെടുന്നത്. സുപ്രീം കോടതിയിലേക്ക് നീതിതേടി കേസ് നൽകുമെന്ന മീഡിയവണിന്റെ തീരുമാനത്തിന് എല്ലാവിധ സഹകരണവും വെൽഫെയർ പാർട്ടി ഈ സന്ദർഭത്തിൽ അറിയിക്കുന്നു. ഭരണകൂടങ്ങളുടെ ഫാഷിസ്റ്റ് അടിച്ചമർത്തലുകൾ മറനീക്കി പുറത്തു വരുന്ന സാഹചര്യത്തിൽ ജനാധിപത്യ സമൂഹം മീഡിയാവണ്ണിനൊപ്പം ഉറച്ചു നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.