കീവ്: ആണവനിലയങ്ങൾ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യയെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി. റഷ്യയുടെ ആക്രമങ്ങൾ തടയാൻ സഖ്യകക്ഷികൾ ഇടപെടണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടു. റഷ്യയുടെ ആക്രമണം യൂറോപ്പിലാകെ ഭീഷണിയാണെന്ന് സെലൻസ്‌കി കുറ്റപ്പെടുത്തി.

ആണവ നിലയത്തിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ആണവ നിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം അന്വേഷിക്കുകയാണ് ലോകനേതാക്കൾ പ്രതികരിച്ചു.

സംഭവത്തെ തുടർന്ന് അമേരിക്കൻ പ്രഡിഡന്റ് ജോ ബൈഡൻ, സെലൻസ്‌കിയെ വിളിച്ചു സംസാരിച്ചു. തീപിടുത്തത്തിന്റെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. അധിനിവേശത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് രാവിലെയോടെയാണ് ആണവനിലയത്തിലേക്ക് റഷ്യ ആക്രമണം അഴിച്ച് വിട്ടത്. യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തിലേക്കാണ് റഷ്യ ആക്രമണം നടത്തിയത്.

ആണവനിലയത്തിൽ നിന്ന് തീയും പുകയും വരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുക്രൈന്റെ തെക്കൻ നഗരമായ എനർഹോദറിലെ സപറോഷ്യ എന്ന ആണവ നിലയത്തിലേക്കാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. നാല് വശത്ത് നിന്നും സപറോഷ്യ ആണവ നിലയം ആക്രമിക്കുകയായിരുന്നുവെന്നാണ് യുക്രൈൻ പറയുന്നത്. പിന്നാലെയാണ് സെലൻസ്‌കി വിഷയത്തിൽ പ്രതികരണവുമായി എത്തിയത്.