ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ ഗംഗ ദൗത്യം പുരോഗമിക്കുന്നതിനിടെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം ഡൽഹിയിൽ. കിഴക്കൻ യുക്രൈവനിലെ രക്ഷാ ദൗത്യം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മൂന്നാമതും ഉന്നത തല യോഗം വിളിച്ചത്.

കിഴക്കൻ യുക്രൈനിലെ നഗരങ്ങളിൽ മലയാളികളടക്കം നിരവധി പേർ കുടുങ്ങി കിടക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ റഷ്യ ശ്രമം തുടങ്ങിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാർ നൽകിയ റിപ്പോർട്ട് പരിശോധിച്ച പ്രധാനമന്ത്രി റഷ്യ വഴിയുള്ള ഒഴിപ്പിക്കൽ സാധ്യത വീണ്ടും വിലയിരുത്തി. രക്ഷാദൗത്യത്തിനായി സജ്ജമാകാൻ വ്യോമസനക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യൻ നിർമ്മിത ഐഎൽ 76 വിമാനം ഇതിനായി സജ്ജമാക്കിയതായി വ്യോമ സേന വൃത്തങ്ങൾ അറിയിച്ചു. റഷ്യയുടെ അനുമതി കിട്ടിയാൽ വിമാനങ്ങൾ പുറപ്പെടും.

ഇതിനിടെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ 130 ബസുകൾ റഷ്യ തയ്യാറാക്കിയതായി റഷ്യൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കർഖിവ്, സുമി എന്നിവിടങ്ങളിൽ കുടുങ്ങിയവരെ ബൽഗറോഡ് മേഖലവഴി രക്ഷപ്പെടുത്താനാണ് പദ്ധതിയെന്ന് റഷ്യൻ സർക്കാരിനെ ഉദ്ധരിച്ചാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ കർഖീവ്, പിസോച്ചിൻ സുമി തുടങ്ങിയ ഉക്രൈൻ നഗരങ്ങളിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. സുമിയിൽ 600 മലയാളി വിദ്യാർത്ഥികൾ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോർക്കയുടെ കണക്ക്. പിസോച്ചിനിലും മലയാളികൾ ഉൾപ്പടെ രക്ഷാകരത്തിനായി കാത്തിരിക്കുന്നത് ആയിരത്തിലേറെ ഇന്ത്യക്കാർ.

കിഴക്കൻ യുക്രൈനിൽ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറൻ യുക്രൈനിൽ എത്തിച്ചേർന്നാലും എവിടേക്ക് പോകണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഉള്ള ആശയക്കുഴപ്പമുണ്ടെന്നാണ് മലയാളികളിൽ നിന്നടക്കമുള്ള വിവരം. വിദേശകാര്യമന്ത്രാലയം നേരത്തെ നൽകിയ നമ്പറുകൾ പ്രവർത്തനക്ഷമമാണെന്ന വ്യാപക പരാതികൾ കിട്ടിയതായി കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി വേണു രാജാമണി ചൂണ്ടിക്കാട്ടുന്നു.