- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻതീപിടിത്തം; നഗരവാസികൾ പരിഭ്രാന്തിയിലായി

കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് റെയിൽവേ ട്രാക്കിനടുത്തെ പുൽക്കാടുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തീപിടിച്ച സ്ഥലത്തു നിന്നും വളരെ കുറച്ചുദൂരം മാത്രമേയുള്ളു പെട്രോളിയം സംഭരണശാല. ഇതാണ് നഗരവാസികളിൽ പരിഭ്രാന്തിയുണ്ടായത്. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫയർഫോഴ്സ് പ്രതിസന്ധികളെ മറികടന്നു കൊണ്ടു അതിവേഗം തീയണയ്ക്കുകയായിരുന്നു. ഇതോടെയാണ് ആശങ്ക ഒഴിവായത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് താവക്കര കണ്ണൂർ യൂനിവേഴ്സിറ്റി ഭാഗത്തെ ട്രാക്കിനരികിലെ പുൽക്കാടുകൾക്ക് തീപ്പിടിച്ചത്. ഇതേ തുടർന്ന് കിഴക്ക് വശത്തെ ട്രാക്കിലൂടെ കടന്ന് പോവേണ്ട ട്രെയിനുകൾ മുക്കാൽ മണിക്കൂറുകളോളം നിർത്തിയിട്ടു. കണ്ണൂരിൽ നിന്നെത്തിയ ഫയർ ആൻഡ് റസ്‌ക്യൂ ടീം മൂന്നു മണിക്കൂർ ശ്രമിച്ചാണ് തീയണച്ചത്. റെയിൽവേ ട്രാക്കിനു സമീപത്തുള്ള ചില മരങ്ങൾ പൂർണമായും കത്തി നശിച്ചു.
ഫയർ ആൻഡ് റസ്‌ക്യൂ ടീമിന്റെ വലിയ വാഹനത്തിന് അപകടം നടന്ന ഭാഗത്തേക്ക് പോവാൻ കഴിയാതിരുന്നത് തീയണയ്ക്കാൻ തടസം നേരിട്ടു. തുടർന്ന് താവക്കരയിലെ കണ്ണൂർ സർവകലാശാല ആസ്ഥാനത്തെ കുളത്തിൽ നിന്ന് അഗ്നിശമന സേനയുടെ ഹോസിലൂടെ വെള്ളം ചീറ്റിയാണ് തീയണച്ചത്.
ട്രാക്കിനു സമീപത്തെ പഴയ കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിലെ മരപ്പലകൾക്കും തീപ്പിടിച്ചത് അണയ്ക്കാൻ ഏറെ സമയമെടുക്കേണ്ടി വന്നു. കടുത്ത വേനലായതിനാൽ ഉണങ്ങി നിൽക്കുന്ന മരവും പുൽക്കാടുകൾക്കും പിടിച്ച തീ ആളിപ്പടരുകയായിരുന്നു. ഈ ഭാഗങ്ങളിൽ തമ്പടിക്കുന്ന നാടോടികൾ പാഴ് വസ്തുക്കൾക്ക് തീയിടാറുണ്ട്. ഇതുകാരണമാവാം തീപിടിച്ചതെന്ന നിഗമനത്തിലാണ് ഫയർഫോഴ്സ്. കണ്ണൂർ അസി. സ്റ്റേഷൻ മാസ്റ്റർ ഇ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.


