- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ സുവിധയുടെ പേരിലും തട്ടിപ്പ്; കോവിഡ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതറിയാതെ കോവിഡ് ടെസ്റ്റ് കിറ്റ് മെസേജുകളൂം വ്യാപകം; ലക്ഷ്യം യുകെയിൽ നിന്ന് നാട്ടിലേക്കു പറക്കാൻ ആഗ്രഹിക്കുന്നവരെ തന്നെ; അറിയാതെ കുടുക്കിൽ ചെന്ന് ചാടാൻ സാധ്യതയേറെ
ലണ്ടൻ: എപ്പോൾ എങ്ങനെ ഏതു വേഷത്തിൽ അവതരിക്കണം എന്ന് സംശയം ഇല്ലാത്തതു തട്ടിപ്പുകാർക്ക് മാത്രമാണ്. നേരിട്ടായാൽ മധുരവാക്കും പുഞ്ചിരിയുമായാണ് വരവെങ്കിൽ ഓൺലൈൻ ലോകത്തു അവർ ഏതൊക്കെ രൂപത്തിൽ ഭാവത്തിൽ എത്തിച്ചേരും എന്ന് ഈശ്വരന് പോലും പറയാനാകില്ല. യുകെ മലയാളികളെ തേടി ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത് എയർ സുവിധ തട്ടിപ്പുകാരാണ്.
കഴിഞ്ഞ രണ്ടു വർഷമായി നാട്ടിലേക്കു പോകാൻ കഴിയാതെയും കോവിഡ് നിയന്ത്രങ്ങളിലും വലഞ്ഞ യുകെ മലയാളികൾ ഏതു വിധത്തിൽ എങ്കിലും ഒന്ന് നാട്ടിലെത്തി പ്രിയപെട്ടവരെ കണ്ടാൽ മതിയെന്ന ആഗ്രഹത്തിൽ എത്തിച്ചേർന്നതോടെയാണ് എയർ സുവിധയുടെ വ്യാജ വേഷത്തിൽ അവതരിക്കാൻ തട്ടിപ്പുകാർക്ക് അവസരം ഒരുക്കിയത് .മുൻപ് ഇങ്ങനെ സംവിധാനം ഇല്ലാത്തതിനാൽ ആദ്യമായി ഓൺലൈനിൽ യാത്രാവിവരങ്ങൾ നൽകേണ്ട ഈ സംവിധാനം ഉപയോഗിക്കാൻ തട്ടിപ്പുകാർ അവിടെയും ഉണ്ടാകുമെന്നു സ്വപ്നത്തിൽ കരുതാത്തവരാണ് ഇവരുടെ ചതിയിലേക്കു നിഷ്‌കളങ്കമായി എത്തിച്ചേരുന്നത്.
ഇത് സംബന്ധിച്ചു ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തിലാണ് ഏതാനും ആഴ്ചകൾ മാത്രമായ ഈ തട്ടിപ്പിനെ കുറിച്ച് സൂചന ലഭിക്കുന്നത്. ബ്രിട്ടനിൽ കോവിഡ് സ്വതന്ത്ര പ്രഖ്യാപനം നടത്തുകയും ഇളവുകൾ യാത്രക്ക് അനുകൂലമാകുകയും ചെയ്തതോടെ ക്വറന്റൈൻ വേണ്ടെന്ന നിലപാടിൽ ഇന്ത്യയും എത്തി. ഇതോടെ യുകെയിൽ നിന്നും കേരളത്തിലേക്ക് ഉള്ളവരുടെ തള്ളിക്കയറ്റമാണ് ഇപ്പോൾ. ലണ്ടൻ - കൊച്ചി എയർ ഇന്ത്യയുടെ ആഴ്ചയിൽ മൂന്നു ദിവസമുള്ള സർവീസിൽ ഒന്നിൽ പോലും സീറ്റില്ലാത്ത നിലയാണ്. മറ്റു രാജ്യങ്ങൾ വഴിയുള്ള സർവീസിലും കനത്ത തിരക്ക് തന്നെയാണ്. യൂറോപ്യൻ വിമാനക്കമ്പനികൾ പോലും ലണ്ടൻ - കൊച്ചി റൂട്ടിൽ ഉള്ള ടിക്കറ്റ് നിരക്കുകൾ ഓൺലൈൻ പ്രൊമോഷനിൽ ഉൾപെടുത്തിയതും ഈ സാഹചര്യത്തിലാണ് .
ഇതോടെയാണ് ആയിരത്തോളം യാത്രക്കാർ ഓരോ ദിവസവും യുകെയിൽ നിന്നും കേരളത്തിലേക്ക് പറക്കുന്നുണ്ട് എന്ന വെളിപാടിൽ തട്ടിപ്പുകാർ എയർ സുവിധയുടെ വ്യാജ പോർട്ടൽ ഇറക്കി രംഗത്ത് എത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ വ്യാജം ആണെന്ന് അറിയാമെങ്കിലും ആദ്യമായി ഈ ലിങ്ക് ശ്രമിക്കുന്ന ഒരാൾക്ക് വ്യാജനെ തിരിച്ചറിയാനാകില്ല. ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി പേജിൽ മുന്നോട്ടു പോകുമ്പോഴാണ് ഈ സേവനത്തിനു നിങ്ങൾ സർവീസ് ചാർജ് നൽകണമെന്നു സൈറ്റിൽ സന്ദേശം പ്രത്യക്ഷപ്പെടുന്നത്.
എന്നാൽ ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ വെബ്സൈറ്റിൽ വിവരങ്ങൾ തേടുന്നതല്ലാതെ പണം ആവശ്യപ്പെടുന്നില്ല. ഇതോടെ സംശയം തോന്നിയ ലണ്ടനിൽ ഉള്ള മലയാളി വനിത ബ്രിട്ടീഷ് മലയാളിയിൽ ബന്ധപ്പെട്ടപ്പോഴാണ് വ്യാജനെ കുറിച്ചുള്ള സൂചനകൾ ലഭ്യമായത് .തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന കോവിഡ് പ്രോട്ടോകോളുകൾ സംബന്ധിച്ചുള്ള സംശയ നിവാരണത്തിൽ യാദൃശ്ചികമായാണ് ഇവർ എയർ സുവിധയുടെ കാര്യം ശ്രദ്ധയിൽ പെടുത്തിയതും തട്ടിപ്പിനെ കുറിച്ച് സൂചന ലഭിക്കാൻ ഇടയായതും.
ഒർജിനൽ ലിങ്ക് :https://www.newdelhiairport.in/airsuvidha/apho-registration
ഒർജിനൽ വെബ് സൈറ്റിന്റെ അഡ്രസ് ബാറിൽ ഡോട്ട് ഇൻ രേഖപെടുത്തിയിട്ടുള്ളപ്പോൾ വ്യാജന്മാർ ഡോട്ട് ഓർഗ്, ഡോട്ട് കോം മേൽ വിലാസത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒറ്റ നോട്ടത്തിൽ ഇവരെ തിരിച്ചറിയാൻ ഇതാണ് മാർഗം. മറ്റു വിവര ശേഖരണത്തിൽ ഒക്കെ ഏറെക്കുറെ സമാനതകളാണ് വ്യാജന്മാരും അവതരിപ്പിക്കുന്നത്. പല വ്യാജ സൈറ്റിലും വ്യത്യസ്തമായ നിരക്കുകളാണ് ആവശ്യപ്പെടുന്നത് എന്നതും ശ്രദ്ധേയം. ഈ ദിവസങ്ങളിൽ അനേകം ആളുകൾ യാത്ര ചെയ്യാനിരിക്കെ ഈ തട്ടിപ്പുകാരുടെ കെണിയിൽ വീഴാനുള്ള സാധ്യത ഏറെയായിരിക്കും എന്നും വ്യക്തമാണ്.
അതിനിടെ യുകെ മലയാളികളെ തേടി മറ്റൊരു തട്ടിപ്പും രംഗത്ത് എത്തിയതായി സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും സൂചന ലഭിച്ചു. കോവിഡ് ടെസ്റ്റ് കിറ്റുകൾ പണം നൽകി വാങ്ങണം എന്ന നിർദ്ദേശവുമായാണ് മൊബൈൽ ഫോണുകളിലേക്ക് വ്യാജ സന്ദേശങ്ങൾ എത്തുന്നത്. നിങ്ങൾ കോവിഡ് പോസിറ്റീവ് ആയ രോഗികളുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ടെന്നും ഉടൻ പരിശോധന നടത്താൻ കിറ്റുകൾ ലഭ്യമാണ് എന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
കോവിഡ് നിയന്ത്രണങ്ങളിൽ സമ്പൂർണ നിയന്ത്രണം വന്നെങ്കിലും ഇപ്പോഴും കെയർ ഹോമുകളും മറ്റും ജീവനക്കാരോട് ജോലിക്കെത്തും മുൻപ് സെൽഫ് ടെസ്റ്റ് ചെയ്യാൻ നിർബന്ധിക്കുന്നതിനാൽ ഇത്തരം മെസേജുകളിൽ പലരും കുടുങ്ങാനും സാധ്യതയുണ്ട്. നിലവിൽ എൻഎച്എസ് പരിശോധനകൾ സൗജന്യമായി തന്നെയാണ് നടക്കുന്നതും.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.