- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധഭീതിയിൽ പരിക്ഷീണരായ ഒട്ടേറെ മനുഷ്യർ; ഊണും ഉറക്കവുമില്ലാതെ പലായനം ചെയ്യുന്നവർക്ക് മുന്നിൽ തണൽ വിരിച്ച് കാരുണ്യത്തിന്റെ കരങ്ങൾ; മലയാളി സിസ്റ്റർമാർ ഉൾപ്പെട്ട യുക്രൈനിലെ മഠത്തിന്റെ കരുതൽ ശ്രദ്ധേയമാകുന്നു
കൊച്ചി: യുദ്ധഭീതിയിൽ യുക്രൈനിൽ നിന്നും പലായനം ചെയ്യുന്നവർക്ക് മുന്നിൽ കാരുണ്യത്തിന്റെ തണൽ വിരിച്ച് മലയാളി സന്ന്യാസിമാർ ഉൾപ്പെട്ട മഠം. റോമൻ കാത്തലിക് സഭയുടെ കീഴിലുള്ള സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് ജോസഫ്സ് ഓഫ് സെയ്ന്റ് മാർക്കിന്റെ മഠമാണ് പരിക്ഷീണിതരായി എത്തുന്ന നിരവധി പേർക്ക് ആശ്വാസത്തിന്റെ കേന്ദ്രമാകുന്നത്.
ഭീതി പടർത്തുന്ന ഡ്രാക്കുള കഥകളിലൂടെ ലോകത്തിന് സുപരിചിതമായ കാർപാത്യൻ മലനിരകൾക്കരികിലെ ഈ സ്ഥലം ഇപ്പോൾ പലായന പാതയിലെ കാരുണ്യത്തിന്റെ തണലാണ്. കഴിഞ്ഞ 20 വർഷമായി സിസ്റ്റർ ലിജി പയ്യപ്പിള്ളി അടക്കമുള്ള സിസ്റ്റർമാർ ഇവിടെ സാമുഹിക സേവനം അനുഷ്ടിക്കുന്നു. മഠത്തിലെ വൃദ്ധസദനത്തിൽ 20 പേർ. പിന്നെ, പതിവായി പ്രാർത്ഥനകൾക്കായി 400 പേർ ദിവസവുമെത്താറുണ്ട്. സിസ്റ്റർ ലിജിക്ക് പുറമെ 19 സിസ്റ്റർമാരുണ്ട് ഇവിടെ.
യുദ്ധം ആരംഭിച്ചതോടെ ഇതുവരെ കണ്ടു പരിചയിച്ച കാഴ്ചകൾ മാറി. അതിർത്തി താണ്ടാൻ മൈനസ് ഡിഗ്രിയിൽ രാത്രി അതിർത്തിയിൽ ദിവസങ്ങളോളം ഊണും ഉറക്കവുമില്ലാതെ കാത്തുനിന്ന് അനുമതി കിട്ടാതെ നിരാശയോടെ തളർന്ന് മടങ്ങിവരുന്നവർ. പ്രത്യേക തീവണ്ടിയിൽ സർവകലാശാലകളിൽനിന്ന് അതിർത്തിയിലേക്ക് എത്തുന്ന വിദ്യാർത്ഥികൾ... അങ്ങനെ പരിക്ഷീണരായ മനുഷ്യർ.
അതിർത്തിയിലേക്ക് പോകുന്നവർക്ക് സഹായങ്ങൾ നൽകാമെന്ന് കുറച്ചു ദിവസം മുൻപ് സിസ്റ്റർ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നു. എംബസിയിലെ ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. അങ്ങനെ പലരും വിളിച്ച് സഹായം തേടിയെത്തി തുടങ്ങിയത്.
ഇവാനോ ഫ്രാങ്കോ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 18 പേർ, കീവിൽനിന്ന് 30 പേർ, സപോറേഷ്യയിൽനിന്ന് 600 കുട്ടികൾ.... അവർക്കെല്ലാം സൗകര്യമൊരുക്കാൻ ഒപ്പം പരിചയമുള്ള യുക്രൈൻകാരുണ്ട്. അവരുടെ വീടുകളിൽനിന്നെല്ലാം ഭക്ഷണവും കമ്പിളിയുമെല്ലാം കൊണ്ടുവരുന്നുണ്ട്. അവരാണ് കുറച്ചു വിദ്യാർത്ഥികളെ കൊണ്ടുവരാൻ അതിർത്തിയിലേക്ക് ഇന്ത്യയുടെയും യുക്രൈന്റെയും പതാകകൾ കെട്ടിയ വാഹനങ്ങളിൽ പോയത്. വർഷങ്ങളായി ഇവിടെത്തന്നെ പ്രവർത്തിക്കുന്നതിനാൽ പരിചയങ്ങളുണ്ട്. അതുകൊണ്ട് മഠത്തിലെ സൗകര്യങ്ങൾ തികഞ്ഞില്ലെങ്കിൽ ബാക്കിയുള്ളവരെ സ്‌കൂളുകളിലും മറ്റും താമസിപ്പിക്കാം''.
നായത്തോട് പയ്യപ്പള്ളി വീട്ടിൽനിന്ന് ഈ മാസം 19-ന് മടങ്ങിയതേയുള്ളു ലിജി. ഒപ്പമുള്ള കന്യാസ്ത്രീകളും ആ യാത്രയിലുണ്ടായിരുന്നു. ജയതിയുടെ നാട് തൃശ്ശൂർ മേലൂരാണ്. അമലയുടേത് ആലുവ ഇളവൂരും. ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തുന്ന ഒരു കത്ത് ഉണ്ടെങ്കിൽ ഹംഗറി അതിർത്തിയിലെ ചെക് പോസ്റ്റിലൂടെ നീണ്ട കാത്തുനിൽപ്പില്ലാതെ ഇന്ത്യക്കാരെ കടത്തിവിടാൻ പറ്റും. അതിനായി ശ്രമിക്കുന്നുണ്ടെന്ന് സിസ്റ്റർ ലിജി പറയുന്നു.
''ഇങ്ങനെയൊരു യുദ്ധം ആരും പ്രതീക്ഷിച്ചതല്ല. എല്ലാം നേരെയാകാൻ പ്രാർത്ഥിക്കാം. ഇരുട്ടിനെ ശപിച്ചുകൊണ്ടിരിക്കാതെ ഒരു തിരി കത്തിച്ചുവെക്കാം...'' സിസ്റ്റർ ലിജി പ്രതീക്ഷ പങ്കുവയ്ക്കുന്നു.
യുദ്ധം ഒരാഴ്ച പിന്നിട്ടതോടെ ദൈന്യത നിറഞ്ഞ കാഴ്ചകളാണ് യുക്രൈനിൽ നിന്നുള്ളതേറെയും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി യുക്രെയ്‌നിലെ ജനങ്ങൾ കടകൾക്കു പുറത്തു നീണ്ട വരി നിൽക്കുന്നതിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ലഭിക്കുന്നതിനായി, തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കും കത്തിയമർന്ന സൈനിക വാഹനങ്ങൾക്കുമിടെയുള്ള സൂപ്പർ മാർക്കറ്റുകൾക്കു മുന്നിൽ ആളുകൾ വരിനിൽക്കുന്ന ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നത്.
യുക്രെയ്ൻ തുറമുഖ നഗരമായ ഖേഴ്‌സൻ റഷ്യൻ സേന പിടിച്ചടക്കിയിരുന്നു. നഗരത്തിന്റെ എല്ലാ പ്രദേശങ്ങളും റഷ്യൻ സൈനികരുണ്ടെന്നും വളരെ അപകടകരമായ അവസ്ഥയാണു നിലനിൽക്കുന്നതെന്നും പ്രാദേശിക ഭരണാധികാരികൾ പ്രതികരിച്ചു.
ന്യൂസ് ഡെസ്ക്