കണ്ണൂർ: പാനൂർ പൊയിലൂർ ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിലവിലുള്ള കമ്മിറ്റിക്ക് ഭരണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവായി. ഉത്സവം നടത്താനുള്ള അവകാശം എൻ. രാഘവൻ പ്രസിഡണ്ടായ നിലവിലുള്ള കമ്മിറ്റിക്കാണെന്ന് കേരള ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി. സിപിഎമ്മിന്റെയും മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് ഒ.കെ. വാസുവിന്റെയും സഹായത്തോടെ ക്ഷേത്രഭരണ പിടിച്ചെടുക്കാനുള്ള മലബാർ ദേവസ്വം ബോർഡ് നീക്കത്തിന് കോടതി വിധി കനത്ത തിരിച്ചടിയായി മാറിയെന്ന് സംഘപരിവാർ പ്രവർത്തകരായ ക്ഷേത്രം ഭാരവാഹികൾ ആരോപിച്ചു

കോടതി വിധിയോടെ ബോർഡിന് നിലവിൽ ക്ഷേത്രത്തിന്മേൽ യാതൊരു അവകാശവുമില്ലാതായി. മാർച്ച് 6 മുതൽ 9 വരെ മുത്തപ്പൻ മടപ്പുരയിൽ ഉത്സവം നടക്കാനിരിക്കേയാണ് കോടതി വിധി പുറത്ത് വന്നിരിക്കുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലുള്ള കമ്മിറ്റിക്കാണ് ക്ഷേത്രം ഭരണാവകാശം.

2021 നവംബർ മാസത്തിൽ ദേവസ്വം ബോർഡ് അധികൃതർ പൊലീസിന്റെ സഹായത്തോടെ പൂട്ട് തകർത്ത് ക്ഷേത്ര ഓഫീസ് പിടിച്ചെടുത്തിരുന്നു. ഭക്ത ജനങ്ങളുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് ക്ഷേത്രം പിടിച്ചെടുക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് ദേവസ്വം നടപടിക്കെതിരെ കേസ് കോടതിയിലെത്തുകയായിരുന്നു.

പൊയിലൂർ മടപ്പുര പിടിച്ചടക്കാനുള്ള സിപിഎം ഗൂഢാലോചനയാണ് കോടതിവിധിയിലൂടെ തകർന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ ആരോപിച്ചു.. പൊയിലൂർ മടപ്പുര പിടിച്ചെടുക്കുകയെന്നത് ഏറെക്കാലമായുള്ള സിപിഎമ്മിന്റെ പ്രധാന അജണ്ടയായിരുന്നുവെന്നും ഭാരവാഹികൾ ആരോപിച്ചു. എൻ. രാഘവൻ പ്രസിഡണ്ടും കെ.പി. സുരേഷ് സെക്രട്ടറിയുമായ കമ്മിറ്റിയാണ് ക്ഷേത്ര ഭരണം നടത്തി വരുന്നത്.