കീവ്: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടി ഒരാഴ്ച പിന്നിടുമ്പോൾ കിഴക്കൻ യുക്രൈനിലെ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളെ കേന്ദ്ര സർക്കാർ രക്ഷിക്കണമെന്ന അപേക്ഷയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ. ഹൃദയഭേദകമായ വീഡിയോ സന്ദേശം പങ്കുവച്ചാണ് ഒരുകൂട്ടം ഇന്ത്യൻ വിദ്യാർത്ഥികൾ രംഗത്തെത്തിയത്. സുമിയിൽ കുടുങ്ങിയിരിക്കുന്ന 100കണക്കിന് വിദ്യാർത്ഥികളാണ് തങ്ങളെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്.

കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ ഗംഗ ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കൻ യുക്രൈനിലെ നഗരങ്ങളിൽ മലയാളികളടക്കം നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. യുക്രൈൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ കർഖീവ്, പിസോച്ചിൻ സുമി തുടങ്ങിയ യുക്രൈൻ നഗരങ്ങളിലാണ് കൂടുതൽ പേരും കുടുങ്ങിക്കിടക്കുന്നത്. സുമിയിൽ 600 മലയാളി വിദ്യാർത്ഥികൾ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോർക്കയുടെ കണക്ക്. പിസോച്ചിനിലും രക്ഷാകരത്തിനായി കാത്തിരിക്കുന്നത് മലയാളികൾ ഉൾപ്പടെ ആയിരത്തിലേറെ ഇന്ത്യക്കാരാണ്.

കിഴക്കൻ യുക്രൈനിൽ നിന്ന് രക്ഷപ്പെട്ട് പടിഞ്ഞാറൻ യുക്രൈനിൽ എത്തിച്ചേരുന്നവർക്ക് എവിടേക്ക് പോകണമെന്നോ ആരെ ബന്ധപ്പെടണമെന്നോ ഉള്ള ആശയക്കുഴപ്പമുണ്ട്. വിദേശകാര്യമന്ത്രാലയം നേരത്തെ നൽകിയ ഫോൺ നമ്പറുകൾ പ്രവർത്തന ക്ഷമമല്ലെന്ന വ്യാപക പരാതികൾ ഉയർന്നിരുന്നു.

രക്ഷപ്പെടാൻ എത്തേണ്ട കാർകീവിലേക്ക് തങ്ങളുള്ള സ്ഥലത്ത് നിന്നും നാല്-അഞ്ച് മണിക്കൂർ നീണ്ട യാത്ര വേണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. കാർകീവിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോകാൻ വീണ്ടും 10 മണിക്കൂറോളം നീണ്ടുനിൽക്കുന്ന യാത്രയുണ്ട്. തലേദിവസം കനത്ത പോരാട്ടം നടന്ന ഇവിടെ ബോംബ് സ്ഫോടനവും ഷെല്ലിംഗും നടന്നതായി വിദ്യാർത്ഥികൾ വീഡിയോ സന്ദേശത്തിൽ പറയുന്നു.

പുറത്തിറങ്ങാൻ കഴിയില്ല. ട്രെയിനിൽ അതിർത്തിയിലേക്ക് മടങ്ങാൻ ആവശ്യമായ കാർകീവിലേക്ക് നിലവിൽ തങ്ങുന്ന സ്ഥലത്തു നിന്നും ഏറെ ദൂരം പോകേണ്ടതുണ്ട്. പുറത്ത് കടുത്ത മഞ്ഞും. ഇടയ്ക്കിടെ തോക്കുമായി സൈനികരും നിലയുറപ്പിച്ചിരിക്കുകയാണ്. തലേന്നത്തെ പോരാട്ടത്തിലെ സ്ഫോടന ശേഷം വൈദ്യുതിയും വെള്ളവും നിന്നു. ലഘുവായ ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയുണ്ടെന്ന് വിദ്യാർത്ഥികൾ സൂചിപ്പിച്ചു.

റഷ്യൻ അതിർത്തിയിലേക്ക് എത്താനാണ് സർക്കാർ അറിയിച്ചത്. എന്നാൽ മണിക്കൂറുകളുടെ യാത്രയാണ് ഇവിടെ നിന്നും അവിടേക്ക് വേണ്ടത്. അതുവരെ വാഹനം ലഭ്യമല്ല. അതിർത്തിയിലെത്താൻ കേന്ദ്ര സർക്കാർ ഇടപെട്ട് ബസ് ഏർപ്പെടുത്തണമെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇതുവരെയായും കേന്ദ്രത്തിന്റെ ഒരു സഹായം തങ്ങൾക്ക് ലഭിച്ചില്ലെന്നും ആരും തങ്ങളുടെ സുരക്ഷയെക്കുറിച്ച് ചോദിച്ചില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇങ്ങനെ പോയാൽ തങ്ങൾ മരിച്ചുപോകുമെന്നും പ്രധാനമന്ത്രി രക്ഷിക്കണമെന്നും അവർ അഭ്യർത്ഥിക്കുന്നു.

യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് എത്താൻ സഹായിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. തങ്ങൾക്ക് ഒരു സഹായവും ഇതുവരെയായി ലഭിച്ചിട്ടില്ല. ചില വിദേശ വിദ്യാർത്ഥികൾ ഇവിടെ നിന്ന് സ്വന്തം നിലയ്ക്ക് പുറത്തു കടക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് വെടിയേറ്റതായി വിദ്യാർത്ഥികൾ പറയുന്നു.

'ഞങ്ങൾ സർക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നു. ഇവിടെ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള റഷ്യൻ അതിർത്തിയിൽ ബസുകൾ കാത്തിരിക്കുന്നുണ്ടെന്ന് ചിലർ പറയുന്നു. പക്ഷേ ഞങ്ങൾക്ക് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നാല് ഭാഗത്ത് നിന്നും വ്യോമാക്രമണ ഭീഷണിയുണ്ട്. ഓരോ 20 മിനിറ്റിലും ബോംബാക്രമണം നടക്കുന്നു'- വിദ്യാർത്ഥികൾ പറയുന്നു.

ദയവായി ഞങ്ങളെ ഇവിടെ നിന്ന് രക്ഷിക്കണമെന്ന് നരേന്ദ്ര മോദി ജിയോട് അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ ഞങ്ങൾ കൊല്ലപ്പെടും. ഞങ്ങൾ ഇവിടെ നിന്ന് ഒറ്റയ്ക്ക് നടന്നാൽ കൊല്ലപ്പെടും. ദയവായി ഞങ്ങളെ സഹായിക്കൂ'- വിദ്യാർത്ഥി പറഞ്ഞു. ഭക്ഷണമോ, വെള്ളമോ കിട്ടാനില്ല. പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ഞങ്ങൾ ആകെ ഭയന്നിരിക്കുകയാണെന്നും വിദ്യാർത്ഥികൾ പറയുന്നു.

കിഴക്കൻ യുക്രൈനിലെ രക്ഷാ ദൗത്യം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മൂന്നാമതും ഉന്നത തല യോഗം വിളിച്ചു. രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാർ നൽകിയ റിപ്പോർട്ട് പരിശോധിച്ച പ്രധാനമന്ത്രി, റഷ്യ വഴിയുള്ള ഒഴിപ്പിക്കൽ സാധ്യത വീണ്ടും വിലയിരുത്തി. രക്ഷാദൗത്യത്തിന് സജ്ജമാകാൻ വ്യോമസനക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യൻ നിർമ്മിത ഐഎൽ 76 വിമാനം ഇതിനായി സജ്ജമാക്കിയതായി വ്യോമ സേന വൃത്തങ്ങൾ അറിയിച്ചു. റഷ്യയുടെ അനുമതി കിട്ടിയാൽ വിമാനങ്ങൾ പുറപ്പെടും.

ഇതിനിടെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ 130 ബസുകൾ റഷ്യ തയ്യാറാക്കിയതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കർഖിവ്, സുമി എന്നിവിടങ്ങളിൽ കുടുങ്ങിയവരെ ബൽഗറോഡ് മേഖലവഴി രക്ഷപ്പെടുത്താനാണ് പദ്ധതിയെന്ന് റഷ്യൻ സർക്കാരിനെ ഉദ്ധരിച്ചാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.